പ്രവാസിയുടെ വീട്ടിൽ അരുമകളായി 'ടുസ്കി'യും 'ട്രിസ്കി'യും
text_fieldsശിഹാബിന്റെ മകൻ നിബ്രാസ് ടുസ്കിയുമായി
ദമ്മാം: അലങ്കാര മത്സ്യങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ വീട്ടിൽ വളർത്തുന്നവർ ഉണ്ടാകാം. പക്ഷേ, ദമ്മാമിലെ ഗായകനും എഴുത്തുകാരനുമായ ശിഹാബ് കൊയിലാണ്ടിയുടെ വീടിന് അലങ്കാരമാകുന്നത് രണ്ട് 'ആമ'കളാണ്. ശുദ്ധ ജലത്തിൽ വളരുന്ന രണ്ട് ആമക്കുഞ്ഞുങ്ങളെ ഏറെ ഇഷ്ടത്തോടെ പോറ്റിവളർത്തുകയാണ് ഈ കുടുംബം. 12 വർഷംമുമ്പ് തണുപ്പുകാലത്ത് സുഹൃത്തുക്കൾക്കൊപ്പം അബൂ ഹൈദരിയ എന്ന സ്ഥലത്തെ നീരുറവയിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയതായിരുന്നു ശിഹാബ്.
ഇതിനിടയിലാണ് പുറംതോടിൽ സുന്ദരമായ പുള്ളികളുള്ള കുഞ്ഞൻ ആമ ചൂണ്ടയിൽ കുരുങ്ങിയത്. ചൂണ്ട തൊണ്ടയിൽ കുരുങ്ങി ചോരയൊലിപ്പിച്ച് ദയനീയമായി നോക്കിയ ആമയോട് ശിഹാബിന് കരുണതോന്നി. നേരെ വീട്ടിലെത്തിച്ച് മരുന്നുതേച്ച് പരിഹരിച്ച് അതിനെ വളർത്താൻ തുടങ്ങി. വീട്ടിൽ പ്രത്യേകമുണ്ടാക്കിയ ചെറിയ ജലാശയത്തിൽ അങ്ങനെ ഈ കുഞ്ഞനാമ ജീവിതം തുടങ്ങി.
ശിഹാബിന്റെ മകൾ ഖദീജയാണ് ഇവന് 'ടുസ്കി' എന്ന പേരിട്ടത്. ഇപ്പോൾ 12 വർഷമായി ഈ കുടുംബത്തിന് പ്രിയപ്പെട്ടവനാണ് ടുസ്കി. എട്ടുവർഷം മുമ്പാണ് ടുസ്കിക്ക് കൂട്ടായി ട്രിസ്കി എന്ന പെൺവർഗത്തിൽപെട്ട ആമയെ ശിഹാബിന്റെ മകൻ നിബ്രാസ് വാങ്ങിക്കൊണ്ടുവന്നത്. ഇവരുടെ ജീവിതത്തിൽ അപൂർവമായ സന്തോഷം നൽകി ആദ്യമായി ട്രിസ്കി ഇപ്പോൾ മുട്ടയിട്ടിരിക്കുന്നു. ഇപ്പോൾ ഈ കുടുംബമാകെ മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞനാമകളെ കാത്തിരിക്കുകയായാണ്.
ടുസ്കിയും ട്രിസ്കിയും
ഗൂഗ്ളിൽ പരതി ആമമുട്ടകൾ എങ്ങനെ സംരക്ഷിക്കാമെന്ന് ഗവേഷണം നടത്തുകയാണ് ശിഹാബിന്റെ മക്കളായ നിബ്രാസും ഷ്ബാസും ഖദീജയും. കളിമണ്ണിൽ പൂഴ്ത്തിവെച്ച് സംരക്ഷിച്ചിരിക്കുകയാണ് മുട്ടകൾ. വിലയേറിയതെങ്കിലും ഒരിക്കൽപോലും മുടക്കംവരാതെ ഈ കുടുംബം ഇവർക്കുള്ള തീറ്റയെത്തിക്കുന്നു.
ഇപ്പോൾ ഇവർ രണ്ടുപേരും ഈ കുടുംബത്തിന്റെ ഭാഗമായി മാറി. ഇവരിൽ ആരെങ്കിലും ആമകളെ സൂക്ഷിച്ചിരിക്കുന്ന ചെറിയ കുളത്തിന് അടുത്തെത്തിയാൽ ഇവ അത് തിരിച്ചറിയുകയും സന്തോഷത്തോടെ ഓടിയെത്തുകയും ചെയ്യും. ഇടക്ക് കൈയിലെടുത്ത് ഓമനിക്കുന്നതും ആമകൾക്ക് ഇഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

