ഖത്തർ ലോകകപ്പ് വളന്റിയറായി യാസിർ
text_fieldsശാന്തപുരം: ഖത്തർ ലോകകപ്പ് മത്സരങ്ങളിൽ ഫിഫയുടെ വളന്റിയർ കുപ്പായമണിഞ്ഞ് പെരിന്തൽമണ്ണ ശാന്തപുരം സ്വദേശിയുമുണ്ടാവും. മുള്ള്യാകുർശ്ശി മേൽമുറിയിലെ മാട്ടുമ്മതൊടി യാസിറാണ് മൂന്ന് മാസത്തോളം നീണ്ട അഭിമുഖത്തിന് ശേഷം വളന്റിയറായത്. 11 വർഷമായി ഖത്തറിൽ നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ വളന്റിയർ യൂനിഫോമണിഞ്ഞ യാസിർ ഗൾഫ് കപ്പ്, ലോക ക്ലബ് ഫുട്ബാൾ, ആമീർ കപ്പ്, അറബ് കപ്പ് തുടങ്ങിയവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോകകപ്പിന് നാല് ലക്ഷത്തിലധികം അപേക്ഷരിൽനിന്ന് 20,000 വളന്റിയർമാരെ തെരഞ്ഞെടുക്കാനുള്ള ഫിഫയുടെ 500 അംഗ പയനിയർ വളന്റിയർമാരിലും അംഗമാവാൻ സാധിച്ചു. വിവിധ രാജ്യങ്ങളിലെ വളന്റിയർ സേവനത്തിന് തയാറായവരെ അഭിമുഖം നടത്തുന്നതും അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുന്നതും വ്യത്യസ്ത അനുഭവമായിരുന്നു.
തുടർന്ന് തെരഞ്ഞെടുത്ത 20,000 വളന്റിയർമാർക്കുള്ള പരിശീലനത്തെ സപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുത്ത 32 വളന്റിയർമാരിലും ആദ്യമായി ലോകകപ്പ് വളന്റിയർ യൂനിഫോമണിഞ്ഞ് സേവനം ചെയ്യാൻ സാധിച്ചു. ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും വിവിധ ടൂർണമെന്റുകളിലായി വളന്റിയർ സേവനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഫൈനലും സെമിഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കുന്ന ലൂസൈൽ സ്റ്റേഡിയത്തിൽ സ്പെക്ടേറ്റർ സർവിസ് വളന്റിയറായി യാസിറുമുണ്ടാവും. ഖത്തറിലെ അൽ റയ്യാൻ ബാങ്കിലെ ജോലി തിരക്കിനിടയിലാണ് ഒരോ മേളകളിലും വളന്റിയർ കുപ്പായമണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

