ഉറക്കമില്ലാതായ രാവുകളുടെ ഓർമകളുമായി യൂനുസ്
text_fieldsമൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകുന്ന യൂനുസും (മുന്നിൽ ഇടത് ഭാഗത്ത്) സഹപ്രവർത്തകരും (ഫയൽ)
നിലമ്പൂർ: നാടിനെ നടുക്കിയ വയനാട് ദുരന്തം യൂനുസിന്റെ മനസ്സിൽ ഒരാണ്ട് പിന്നിടുമ്പോഴും മായാതെ കിടക്കുകയാണ്. എത്രയോ രാത്രികൾ ഉറങ്ങാനാവാതെ കണ്ണുതുറന്ന് കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് ജില്ല ട്രോമകെയർ ജില്ല നിർവാഹക സമിതി അംഗമായ രാമൻകുത്ത് സ്വദേശി യൂനുസ് പറയുന്നു. കണ്ണടക്കുമ്പോൾ പിഞ്ചു കുഞ്ഞുങ്ങളുൾപ്പടെയുള്ളവരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളാണ് തെളിഞ്ഞുവരുന്നത്. തേങ്ങലുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു.
ടൈലറിങ്ങാണ് യൂനുസിന് ഉപജീവനമാർഗം. പതിനാറ് വർഷമായി ട്രോമകെയർ സജീവ പ്രവർത്തകനാണ്. ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും നിലമ്പൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ച് സർജൻമാർക്ക് സഹായിയായി വിശ്രമമില്ലാതെ നിലകൊണ്ടു. ദുരന്തമുണ്ടായ വിവരം അറിഞ്ഞ് വയനാട്ടിലേക്ക് പോകാൻ ജൂലൈ 30ന് പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ യൂനുസ് സഹപ്രവർത്തകരെ കാത്തുനിന്നപ്പോഴാണ് മൃതദേഹങ്ങൾ ചാലിയാർ തീരത്ത് മുണ്ടേരിയിൽ കിട്ടിയെന്ന വിവരം അറിയുന്നത്. ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തി.
പിന്നീട് ഒന്നിനുപിറകെ ഓരോന്നായി മൃതശരീര ഭാഗങ്ങൾ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരുന്നു. ചെളിയും മണ്ണും പുതഞ്ഞ മൃതദേഹഭാഗങ്ങൾ യൂനുസും സഹപ്രവർത്തകരും കഴുകി വൃത്തിയാക്കി. ഓമനത്തം മാറാത്ത, തന്റെ മകളുടെ പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ മുഴുവനില്ലാത്ത ശരീരഭാഗം കണ്ട യൂനുസിന്റെ ചങ്ക് പിടഞ്ഞു. ചെളിയിൽ പുതഞ്ഞ മൃതശരീരഭാഗം കഴുകി വൃത്തിയാക്കി വെള്ള തുണിയിൽ പൊതിഞ്ഞ് വെള്ളകടലാസിൽ 179 നമ്പർ എഴുതി ഒട്ടിച്ച് പേവാർഡിൽ ഒരുക്കിയ അതെ നമ്പറിലെ ഫ്രീസറിൽ വെക്കുമ്പോൾ നെഞ്ചകം വിറക്കുന്നുണ്ടായിരുന്നു.
ചാലിയാർ തരുന്ന മൃതശരീരഭാഗങ്ങൾ കഴുകി വൃത്തിയാക്കി കടലാസിൽ നമ്പർ എഴുതി ഫ്രീസറിൽ വെക്കുകയും നമ്പർ വിളിക്കുമ്പോൾ മൃതദേഹവുമായി മോർച്ചറിയിലെത്തിക്കേണ്ടതുമായ ചുമതല വഹിച്ചിരുന്നതിൽ ഒരാളായിരുന്നു യൂനുസ്. വിശ്രമമില്ലാത്ത രാപകൽ സേവകനായി. ദുരന്തമുണ്ടായ 30ന് രാവിലെ ഏഴരക്ക് മോർച്ചറിയിൽ കയറിയ യൂനുസ് 180മത് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മേശയിൽ വെച്ച ശേഷമാണ് നാളുകൾക്ക് ശേഷം സ്വന്തം വീട്ടിലെത്തുന്നത്. മൃതദേഹങ്ങൾ കണ്ട മാനസിക സമ്മർദം താങ്ങാനാവാതെ കൗൺസിലിങ് നടത്തേണ്ടതായും വന്നു. യൂനുസിനും സഹപ്രവർത്തകരെയും ആദരിക്കാൻ നാട് മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

