വാറൻ ബഫറ്റ് പടിയിറങ്ങുമ്പോൾ
text_fieldsവാറൻ ബഫറ്റ്
ഓഹരി നിക്ഷേപത്തിന്റെ തലതൊട്ടപ്പനായ വാറൻ എഡ്വേഡ് ബഫറ്റ് ‘ബെര്‍ക്ഷയർ ഹാത്തവേ’ എന്ന നിക്ഷേപ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാണ് പിൻഗാമി. നിക്ഷേപകർക്ക് വിലപ്പെട്ട പാഠങ്ങൾ പകർന്നുനൽകിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. 11ാം വയസ്സിൽ ആദ്യത്തെ ഓഹരി നിക്ഷേപവും 14ാം വയസ്സിൽ ആദ്യ റിയൽ എസ്റ്റേറ്റ് നിക്ഷേപവും നടത്തിയ വാറൻ ബഫറ്റ് ഇതുസംബന്ധിച്ച് പറഞ്ഞത് താൻ വൈകിപ്പോയെന്നാണ്.
സ്വത്തിന്റെ പകുതിയിലേറെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി അദ്ദേഹം മാനവികതക്കും മഹാമാതൃകയായി. ലോകത്തിലെ ആറാമത്തെ ധനികനായ വ്യക്തിയായിട്ടും ലളിതജീവിതമാണ് അദ്ദേഹം നയിക്കുന്നത്. 1958ല്‍ 31,500 ഡോളറിന് വാങ്ങിയ അഞ്ച് മുറിയുള്ള വീട്ടിലാണ് ഇപ്പോഴും താമസം. ഉപയോഗിക്കുന്നത് പഴയ കാറും. ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടിയാൽ ആവശ്യമുള്ളത് പോലും പിന്നീട് വിൽക്കേണ്ടിവരുമെന്നാണ് ബഫറ്റിന്റെ അഭിപ്രായം.
വേറിട്ട നിക്ഷേപ തന്ത്രങ്ങൾ
‘എല്ലാവരും ഓഹരി വിൽക്കാൻ ഓടുമ്പോൾ നിങ്ങൾ വാങ്ങുക, എല്ലാവരും വാങ്ങാൻ ആർത്തി കാട്ടുമ്പോൾ നിങ്ങൾ വിൽക്കുക’ ഇതായിരുന്നു വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രം. എന്തെങ്കിലും അനിശ്ചിതത്വമുണ്ടായി ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ ബഫറ്റ് നല്ല കമ്പനി ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങിക്കൂട്ടും. ഉയർന്ന വിലയിലെത്തിയാൽ ലാഭമെടുത്ത് വിറ്റൊഴിയും. ഉള്ള പൈസയെല്ലാം വിപണിയിലിടാതെ അനുകൂല സാഹചര്യം വരുന്നതുവരെ കാത്തിരിക്കുകയെന്നതും ബഫറ്റിന്റെ തന്ത്രമാണ്.
കഴിഞ്ഞ വർഷം നാലുലക്ഷം കോടി രൂപ അദ്ദേഹം പണമായി സൂക്ഷിച്ച വാർത്ത വന്നിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒക്ടോബർ മുതൽ വിപണി ഇടിഞ്ഞത് ബഫറ്റിനെ കാര്യമായി ബാധിച്ചില്ല. ട്രെൻഡ്, സ്വീകാര്യത എന്നിവയേക്കാൾ ബിസിനസ് മോഡലിന്റെ സാധ്യതയും മാനേജ്മെന്റിന്റെ വിശ്വാസ്യതയും പ്രാപ്തിയും, ഓഹരിവിലയിലെ ആകർഷകത്വം എന്നിവക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. വാല്യൂ ഇൻവെസ്റ്റ്മെന്റിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ട്രെൻഡിൽ വന്നിട്ടില്ലാത്ത നല്ല ചെറുകിട ഇടത്തരം കമ്പനി സ്റ്റോക്കുകൾ കുറഞ്ഞ വിലക്ക് വാങ്ങിയത് അദ്ദേഹത്തിന് വലിയ സാമ്പത്തിക മെച്ചം നൽകി. വളർച്ചാ സാധ്യതയുള്ള കമ്പനികളിലെ ദീർഘകാല നിക്ഷേപമായിരുന്നു വാറൻ ബഫറ്റിന്റെ നിക്ഷേപ രീതി.
