ഷെറിയുടെ സത്യസന്ധതക്ക് തിളക്കമേറെ
text_fieldsഷെറി പണം ഉടമക്ക് കൈമാറുന്നു
മനാമ: കളഞ്ഞുകിട്ടിയ പണം ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി മാതൃകയായി മലയാളി. മനാമ മാർക്കറ്റിലെ നയീം ആശുപത്രിക്കു സമീപമുള്ള ഷോപ്പിലെ ജീവനക്കാരനായ ഷെറിയാണ് പണം തിരികെ നൽകിയത്. മനാമ മാർക്കറ്റിലെ വ്യാപാരി ലത്തീഫിന്റെ പണമാണ് നഷ്ടപ്പെട്ടത്. വ്യാപാരാവശ്യത്തിന് കരുതിയ 500 ദീനാറോളം വരുന്ന തുക മാർക്കറ്റിനു സമീപത്തുവെച്ച് കളഞ്ഞുപോകുകയായിരുന്നു.
പണം കിട്ടിയ ഷെറി ഇക്കാര്യം സമീപത്തുള്ള മറ്റു വ്യാപാരികളെ അറിയിച്ചു. എം.സി.എം.എയുടേതടക്കം വാട്സ്ആപ് ഗ്രൂപ്പുകളിലും പണം കളഞ്ഞുകിട്ടിയതായി പോസ്റ്റിട്ടു. ഇങ്ങനെയാണ് പണം നഷ്ടപ്പെട്ടയാളെ കണ്ടെത്തിയത്. ഷെറി ജോലി ചെയ്യുന്ന ഷോപ്പിലെത്തി ലത്തീഫ് പണം സ്വീകരിച്ചു. ഷെറിയുടെ സത്യസന്ധതയെ അഭിനന്ദിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

