63 ദിവസംകൊണ്ട് 3,100 കിലോമീറ്റർ; ഇന്ത്യയെ നടന്നറിഞ്ഞ് ടി.പി. ഷാജി
text_fieldsവാഗ അതിർത്തിയിൽ സൈനികർക്കൊപ്പം
ഇന്ത്യൻ പതാകയുമായി ടി.പി. ഷാജി
അലനല്ലൂർ: കാൽനടയായി 63 ദിവസം കൊണ്ട് 3,100 കിലോമീറ്റർ. കർക്കിടാംകുന്ന് നല്ലപ്പുള്ളിക്കാരൻ ടി.പി. ഷാജി ഇന്ത്യയെ നടന്നറിഞ്ഞു, കൺകുളിർക്കെ കണ്ടു. ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടന്ന ‘കേരള ടു കശ്മീർ’ യാത്രക്ക് ഫെബ്രുവരി ഒന്നിനാണ് അവസരം ഒത്തുവന്നത്. പ്രചാരണങ്ങൾ ഒന്നുമില്ലാതെ ആരോടും പറയാതെ ഷാജി തന്റെ സ്വപ്നത്തിലേക്ക് നടന്നുതുടങ്ങി.
രാവിലെ ആറിന് തുടങ്ങി ഉച്ചക്ക് രണ്ടുവരെ നടക്കും. രണ്ട് മണിക്കൂർ ഭക്ഷണവും വിശ്രമവും. വൈകീട്ട് നാലുമുതൽ ഏഴുവരെ വീണ്ടും നടത്തം. രാത്രി 11 മുതൽ ഒന്നുവരെ നടന്ന ദിവസവും ഉണ്ടായി. ഒരു ദിവസം ശരാശരി 40 - 50 കിലോമീറ്ററാണ് നടക്കാറുള്ളത്. ചില ദിവസങ്ങളിൽ 62 കിലോമീറ്റർ വരെ നടന്നു.
കാൽനട പാടില്ലാത്ത വനത്തിലൂടെയും ടണലുകളിലൂടെയും സഞ്ചരിക്കാൻ മാത്രം മറ്റു വാഹനങ്ങൾ ആശ്രയിച്ചു. ഹോട്ടലുകൾ, പള്ളികൾ, ഗുരുദ്വാര, ദാബ, പെട്രോൾ പമ്പുകൾ, ടെന്റ് എന്നിവിടങ്ങളിലായിരുന്നു രാത്രി താമസം. ‘സേഫ് ഇന്ത്യ, ഫ്രൻറ്ലി ഇന്ത്യ’ എന്ന സ്വന്തം സന്ദേശം ബാഗിന്റെ പുറത്ത് പ്രദർശിപ്പിച്ചായിരുന്നു യാത്ര.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു - കശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയുടെ അനുഭവങ്ങൾ ഷാജിക്ക് പറഞ്ഞറിയിക്കാനാകാത്തതാണ്. ഓരോ ഗ്രാമ, നഗര പ്രദേശങ്ങളിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ആഗ്രയിൽ നടന്നു പോകുന്നതിനിടെ മൊബൈൽ ഫോൺ അപഹരിച്ചതും യു.പിയിൽ രാത്രി താമസം ശരിയായ ഒരിടത്ത് താൻ മുസ്ലിമാണെന്ന് മനസ്സിലായതോടെ ഇറക്കിവിട്ടതും മാത്രമാണ് ദുരനുഭവം.
ട്രോമകെയർ നാട്ടുകൽ യൂനിറ്റ് കോഓഡിനേറ്ററായ ഷാജിക്ക് ആഗ്രയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആൾക്ക് പ്രഥമ ശുശ്രൂഷ നൽകാനും കഴിഞ്ഞു. വാഹനങ്ങളിൽ യാത്ര പോയാൽ മിന്നി മറയുന്ന കാഴ്ചകളായിരിക്കുമെന്നും അവ ആസ്വദിക്കാനാകില്ലെന്നുമുള്ള അനുഭവത്തിൽ നിന്നാണ് കാൽനടയാത്ര തിരഞ്ഞെടുത്തത്.
യാത്രക്കായി എട്ടു മാസം പ്രഭാതസവാരി നടത്തി പരിശീലിച്ചിരുന്നെന്നും ഷാജി പറഞ്ഞു. ട്രെയിനിൽ മടക്കയാത്ര ആരംഭിച്ച ഷാജി ശനിയാഴ്ച രാത്രി നാട്ടിലെത്തും.നല്ലൂർപ്പുള്ളിയിലെ താഴത്തെപീടിക ഉണ്ണിമൂസ എന്ന ആപ്പിയുടെയും നഫീസയുടെയും മകനായ ഷാജി കനിവ് കർക്കിടാംകുന്നിന്റെ വൈസ് പ്രസിഡന്റും പൊതു പ്രവർത്തകനുമാണ്.