Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right43 വർഷത്തെ...

43 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; സേവനസ്മരണകളുമായി യാഹുമോൻ ഹാജി നാട്ടിലേക്ക്

text_fields
bookmark_border
43 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; സേവനസ്മരണകളുമായി യാഹുമോൻ ഹാജി നാട്ടിലേക്ക്
cancel
camera_alt

യാ​ഹു​മോ​ൻ ഹാ​ജി

ദുബൈ: നാലുപതിറ്റാണ്ടിലേറെ നീണ്ട യു.എ.ഇ പ്രവാസജീവിതത്തിന് വിരാമമിട്ട്, സേവനവും സൗഹൃദവും മനുഷ്യസ്നേഹവും അടയാളപ്പെടുത്തിയ ഓർമകളുമായി ചെമ്മുക്കൻ യാഹുമോൻ എന്ന കുഞ്ഞുമോൻ നാട്ടിലേക്ക് മടങ്ങുന്നു. ദുബൈ രാജകുടുംബത്തിന്റെ സേവകനായി 43 വർഷം പ്രവർത്തിച്ച അദ്ദേഹം, പ്രവാസലോകത്ത് നേടിയ അനുഭവങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം മനുഷ്യർക്ക് കൈത്താങ്ങായതിന്റെ ആത്മസംതൃപ്തിയും നെഞ്ചിലേറ്റിയാണ് മടക്കം. 1983ൽ അനുജൻ ബഷീർ ഹാജി അയച്ച വിസയിൽ മുംബൈയിൽ നിന്ന് വിമാനം കയറി ഷാർജയിൽ ഇറങ്ങിയതോടെയാണ് യാഹുമോൻ ഹാജിയുടെ പ്രവാസജീവിതം ആരംഭിക്കുന്നത്. തുടർന്ന് മുൻ ദുബൈ ഉപഭരണാധികാരിയും സാമ്പത്തിക കാര്യമന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്റെ സേവനത്തിലേക്ക് കടന്ന അദ്ദേഹം, നീണ്ട പ്രവാസകാലം അർപ്പണബോധത്തോടെയും വിശ്വാസ്യതയോടെയും നിർവഹിച്ചു.

ചെറുപ്പം മുതൽ തന്നെ നാട്ടിലെ സാംസ്‌കാരിക–രാഷ്ട്രീയ–ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്ന യാഹുമോൻ, ദുബൈയിലെത്തിയ രണ്ടാം ദിവസം തന്നെ യു.എ.ഇയിലെ കെ.എം.സി.സിയുടെ മുൻകാല മുഖമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വ്യവസായി സി.പി. ബാവ ഹാജിയുടെ നേതൃത്വത്തിലാണ് സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായത്. തുടർന്ന് വർഷങ്ങളായി ദുബൈ കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളിൽ സാധാരണ പ്രവർത്തകനായും ഭാരവാഹിയായും സേവനമനുഷ്ഠിച്ചു. നിലവിൽ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം, രണ്ടുതവണ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസകാലം മുഴുവൻ നാട്ടിലും മറുനാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പലർക്കും ആശ്വാസമായതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം സ്വദേശത്തേക്ക് മടങ്ങുന്നത്.

മലപ്പുറം കോട്ടക്കൽ പുലിക്കോട് സ്വദേശിയായ യാഹുമോൻ ഹാജി, ആ പ്രദേശത്തെ പ്രമുഖ തറവാടായ ചെമ്മുക്കൻ വീട്ടിലാണ് ജനിച്ചത്. പിതാവ് മൊയ്തു ഹാജി. 52 വർഷമായി പ്രവർത്തിച്ചുവരുന്ന യു.എ.ഇ പുലിക്കോട് മഹല്ല് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരികളിലൊരാളാണ്. കോട്ടക്കൽ രാജാസ് സ്കൂളിലും എം.ഇ.എസ് മമ്പാട് കോളജിലും പഠനകാലത്ത് എം.എസ്.എഫിലൂടെ പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന യാഹുമോൻ ഹാജി, ആ സാമൂഹിക ഇടപെടലുകളുടെ തുടർച്ച പ്രവാസജീവിതത്തിലും നിലനിർത്തി. പൗരപ്രമുഖനായിരുന്ന ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജിയുടെ മകൾ മുംതാസ് ആണ് ഭാര്യ. മൂന്നു മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMemoriesback to homepravasi life
News Summary - Yahumon Haji returns home with memories of service after 43 years of exile
Next Story