ടി.എം. ആനക്കര; വേറിട്ടൊരു മാപ്പിളകലാകാരന്‍
text_fieldsപി.ടി.എം.
ആനക്കര
അൽഖോബാർ: ഗായകൻ, പാട്ടെഴുത്തുകാരന്, പാടിപ്പറച്ചിൽ കലാകാരന്, കലാമത്സര വിധികർത്താവ്, മാപ്പിളകലയിലെ അതുല്യ പ്രതിഭ അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് മുഹമ്മദുണ്ണി എന്ന പി.ടി.എം. ആനക്കരക്ക്. മാപ്പിള കലകളുമായി 17ാം വയസ്സില്‍ തുടങ്ങിയ ജൈത്രയാത്ര ഈ 54ാം വയസ്സിലും തുടരുകയാണെന്ന് സൗദിയിൽ സന്ദർശക വിസയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
1966ല്‍ മലപ്പുറം ജില്ലയിലെ പേട്ടൂര് ചെർളശ്ശേരിയിൽ (പാലക്കാട് ജില്ലയിലെ ആനക്കര മഹല്ലിൽ) പരേതനായ പുലാക്കല്‍ തെക്കേതില്‍ അബ്ദുവിെൻറയും ആമിനയുടെയും എട്ടു മക്കളിൽ രണ്ടാമനായി ജനിച്ച പി.ടി.എം ആനക്കരയുടെ സഹോദരങ്ങളെല്ലാം വിവിധ കലാവാസനകളുള്ളവരാണ്. അനിയൻ റഷീദ് കുമരനല്ലുർ അറിയപ്പെടുന്ന മാപ്പിള കലാകാരനാണ്. പി.ടി.എം ആനക്കര മാപ്പിള കലാപ്രസ്ഥാനത്തിനു വേണ്ടി താണ്ടാത്ത വീഥികളില്ല, നടക്കാത്ത വഴികളില്ല. കല്യാണ ഗാനങ്ങളും കലാലയ (മത്സര) ഗാനങ്ങളും തെരഞ്ഞെടുപ്പ് (രാഷ്ട്രീയ) ഗാനങ്ങളും ഇസ്ലാമിക ഗാനങ്ങളും ഭക്തി ഗാനങ്ങളും മദ്ഹ് ഗാനങ്ങളും അനുസ്മരണ ഗാനങ്ങളും അനുമോദന ഗാനങ്ങളും താരാട്ട്, താലോല, സാന്ത്വന, സന്തോഷ ഗാനങ്ങള്‍ എന്നുവേണ്ട ഏതുതരം ഗാനങ്ങള്‍ വേണോ, അതിനെല്ലാം പി.ടി.എം ആനക്കരയും അദ്ദേഹത്തിെൻറ തൂലികയും തയാര്‍.
തെൻറ തൂലികയിൽ വിരിഞ്ഞ, ‘ആശയുണ്ട് മഹബൂബേ’, ‘ഖാതിം റസൂലിെൻറ കരൾ ഫാതിമ ബീവി’, ‘അമ്പരത്തമ്പിളിയോ’, ‘ഉടയോൻ ഹള്റത്തിലേ പച്ചക്കിളിയേ നീ പോയോ മദീനത്ത്’, ‘അദബിലവർ അടിവെച്ചതാബദറിലേ’, ‘അസദുൽ ഇലാഹെന്നെ...’ തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ പ്രസിദ്ധമായിരുന്നു. നാട്ടില്‍ തെരഞ്ഞെടുപ്പ് സമയമായാല്‍ പി.ടി.എം ആനക്കരക്ക് തിരക്കോട് തിരക്കായിരിക്കും. സ്കൂള്‍ കലോത്സവങ്ങളും മദ്റസ വാര്‍ഷികങ്ങളും ദഫ് കളി മത്സരങ്ങളും മതസംഘടകളുടെ സാഹിത്യോത്സവങ്ങളും സർഗലയങ്ങളും എന്നും ആനക്കരയെ തിരക്കില്‍തന്നെ തളച്ചിരിക്കും.
ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ വന്ന് ഗാനമാവശ്യപ്പെട്ടാലും വിഷയം കേള്‍ക്കേണ്ട താമസം, വന്നവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സന്തോഷിപ്പിക്കാൻ പോരുന്ന വരികള്‍ ആനക്കരയുടെ പ്രത്യേകതയാണ്. സ്കൂള്‍ കലോത്സവം, മദ്റസ, ദഫ് മത്സരങ്ങൾ തുടങ്ങി സാഹിത്യോത്സവങ്ങൾ വരെയുള്ള വേദികളില്‍ അദ്ദേഹത്തിെൻറ വരികൾ മത്സരിക്കാനുണ്ടാകും. തെരഞ്ഞെടുപ്പ് വന്നാല്‍ പിന്നെ പാട്ടെഴുത്തിെൻറ തിരക്കാണ്. അതിന് ട്യൂണ്‍ നല്‍കുക, ചിലപ്പോള്‍ അവയില്‍ ചിലത് പാടുക, ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രയത്നങ്ങളാണ് ആനക്കര മാപ്പിള കലകള്‍ക്ക് വേണ്ടി ചെയ്തുവരുന്നത്. അതിനൊപ്പം തന്നെ ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ മറ്റുകലകള്ക്കും സമയം കണ്ടെത്തുന്നു.
42 വര്‍ഷത്തോളം ഇസ്ലാമിക കഥാപ്രസംഗം, പാടിപ്പറയല്‍ രംഗങ്ങളിലെ ഗായകൻ കൂടിയായ ഈ കലാകാരന് കേരളത്തിലെ എല്ലാ ജില്ലകളിലും കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ്, യു.എ.ഇ എന്നീ നാടുകളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, മാപ്പിളകലാ അക്കാദമി മലപ്പുറം ജില്ല എക്സിക്യൂട്ടിവ് അംഗം, കലാഗ്രാമം പദ്ധതിയുടെ ട്രെയിനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.
1991ല്‍ കോഴിക്കോട് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷന് നടത്തിയ അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തില്‍ ജേതാവായിരുന്ന പി.ടി.എം ആനക്കര കേരള മാപ്പിളകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ജേതാവാണ്.
കേരള മാപ്പിളകല സാഹിത്യ അക്കാദമി പുരസ്കാരം, ഇശൽ മാപ്പിളകലാ അക്കാദമി അവാർഡ്, ഇശാറ കലാകൂട്ടായ്മ പുരസ്കാരം, മാസ്റ്റർ വോയ്സ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
പി.ടി.എം ആനക്കര ഈയിടെ യു.എ.ഇയിൽ നടന്ന ദുബൈ കെ.എം.സി.സി. കലാമത്സരങ്ങളിൽ പ്രധാന ജൂറിയായിരുന്നു. പി.ടി.എം നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്. പിതാവ് അബ്ദുവിെൻറ കൈയില്‍ പാട്ടുകളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നതായും അത് തനിക്ക് വലിയ പ്രചോദനമായതായും അദ്ദേഹം പറയുന്നു. മക്കളായ സഫ്വാൻ, സുഹൈൽ (ഇരുവരും സൗദി) എന്നിവർ ദഫ്, അറബന, മാപ്പിളപ്പാട്ട് എന്നീ കലകളില്‍ നൈപുണ്യം നേടിയവരും വിധി നിർണയിക്കുന്നവരുമാണ്. മറ്റൊരു മകൻ അശ്റഫ് ഫിസിക്കൽ എജുക്കേഷൻ ട്രെയിനറും ഫുട്ബാൾ കോച്ചും ‘ഫിഫ’ അംഗീകൃത ഫുഡ്ബാൾ റഫറിയുമാണ്. ഏക മകൾ സ്വാലിഹ ആങ്കറിങ്ങിലും സംഗീതത്തിലും കഴിവ് തെളിയിച്ചയാളാണ്. കലാസ്വാദകയായ ഭാര്യ സുബൈദ പൂർണ പിന്തുണയാണ് നൽകുന്നതെന്നും പി.ടി.എം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