അതിശയിപ്പിക്കുന്ന വളർച്ച
യു.എസ് കോൺഗ്രസ് അംഗവും ബിസിനസുകാരനുമായ ഹോവാർഡ് ബഫറ്റിന്റെ മകനായി 1930ൽ നെബ്രാസ്കയിലെ ഒമാഹയിലാണ് വാറൻ ബഫറ്റ് ജനിച്ചത്. പിതാവ് സ്റ്റോക്ക് ബ്രോക്കറും ബിസിനസുകാരനുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ തണലിൽ സുഖിച്ച് ജീവിക്കാൻ വാറൻ ബഫറ്റ് താൽപര്യം കാണിച്ചില്ല. ബാല്യകാലത്ത് അദ്ദേഹം ച്യൂയിങ്ഗം, കൊക്കകോള, ആഴ്ചപ്പതിപ്പുകൾ എന്നിവ വീടുതോറും കയറി വിറ്റു. പത്രം വിതരണം ചെയ്തും ഗോൾഫ് ബാളുകളും സ്റ്റാമ്പുകളും വിറ്റും പണം സമ്പാദിച്ചു. മുത്തച്ഛന്റെ പലചരക്ക് കടയിൽ ജോലി ചെയ്തു.
ബിസിനസിലും നിക്ഷേപത്തിലും വാറന്റെ താൽപര്യം വളർത്താൻ പിതാവ് ശ്രമിച്ചു. പത്തുവയസ്സുള്ളപ്പോൾ ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ച് കാണാൻ കൊണ്ടുപോയി. 11 വയസ്സുള്ളപ്പോൾ സിറ്റീസ് സർവിസ് പ്രിഫേഡിന്റെ മൂന്ന് ഓഹരി വാങ്ങി. 14ാം വയസ്സിലാണ് ആദ്യമായി ഭൂമി വാങ്ങുന്നത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് അതേ വർഷത്തിലാണ്. കോളജ് പഠനം പൂർത്തിയാവുമ്പോഴേക്ക് 9800 ഡോളർ അദ്ദേഹം സമ്പാദിച്ചിരുന്നു. ഇന്ന് ഇതിന് ഏകദേശം 1,30,000 ഡോളർ (1.11 കോടി
രൂപ മൂല്യം കണക്കാക്കാം.
നേരത്തെ തന്നെ ബിസിനസിലും നിക്ഷേപത്തിലും മുഴുകാനായി കോളജ് പഠനത്തിൽ വാറൻ ബഫറ്റ് താൽപര്യം കാണിച്ചില്ലെങ്കിലും പിതാവ് നിർബന്ധിച്ച് പഠിക്കാനയച്ചു. അങ്ങനെയെത്തിയ കൊളംബിയ ബിസിനസ് സ്കൂളിൽ പഠിക്കുമ്പോൾ അവിടെ അധ്യാപകനായിരുന്ന ബെഞ്ചമിൻ ഗ്രഹാം മുന്നോട്ടുവെച്ച വാല്യു ഇൻവെസ്റ്റിങ് (ആന്തരിക മൂല്യത്തിന് പ്രാധാന്യം) ആശയത്തിൽ ബഫറ്റ് ആകൃഷ്ടനായി.
പിന്നീട് ഗ്രഹാം, ബഫറ്റിന്റെ ബിസിനസ് പങ്കാളിയായി. 32ാം വയസ്സിൽ കോടീശ്വരനായ ബഫറ്റ് 1990ൽ തന്റെ 60ാം വയസ്സിൽ ശതകോടീശ്വരനാവുകയും 2008ൽ 78ാം വയസ്സിൽ ലോകത്തെ ഏറ്റവും സമ്പന്ന വ്യക്തിയാവുകയും ചെയ്തു. ഫോബ്സ് മാസികയുടെ 2025 മേയ് ലക്കത്തിലെ കണക്കനുസരിച്ച് 15970 കോടി യു.എസ് ഡോളറാണ് (13.63 ലക്ഷം കോടി രൂപയിലധികം) അദ്ദേഹത്തിന്റെ ആസ്തി.
വാറൻ ബഫറ്റിന്റെ വാക്കുകൾ
- ക്ഷമയില്ലാത്തവരുടെ പണം ക്ഷമയുള്ളവരുടെ കൈയിൽ എത്തിക്കുന്ന ഇടമാണ് ഓഹരിവിപണി
- ഒരു ഗംഭീര കമ്പനിയുടെ ഓഹരി അമിതവിലയിൽ വാങ്ങുന്നതിനേക്കാൾ നല്ലത് തരക്കേടില്ലാത്ത കമ്പനികളുടെ ഓഹരി കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതാണ്
- ബിസിനസ് നന്നായി നടക്കുന്നുവെങ്കിൽ ഓഹരി വില പിറകേ വരും
- സത്യസന്ധത വിലയേറിയ സമ്മാനമാണ്. വില കുറഞ്ഞ ആളുകളിൽനിന്ന് അത് പ്രതീക്ഷിക്കരുത്
- നിങ്ങൾ എത്ര പ്രതിഭയുള്ളവരായാലും, എത്ര പരിശ്രമിച്ചാലും ചില കാര്യങ്ങൾക്ക് അതിന്റേതായ സമയമെടുക്കും. ഒമ്പത് സ്ത്രീകൾ ഒരുമിച്ച് ഗർഭിണിയായാലും ഒരു മാസം കൊണ്ട് കുഞ്ഞിനെ ലഭിക്കില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

