11 കാരനെ രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാക്കൾക്ക് അഭിനന്ദനപ്രവാഹം
text_fieldsജാസ്മിന്, ഇമാമുദ്ദീന്‍
പൂന്തുറ: ചേരിയാമുട്ടത്തിനു സമീപം പളളിക്ക് പുറകുവശത്തായി രണ്ട് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി കഴിഞ്ഞദിവസം തിരയില്‍പ്പെട്ട് മരിച്ച പൂന്തുറ സെന്റ് തോമസ് കോളനിയില്‍ അന്താണി അടിമയുടെയും സ്മിതയുടെയും മകന്‍ അഖിലിനെ (11) രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയംവെച്ച് കടലിലേക്ക് എടുത്തുചാടിയ വിഴിഞ്ഞം സ്വദേശികളായ ജാസ്മിനും ഇമാമുദ്ദീനും നാട്ടുകാരുടെ അഭിനന്ദനപ്രവാഹം. ബുനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനായ അഖില്‍ കൂട്ടുകാര്‍ക്കെപ്പം കടലിലിറങ്ങുകയും ശക്തമായ തിരയില്‍ മുങ്ങിത്താഴുകയും ചെയ്തത്.
ഉടന്‍ സമീപവാസികളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഖിലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വേളയിലാണ് വിഴിഞ്ഞം സ്വദേശികളും ചിപ്പിത്തൊഴിലാളികളുമായ ജാസ്മിനും ഇമാമുദ്ദീനും സംഭവം അറിയുന്നത്. ഉടന്‍ രണ്ടുപേരും ഇരുചക്രവാഹനത്തില്‍ പാഞ്ഞെത്തി പൂന്തുറയിലെ കടലില്‍ എടുത്തുചാടുകയായിരുന്നു.ഇവരുടെ കൈയില്‍ ലേസര്‍ ലൈറ്റ് ഉള്‍പ്പെടെ ആഴക്കടല്‍ നിരീക്ഷണത്തിനായുളള കണ്ണാടിയുമുണ്ടായിരുന്നു.
കടലിന്റെ അടിത്തട്ടില്‍ മാലിന്യം കാരണം ആദ്യം തെരച്ചിലിന് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് സംഭവം നടന്നയുടന്‍ അഖിലിനെ കണ്ടെത്താന്‍ കഴിയാതിരുന്നത്. എന്നാല്‍ ജാസ്മിനും ഇമാമുദ്ദീനും കടലില്‍ ചാടി 5 മിനിറ്റിനുളളില്‍ തന്നെ അഖിലിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കരയ്‌ക്കെത്തിച്ചപ്പോള്‍ യുവാക്കള്‍ക്ക് നിരാശയാണ് അനുഭവപ്പെട്ടത്. അപ്പോഴേക്കും അഖിലിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഖിലിനെ കരക്കെത്തിച്ച ഉടന്‍ ഇരുവരും നിരാശയോടെ മടങ്ങി. ഇതിനുശേഷം പൂന്തുറ കൗണ്‍സിലര്‍ ശ്രുതി മോള്‍ ഈ രണ്ട് യുവാക്കളും ആരാണെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബീമാപളളിയില്‍ നിന്നു വന്ന ചിപ്പിത്തൊഴിലാളികള്‍ എന്ന തെറ്റായ വാര്‍ത്തയായിരുന്നു അറിഞ്ഞത്. അഖിലിന്റെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ശ്രൂതി മോളാണ് കോസ്റ്റല്‍ പൊലീസില്‍ നിന്നും വിഴിഞ്ഞത്തുനിന്നെത്തിയ യുവാക്കളാണ് അഖിലിനെ കടലില്‍ നിന്ന് എടുത്തതെന്ന് അറിയിച്ചത്. തുടര്‍ന്ന് ജാസ്മിനെയും ഇമാമുദ്ദീനെയും കൗണ്‍സിലര്‍ വിളിച്ച് അഭിനന്തനം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്. ഇവര്‍ കടലില്‍ ചാടി അഖിലിനെ കണ്ടെടുക്കാതിരുന്നെങ്കില്‍ അഖിലിന്റെ ശരീരം ഒരു പക്ഷേ ഒരിക്കലും കിട്ടില്ലായിരുന്നു എന്ന വിശ്വാസത്തിലായിരുന്നു പൊലീസും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

