നിരവധി ജോലി, പുരസ്കാരങ്ങൾ ഉപേന്ദ്രനാഥപൈ ഹാപ്പി
text_fieldsപത്രവിതരണത്തിന് ഇറങ്ങിയ ഉപേന്ദ്രനാഥ പൈ
അരൂർ: ഉപേന്ദ്രനാഥപൈ കുടുംബം പുലർത്താൻ ചെയ്യാത്ത പണികളില്ല. ഇരുമ്പുകടയിലെ സെയിൽസ്മാനായും ധാന്യം പൊടിക്കുന്ന മില്ല് നടത്തിപ്പുകാരനായും സ്വകാര്യ ബസ് കണ്ടക്ടറായും മികവിന്റെ പുരസ്കാരങ്ങൾ വാങ്ങുന്ന കർഷകനായുമൊക്കെ പൈയെ അറിയാം. അരൂർ കിഴക്കേ മഠത്തിൽ 71കാരനായ ഉപേന്ദ്രനാഥ പൈ ഇപ്പോഴും കർമനിരതനാണ്. പുലർച്ച മൂന്നിന് ഉണരും. കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പുത്തനങ്ങാടിയിലെത്തി പത്രങ്ങൾ എടുക്കും. വിതരണത്തിന്റെ സൗകര്യത്തിന് ‘മാധ്യമം’ അടക്കം ഓരോ പത്രവും വ്യത്യസ്തസഞ്ചികളിൽ തൂക്കും.
എട്ടുമണിക്ക് പത്രവിതരണം പൂർത്തിയാക്കും. വീട്ടിലെത്തി കുളിച്ച് റെഡിയായി ഭക്ഷണം കഴിച്ച് അടുത്ത ജോലിക്ക് പോകും. 21ാം വയസ്സിൽ സ്വകാര്യ ബസ് കണ്ടക്ടറായപ്പോൾ ലഭിച്ച പുരസ്കാരങ്ങൾ ജനസമ്പർക്കത്തിന്റെ അംഗീകാരങ്ങളാണ്. മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ജോലി ആസ്വാദ്യകരമായിരുന്നു. ചെല്ലാനം-ഐലൻഡ് സർവിസ് നടത്തുന്ന ‘പ്രജാപതി’ബസിയിലായിരുന്നു ആദ്യം. സർവിസ് കഴിഞ്ഞ് ചെല്ലാനം ക്രിസ്ത്യൻ പള്ളിയുടെ കോമ്പൗണ്ടിൽ ബസ് പാർക്ക് ചെയ്യാൻ ഉപാധികളോടെ സൗകര്യംകിട്ടി. പാവപ്പെട്ടവർക്ക് രാത്രി രോഗം കലശലായാൽ ആശുപത്രിയിലെത്തിക്കണം. സമ്മതമുണ്ടെങ്കിൽ പള്ളിവളപ്പിൽ ബസിടാം. കണ്ടക്ടർ പൈ സമ്മതിച്ചു.
അത്യാസന്ന നിലയിലായ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ രാത്രി ബസ് പലതവണ എറണാകുളത്തേക്ക് പാഞ്ഞു. ഇതിനിടെ ഗതാഗതമന്ത്രിയുടെ നിർദേശാനുസരണം കണ്ടക്ടർമാരുടെ പെരുമാറ്റം പരിശോധിക്കാൻ കലക്ടറും റവന്യൂ അധികാരികളും സ്വകാര്യബസുകളിൽ യാത്രക്കാരായി. 2011ൽ മുബാറക് ബസിലാണ് ഉപേന്ദ്രനാഥ പൈ. എല്ലാ ബസുകാരും വിദ്യാർഥികളെ അകറ്റുമ്പോൾ, അവരോട് ചിരിച്ചുകൊണ്ട് ടിക്കറ്റ് കൊടുക്കുന്ന ഉപേന്ദ്രനാഥ പൈ വ്യത്യസ്തനായിരുന്നു.
എറണാകുളം കലക്ടർ ഷേക്ക് പരീത് യാത്രക്കാരന്റെ വേഷത്തിൽ ബസിലുണ്ട്. സംപ്രീതനായ കലക്ടർ മികച്ച കണ്ടക്ടർക്കുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് നൽകി. തുടർന്ന് രണ്ടു വർഷവും പൈ തന്നെയായിരുന്നു മികച്ച കണ്ടക്ടർ. ദീപ, നീതു എന്നിവർ മക്കളാണ്. രാജകുമാരിയാണ് ഭാര്യ. 36 സെന്‍റ് സ്ഥലത്ത് വാഴകൃഷി നടത്തി മികച്ച കർഷകനായി അംഗീകാരവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

