ഏഷ്യൻ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ്ങിൽ വേലായുധന് സുവർണ നേട്ടം
text_fieldsഏഷ്യൻ മാസ്റ്റേഴ്സ് പവർലിഫ്റ്റിങിൽ സ്വർണ മെഡൽ നേടിയ വേലായുധൻ
മുട്ടിക്കുളങ്ങര: ഏഷ്യൻ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ്ങിൽ സുവർണ നേട്ടവുമായി പാലക്കാട് സ്വദേശി. മുട്ടിക്കുളങ്ങര കടമ്പടിപുരയിൽ വേലായുധനെന്ന 71 വയസുകാരനാണ് പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി ഇന്ത്യക്കായി മെഡൽകൊയ്തത്. തുർക്കിയിലെ ഇസ്തംബുളിൽ നടന്ന മത്സരത്തിൽ 59 കിലോഗ്രാം വിഭാഗത്തിൽ 145 കിലോഗ്രാം ഭാരം ഉയർത്തിയാണ് വേലായുധൻ ഈ ബഹുമതി കൈവരിച്ചത്.
1980കളിൽ കേരളത്തിലെ വെയ്റ്റ് ലിഫ്റ്റർമാരിൽ പ്രമുഖനായിരുന്നു വേലായുധൻ. ചിട്ടയായ പരിശീലനം ഇല്ലാതിരുന്നിട്ടും സൗത്ത് സോണിൽ കേരളത്തിനായി മെഡൽ നേടിയിരുന്നു. തുടർന്നു ദേശീയ മത്സരത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ കായികരംഗം വിട്ട് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷനിൽ ജോലിക്ക് ചേർന്നു. 11 വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ചത്. വിശ്രമ ജീവിതത്തിനിടയിൽ മക്കളുടെ പ്രോത്സാഹനത്തിലാണ് മൂന്നു വർഷം മുൻപു മുട്ടിക്കുളങ്ങരയിലെ എഫ് വൺ ജിമ്മിൽ പരിശീലനത്തിന് ചേർന്നത്.
തുടർന്നു സംസ്ഥാന മാസ്റ്റേഴ്സിൽ തുടക്കം കുറിച്ചു. ദേശീയ മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ രണ്ടു തവണ റെക്കോർഡ് തകർത്തു. ദേശീയ ബെഞ്ച്‌പ്രസ് ചാംപ്യൻഷിപ്പിൽ മെഡൽ നേടി. ഇതോടെ ലോക മാസ്റ്റേഴ്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. എന്നാൽ പാസ്പോർട്ട് കിട്ടാൻ വൈകിയത് കാരണം മത്സരത്തിന് പോയില്ല. തുടർന്നാണ് ഇസ്തംബൂളിലെ ഏഷ്യൻ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ്ങിൽ പങ്കെടുത്തതെന്ന് ഇദ്ദേഹം പറഞ്ഞു. വടംവലി ദേശീയ താരമായിരുന്ന മകൾ പ്രിയ പരിശീലനത്തിന് ഒപ്പമുണ്ടായിരുന്നു. ഭാര്യ ഇന്ദിര, മറ്റു മക്കളായ രമ്യ, രശ്മി എന്നിവരുടെ പ്രോത്സാഹനവും വേലായുധന് പ്രചോദനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

