മിയാസിഖിെൻറ യാത്ര...അമരത്ത് ജീവനും അണിയത്ത് ജീവിതവുമായി
text_fieldsമിയാസിഖും ഭാര്യ മിരാജ് സിഖും സൈക്കിള്‍ റിക്ഷയിൽ
അമ്പലപ്പുഴ: അണിയത്ത് ജീവിതഭാരവും അമരത്ത് ജീവനുമായുള്ള മിയാസിഖിെൻറ യാത്ര തുടരുകയാണ്. കൊൽക്കത്ത സ്വദേശിയായ മിയാസിഖ് ഭാര്യ മിരാജ് സിഖുമായി 10 വര്‍ഷം മുമ്പാണ് ആലപ്പുഴയില്‍ എത്തിയത്. സൈക്കിള്‍ റിക്ഷ ചവിട്ടി കുടുംബം പുലര്‍ത്തിയിരുന്ന മിയാസിഖിന് ജനിച്ചമണ്ണില്‍ കഴിയണമെന്നത് തന്നെയായിരുന്നു ആഗ്രഹം.എന്നാല്‍, ദൈനംദിന ജീവിതം വഴിമുട്ടിയതോടെയാണ് കേരളത്തിലേക്ക് കുടുംബത്തോടൊപ്പം വണ്ടികയറിയത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപം ഒരു മുറി വാടകക്കെടുത്താണ് താമസം. രാവിലെ ഇരുവരും ഒന്നിച്ച് ആക്രിസാധനങ്ങള്‍ ശേഖരിക്കാന്പോകും. പോകുമ്പോള്‍ ഉച്ചഭക്ഷണം കരുതും. ആക്രിപെറുക്കി വിറ്റാല്‍ 400 മുതല്‍ 500 രൂപവരെ കിട്ടുമെന്ന് മിയാസിഖ് പറയുന്നു. ഒാരോദിവസം വിവിധ പ്രദേശങ്ങളിലാണ് യാത്ര. ഇവരുടെ വരവ് പ്രതീക്ഷിച്ച് പഴയസാധനങ്ങളും പ്ലാസ്റ്റിക് കുപ്പികളും മാറ്റിവെക്കുന്നവരുണ്ട്.
നാട്ടില്‍ രാത്രി എട്ടുവരെ റിക്ഷ ചവിട്ടിയാല്‍ 100 മുതല്‍ 150 രൂപവരെയാണ് കിട്ടിയിരുന്നത്. ഇവിടെ വരുന്നതിന് മുമ്പ് തമിഴ്നാട്ടില്‍ അഞ്ചുവര്‍ഷത്തോളം റിക്ഷ ജോലി ചെയ്തിരുന്നു. എന്നാല്‍, ദിവസം തള്ളിവിടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ഇവിടെ വന്ന ശേഷമാണ് സന്തോഷത്തോടെ കുടുംബജീവിതം നയിക്കാനായതെന്ന് മിയാസിഖ് പറയുന്നു