കഥക്കൂട്ടിൽ ഉദ്ദേശ് കുമാറിന് ഇനി വീട് സ്വപ്നം കാണാം
text_fieldsഉദ്ദേശ് കുമാർ അമ്മക്കൊപ്പം
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ കാസർകോട് അണങ്കൂരിലെ ഉദ്ദേശ്കുമാറിന് വീട് ഒരുങ്ങുന്നു. നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട്, കഥാകൃത്ത് ബിന്ദു മരങ്ങാട്, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് ഒരുക്കുന്ന വീടിന് ലോക വനിത ദിനത്തിൽ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമിട്ടു.
എൻഡോസൾഫാൻ ഇരകൾക്ക് ദുരിത ജീവിതവും കാലവും അടയാളപ്പെടുത്തിയ അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലൂടെ ലഭിച്ച റോയൽറ്റി ചേർത്ത് നെഹ്റു കോളജ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒമ്പതു വീടുകൾ നിർമിച്ചിരുന്നു.
ഇതിന്റെ മാതൃകയോട് ചേർത്താണ് തന്റെ കഥ സമാഹാരത്തിലൂടെ സമാഹരിച്ച മുഴുവൻ തുകയും ഉദ്ദേശ് കുമാറിനു വേണ്ടി നീക്കിവെച്ചത്. കാസർകോട് അണങ്കൂരിലെ ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്ന ദുരിതബാധിതനായ ഉദ്ദേശ് കുമാറിന്റെ ദയനീയ ജീവിതം നേരിൽകണ്ട അംബികാസുതൻ മാങ്ങാടാണ് വീടു നിർമാണത്തിന് ആദ്യം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
പിന്നാലെ നെക്രാജെയിൽ റവന്യൂ വകുപ്പ് മൂന്ന് സെന്റ് ഭൂമിയും അനുവദിച്ചു. ജീവിത പ്രയാസങ്ങളിലൂടെ കടന്നുവന്ന റെയിൽവേ ഉദ്യോഗസ്ഥയും കഥാകൃത്തുമായ ബിന്ദുമരങ്ങാട് അംഗമായ ആശ്വാസ് എന്ന സംഘടന അവരുടെ പുസ്തകം പ്രസിദ്ധീകരിച്ച് ലഭിച്ച തുകയും വീടിനു വേണ്ടി നീക്കിവെച്ചു.
കൊല്ലത്ത് പരിസ്ഥിതി സെമിനാറിൽ എൻഡോസൾഫാൻ വിഷയം അവതരിപ്പിച്ച അംബികാസുതൻ മാങ്ങാടിന്റെ പ്രസംഗംകേട്ട് അവിടെയുണ്ടായ ടി.കെ.എം എൻജിനീയറിങ് പൂർവ വിദ്യാർഥികൾ ബാക്കി തുക വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

