പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ അഭിമാനമായി സൈനുദ്ദീൻ
text_fieldsസൈനുദ്ദീൻ
കാസർകോട്: പാരാസ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് അഭിമാനമായി ചെമ്മനാട് സ്വദേശി സൈനുദ്ദീൻ. സെപ്റ്റംബർ 13ന് തൃശൂരിൽ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന സംസ്ഥാന പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയത്.
നവംബർ 15 മുതൽ 18 വരെ ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ദേശീയ ചാമ്പ്യൻഷിപ്. 58കാരനായ ടി.എ. സൈനുദ്ദീൻ തൊഴിൽരഹിതനായ ഭിന്നശേഷിക്കാരനാണ്. യാത്രക്കും താമസത്തിനും ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായി 50000 രൂപവരെ ചെലവുണ്ട്.
ചാമ്പ്യൻഷിപ്പിലേക്കുള്ള യാത്രയിൽ മുഴുവൻ തുകയും സ്വന്തമായി കണ്ടെത്താനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ നിർദേശം. വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുക്കുന്ന 20 പേർ അടങ്ങുന്ന സംഘമാണ് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ തയാറായിട്ടുള്ളത്.
ഡിഫെറെന്റ്ലി ഏബ്ൾഡ് പീപ്ൾസ് ലീഗ് (ഡി.എ.പി.എൽ) ജില്ല ജനറൽ സെക്രട്ടറിയാണ് സൈനുദ്ദീൻ. കാസർകോട് മുനിസിപ്പൽ പ്രദേശങ്ങളിലും ചെമ്മനാട് പഞ്ചായത്ത് പ്രദേശങ്ങളിലും ചന്ദ്രഗിരിപുഴയിലെ അപകട സമയങ്ങളിലും സഹായിയായി പ്രവർത്തിക്കാറുണ്ട്.
സംസ്ഥാന മത്സരത്തിൽ നേടിയതുപോലെയുള്ള വിജയം ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിലും നേടണമെന്നാണ് ആഗ്രഹമെന്ന് സൈനുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പൊതുപ്രവർത്തകൻ നാസർ ചെർക്കളം, ബേവി മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ ഹാജി ചെമ്മനാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

