'തലതിരിഞ്ഞൊരു' ചിത്രകാരൻ
text_fieldsവലീദ് ചിത്രരചനയിൽ
ചിത്രം വരയ്ക്കുന്ന ഒരുപാടുപേർ നമുക്ക് സുപരിചിതരാണ്. എന്നാൽ, തലകുത്തി ചിത്രം വരയ്ക്കുന്നവർ അപൂർവം. വ്യത്യസ്തമായ ചിത്രംവരയിലൂടെ ശ്രദ്ധേയനാവുകയാണ് പത്തപ്പിരിയം സ്വദേശി വലീദ്.
പെൻസിൽ ഡ്രോയിങ്, റിയലിസ്റ്റിക് ഡ്രോയിംഗ്, കളർ പെൻസിൽ ഡ്രോയിങ്, വാട്ടർകളർ എന്നിങ്ങനെ എല്ലാം ലോക്ഡൗണിൽ പരീക്ഷിച്ചു. വ്യത്യസ്തമായി എന്തുചെയ്യാമെന്ന ചിന്തയിലാണ് തല കുത്തനെനിന്ന് വായകൊണ്ടും രണ്ട് കൈകൾ ഒരേസമയം ഉപയോഗിച്ചും മലർന്നു കിടന്നുമൊക്കെ വരയ്ക്കാൻ തുടങ്ങിയത്.
ഒട്ടേറെ നടന്മാരെ വരച്ച വലീദിെൻറ ചിത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുണ്ട്. വലീദ് വരച്ച ചിത്രങ്ങൾ നടന്മാരായ ജോജുജോർജ്, സൗബിൻ, നിവിൻ പോളി, രാജ്കലേഷ്, മാത്തുക്കുട്ടി എന്നിവർ പങ്കുവെച്ചു.
ഇതോടെ വലീദ് പിക്സ് ആർട്ട് എന്ന പേജിലെ ഫോളോവേഴ്സ് കൂടി. മഞ്ചേരി എച്ച്.എം കോളജിൽ മൂന്നാംവർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർഥിയായ വലീദിന് ലോകമറിയുന്ന ഒരു കലാകാരനാകണമെന്നാണ് ആഗ്രഹം. പിതാവ് അഷ്റഫും മാതാവ് ജാസ്മിനും മൂന്ന് സഹോദരങ്ങളും എല്ലാ പിന്തുണയുമായുണ്ട്.