എഞ്ചിനീയറിങ് ബിരുദമില്ല, 13 വർഷത്തെ പരിശ്രമം: പറക്കുന്ന കാർ നിർമിച്ച് ഉത്തരാഖണ്ഡ് സ്വദേശി
text_fieldsസയൻസോ എഞ്ചിനീയറിങ്ങോ ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും, ഓൺലൈൻ സ്രോതസുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും 13 വർഷത്തെ പരിശ്രമത്തിലൂടെ പറക്കും കാർ നിർമിച്ച് യുവാവ്. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ നിന്നുള്ള ബി.എ ബിരുദധാരിയായ രവി തംതയാണ് ഒരു ഇലക്ട്രിക് ഫ്ലയിംഗ് കാർ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. രവി നിർമിച്ച 'ഹാപ്പിഡ സ്കൈനെക്സ്' എന്ന ഒറ്റസീറ്റർ വാഹനം ആഗസ്റ്റിലാണ് വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്.
ജാഗേശ്വർ ധാമിന് അടുത്തുള്ള കാഫ്ലിഖാൻ എന്ന ഗ്രാമത്തിലാണ് തംത വളർന്നത്. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആശുപത്രിയിലെത്താൻ നീണ്ട യാത്ര ചെയ്യേണ്ടിവരുന്ന മലയോര മേഖലകളിലെ യാത്രാബുദ്ധിമുട്ടുകളാണ് വ്യക്തിഗത വ്യോമയാന മേഖലയിലുള്ള അദ്ദേഹത്തിന്‍റെ താല്പര്യം വളർത്തിയത്. 2015ലാണ് പറക്കുന്ന കാർ നിർമിക്കുക എന്ന സ്വപ്നം അദ്ദേഹം കണ്ടുതുടങ്ങിയത്. 'ഹാപ്പിഡ സ്കൈ പ്രൈവറ്റ് ലിമിറ്റഡ്' എന്ന തന്‍റെ സംരംഭത്തിലൂടെയാണ് അദ്ദേഹം ഈ ആശയം വികസിപ്പിച്ചെടുത്തത്. ഒരു റൺവേയുടെയും സഹായമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന രീതിയിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൾട്ടിറോട്ടർ ഡ്രോണുകൾക്ക് സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, നിരവധി ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളുമാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ഭാരം കുറഞ്ഞ ഫ്രെയിം, കോക്ക്പിറ്റ്, സുതാര്യമായ മേൽക്കൂര എന്നിവയാണ് ഈ പ്രോട്ടോടൈപ്പിനുള്ളത്. ബാറ്ററിയാൽ പ്രവർത്തിക്കുന്ന ഇതിന് ഏവിയേഷൻ ഫ്യുവലോ എഥനോളോ ആവശ്യമില്ല. എന്നിരുന്നാലും, ഈ പരീക്ഷണ പറക്കൽ ഒരു തുടക്കം മാത്രമാണ്; വാഹനം യാത്രക്കാരെ കയറ്റാനോ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാനോ സജ്ജമാണെന്നതിന്റെ തെളിവല്ല.
സ്വന്തം ഗ്രാമത്തിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ തംത, പിന്നീട് നൈനിറ്റാൾ ക്യാമ്പസിൽ നിന്നാണ് ബി.എ ബിരുദം നേടിയത്. മെക്കാനിക്കായ ഹരീഷ് റാമാണ് പിതാവ്. ഔപചാരിക എഞ്ചിനീയറിങ് പരിശീലനമോ പ്രത്യേക ലബോറട്ടറിയോ ഇല്ലാതെ, ഓൺലൈൻ വിവരങ്ങളെയും ആവർത്തിച്ചുള്ള പരീക്ഷണങ്ങളെയും ആശ്രയിച്ചാണ് തംത തന്റെ ആശയങ്ങൾ വികസിപ്പിച്ചത്. എന്നാൽ പറക്കുന്ന ഒരു വാഹനത്തിന്‍റെ ഡിസൈൻ, ബാറ്ററി ശേഷി, കൃത്യമായ നിയന്ത്രണം, സുരക്ഷ എന്നിവയെക്കുറിച്ച് സങ്കീർണ്ണമായ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇവയ്‌ക്കെല്ലാം കടുത്ത പരിശോധനകളും സാങ്കേതിക സ്ഥിരീകരണവും ആവശ്യമാണ്.
പ്രായോഗിക കണ്ടുപിടുത്തങ്ങളുടെ ചരിത്രം
നംതയുടെ ആദ്യ ശ്രമമല്ല ഈ കാർ. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്ന ഷൂസുകൾ, കാഴ്ച വൈകല്യമുള്ളവർക്കുള്ള സ്മാർട്ട് വാക്കിങ് സ്റ്റിക്ക്, മുള പിളർക്കുന്ന യന്ത്രം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ അദ്ദേഹത്തിന്റെ മുൻകാല കണ്ടുപിടുത്തങ്ങളിൽ ഉൾപ്പെടുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനായി സ്റ്റിക്ക് മൊബൈൽ ചാർജറും ഫയർ എക്സ്റ്റിങ്ങിഷറുകളും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള കുറഞ്ഞ ദൂര യാത്ര വേഗത്തിലാക്കുക, വിദൂര മേഖലകളിലും വൈദ്യശാസ്ത്ര അടിയന്തിര ഘട്ടങ്ങളിലും ഉപയോഗിക്കുക എന്നിവയാണ് ഈ പറക്കുന്ന വാഹനം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള അനുമതി ഉൾപ്പെടെയുള്ള കൂടുതൽ പരീക്ഷണങ്ങളും നിയന്ത്രണ അംഗീകാരങ്ങളും ഇതിന് ആവശ്യമാണ്.

