തിരൂർ: ഖത്തറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ ഫുട്ബാൾ മാമാങ്കത്തിന് ഞായറാഴ്ച വിസിൽ മുഴങ്ങിയപ്പോൾ, ഇതേ സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ തൊഴിലാളിയായും ഇപ്പോൾ സംഘാടനത്തിലും പങ്കാളിയായതിന്റെ ആവേശത്തിലാണ് തിരൂരുകാരൻ. പൂഴിക്കുന്ന് തിരുത്തുമ്മൽ വളപ്പിൽ റഹൂഫ് (46) ആണ് ലോകകപ്പിനായി എത്തുന്ന വി.വി.ഐ.പികളെ സ്വീകരിക്കാൻ ഫിഫ നിയോഗിച്ച പ്രത്യേക വളന്റിയറായി അൽബെയ്ത് സ്റ്റേഡിയത്തിലുള്ളത്. ഏഴ് വർഷം മുമ്പ് ഈ സ്റ്റേഡിയത്തിന്റെ പണി നടക്കുമ്പോൾ തൊഴിലാളിയായി...
തിരൂർ: ഖത്തറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ ഫുട്ബാൾ മാമാങ്കത്തിന് ഞായറാഴ്ച വിസിൽ മുഴങ്ങിയപ്പോൾ, ഇതേ സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ തൊഴിലാളിയായും ഇപ്പോൾ സംഘാടനത്തിലും പങ്കാളിയായതിന്റെ ആവേശത്തിലാണ് തിരൂരുകാരൻ. പൂഴിക്കുന്ന് തിരുത്തുമ്മൽ വളപ്പിൽ റഹൂഫ് (46) ആണ് ലോകകപ്പിനായി എത്തുന്ന വി.വി.ഐ.പികളെ സ്വീകരിക്കാൻ ഫിഫ നിയോഗിച്ച പ്രത്യേക വളന്റിയറായി അൽബെയ്ത് സ്റ്റേഡിയത്തിലുള്ളത്.
ഏഴ് വർഷം മുമ്പ് ഈ സ്റ്റേഡിയത്തിന്റെ പണി നടക്കുമ്പോൾ തൊഴിലാളിയായി അതിന്റെ ഭാഗമായിരുന്നു റഹൂഫ്. സ്റ്റേഡിയത്തിൽ വെള്ളം നനച്ചും പിന്നീട് ടാങ്കർ ലോറിയിൽ ഡ്രൈവറായും നിർമാണത്തിന്റെ ഭാഗമായി. അന്ന് ഈ സ്റ്റേഡിയത്തിൽ ലോകകപ്പ് വരുമെന്നോ തനിക്കും അതിന്റെ ഭാഗമാകാൻ കഴിയുമെന്നോ ഈ ഫുട്ബാൾ ആരാധകൻ കണക്കുകൂട്ടിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ഒമ്പത് പ്രധാന മത്സരങ്ങൾ നടക്കുന്ന ഈ സ്റ്റേഡിയത്തിലെ പ്രധാന ചുമതലയുള്ള അംഗമായി മാറിയതിലെ സന്തോഷത്തിലാണ് റഹൂഫ്.
ഫിഫ അപേക്ഷ ക്ഷണിച്ചപ്പോൾ ആദ്യം തന്നെ നൽകി കാത്തിരുന്നു. എന്നാൽ, മറ്റു പലർക്കും അവസരങ്ങൾ ലഭിച്ചതായി അറിഞ്ഞപ്പോൾ പ്രതീക്ഷ അസ്തമിച്ചു. അവസാനമാണ് വി.വി.ഐ.പികൾ കളി കാണാൻ വരുന്ന സ്ഥലത്ത് നിയോഗിച്ചുകൊണ്ടുള്ള ഫിഫയുടെ ഉത്തരവ് വന്നത്. കടുത്ത ബ്രസീൽ ആരാധകനായ റഹൂഫിന് മുൻനിരയിൽനിന്ന് കളി കാണാനാകും എന്നതാണ് ഏറെ സന്തോഷം. പരിശീലനത്തിന്റെ ഭാഗമായി ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന മുഴുവൻ സ്റ്റേഡിയങ്ങളും റഹൂഫ് സന്ദർശിച്ചിരുന്നു.
അൽബെയ്ത് സ്റ്റേഡിയത്തിൽ കളിയില്ലാത്ത ദിവസങ്ങളിൽ ബ്രസീൽ ടീമിന്റെ മത്സരങ്ങൾ നടക്കുന്നയിടങ്ങളിൽ പോയി കളി കാണാനുള്ള ടിക്കറ്റ് റഹൂഫ് സംഘടിപ്പിച്ചിട്ടുണ്ട്.