അർബുദ രോഗികൾക്ക് മുടി ദാനംചെയ്ത് യുവാവ്
text_fieldsമനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അംഗം കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി അർബുദ രോഗികൾക്ക് ദാനം ചെയ്തു.
ബി.ഡി.കെ ജനറൽ സെക്രട്ടറി റോജി ജോൺ, ബി.ഡി.കെ ചെയർമാനും കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറിയുമായ കെ.ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട് മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് അദ്ദേഹം നേരിട്ട് കൈമാറുകയായിരുന്നു. സേഫ്റ്റി ഓഫിസറായി ജോലി നോക്കുന്ന അദ്ദേഹം 31 സെന്റിമീറ്റർ നീളത്തിൽ വളർത്തിയ മുടിയാണ് മുറിച്ചുനൽകിയത്.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗ്ഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് നൽകാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാക്കി വേണം കാൻസർ സൊസൈറ്റിക്ക് കൈമാറാൻ.

