ഓക്സിജൻ പാർക്കിൽ വരയുടെ വർണഭംഗിയും
text_fieldsനിധീഷ് ആനന്ദിന്റെ സൃഷ്ടി
ദോഹ: രാജ്യത്ത് താമസിക്കുന്ന കലാകാരന്മാർക്കായി ഖത്തർ ഫൗണ്ടേഷൻ യൂട്ടിലിറ്റി ബോക്സ് ആർട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. നിരവധി കലാകാരന്മാർക്ക് എജുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്ക് യൂട്ടിലിറ്റി ബോക്സുകൾ കാൻവാസുകളാക്കി മാറ്റാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. മികച്ച സൃഷ്ടികൾ അടുത്ത മൂന്ന് വർഷത്തേക്ക് എജുക്കേഷൻ സിറ്റിയിലെ പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.
നിലവിലുള്ള പ്ലാറ്റ്ഫോം ഉപയോഗിച്ച് പാർക്കിന്റെ ചടുലതയും സൗന്ദര്യവും വർധിപ്പിക്കുന്നതിന് പൊതു ഇടങ്ങളിൽ കലാപരമായ ഇടപെടൽ ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. മത്സരത്തിലെ ആറ് വിജയികളുടെ സൃഷ്ടികൾ ഓക്സിജൻ പാർക്കിൽ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചു.
ശൈഖ ആൽഥാനി തന്റെ സൃഷ്ടിക്കൊപ്പം
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ഖത്തരി കലാകാരി മഹാ അൽ കുവാരിയുടെ സൃഷ്ടികളും ഇതിൽപെടുന്നു. വളർന്നുവരുന്ന കലാകാരന്മാർക്ക് ഖത്തർ ഫൗണ്ടേഷൻ നൽകുന്ന പിന്തുണയെ അവർ അഭിനന്ദിച്ചു. ഫിഫ ലോകകപ്പ് കാലത്ത് തന്റെ കലാസൃഷ്ടികൾ സന്ദർശകർക്കും ആരാധകർക്കുമായി പ്രദർശിപ്പിച്ചത് സന്തോഷദായകമായിരുന്നു. കലാപരമായ ആവിഷ്കാരത്തിലൂടെ കലാകാരന്മാർക്ക് നിരവധി പേരെ പ്രചോദിപ്പിക്കാൻ ലോകകപ്പ് അവസരമൊരുക്കിയതായും ഖത്തറിലെ കലാമേഖല ഏറെ അഭിവൃദ്ധി പ്രാപിച്ചെന്നും അവർ പറഞ്ഞു.
നദാ ഖൊസെസ്താനിയുടെ രചന
ഖത്തർ ഫൗണ്ടേഷൻ പാർട്ണർ യൂനിവേഴ്സിറ്റി വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സ് ഖത്തറിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ശൈഖ ആൽഥാനിയുടെ സൃഷ്ടിയും മികച്ച രചനകളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. ഖത്തറിന്റെ പ്രകൃതിയും സസ്യജാലങ്ങളുമാണ് തന്റെ പ്രചോദനത്തിന്റെ ഉറവിടമെന്ന് ശൈഖ ആൽഥാനി പറഞ്ഞു. ഖത്തരി കലാകാരിയെന്ന നിലയിൽ സ്വന്തം രാജ്യത്തിന്റെ അസ്തിത്വം പ്രതിഫലിപ്പിക്കുന്ന എന്തെങ്കിലും വരക്കാൻ തീരുമാനിക്കുകയായിരുന്നു. ഖത്തറിന്റെ ചരിത്രത്തിലും സംസ്കാരത്തിലും ദേശീയ പുഷ്പമായ ഖതാഫിന്റെ പ്രാധാന്യം സംബന്ധിച്ച് ആളുകൾക്ക് അറിയില്ലായിരുന്നുവെന്നത് ആശ്ചര്യമുളവാക്കിയെന്നും അവർ പറഞ്ഞു.
യൂജിൻ എസ്പിനോസ തന്റെ സൃഷ്ടിക്കൊപ്പം
ഫ്ലെമിംഗോ സീരീസ് കലാസൃഷ്ടിയുമായി പട്ടികയിലിടം നേടിയ മറ്റൊരു കലാകാരൻ സീനിയർ വിഷ്വൽ, ഗ്രാഫിക് ആർട്ടിസ്റ്റായ യൂജിൻ എസ്പിനോസയാണ്. ത്രീഡി വിഷ്വലൈസറായ നിധീഷ് ആനന്ദിന്റെ സൃഷ്ടിയും പാർക്കിലുണ്ട്. ‘കല വികാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു വാക്കുപോലുമില്ലാതെ ഒരുപാട് കഥകൾ പറയാൻ എനിക്ക് കഴിയും. ഒരു കലാകാരന്റെ ശക്തി അതാണ്’-നിധീഷ് പറയുന്നു.
ഖത്തരി കലാകാരിയായ നദാ ഖൊസെസ്താനിയുടെ രചനകളും മികച്ച സൃഷ്ടികളുടെ പട്ടികയിൽ ഇടംനേടി. സ്വദേശികളിൽനിന്നും ഖത്തറിലെ പ്രവാസികളിൽനിന്നുമുള്ള കലാകാരന്മാരുടെ നിരവധി സൃഷ്ടികളാണ് മത്സരത്തിനെത്തിയത്. പ്രായം കുറഞ്ഞ എൻട്രി സമർപ്പിച്ചത് 11 വയസ്സുകാരനായ കലാകാരനായിരുന്നു. ഏറ്റവും പ്രായംകൂടിയ കലാകാരന് 47 വയസ്സായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

