Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightതളരാത്ത വായന

തളരാത്ത വായന

text_fields
bookmark_border
തളരാത്ത വായന
cancel
camera_alt

ഹനീഫ ഭാര്യക്കും മക​ൾക്കുമൊപ്പം

‘‘ലോകം മുഴുവന്‍ വേദനകളാണെങ്കിലും, അതെല്ലാം അതിജീവിക്കാനുള്ള ശക്തിയും ലോകംതന്നെ തരും’’ ഒമ്പതാം മാസത്തിൽ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട ഹെലന്‍ കെല്ലറിന്റെ വാക്കുകളാണിത്. ജീവിതം ചക്രക്കസേരയിൽ ഉരുളുമ്പോഴും മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ഹനീഫക്ക് പറയാനുള്ളത് ശാരീരിക പരിമിതികളെ അതിജീവിച്ച ഒരായിരം മനുഷ്യരുടെ വായിച്ചുതീർത്ത ജീവിതകഥകളെക്കുറിച്ചാണ്. നിലവിൽ ആറായിരത്തിലധികം പുസ്തകങ്ങൾ വായിച്ചുതീർത്തെന്ന് ഹനീഫ പറയുന്നു.

ഇതിൽ ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് വായനക്കുറിപ്പ് തയാറാക്കി. വാനലോകത്തെക്കുറിച്ചും പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചും അറിയാനുള്ള തിരക്കിലാണിപ്പോൾ. ജി. മാധവൻ നായരുടെയും നമ്പി നാരായണന്‍റെയും ആത്മകഥകളുടെ ഭ്രമണപഥത്തിലൂടെ സഞ്ചാരം തുടരുകയാണ് ഹനീഫ. ഒരെഴുത്തുകാരന്റെ അല്ലെങ്കിൽ താൽപര്യമുള്ള വിഷയത്തെ സംബന്ധിച്ച് എല്ലാ പുസ്തകങ്ങളും ശേഖരിച്ച ശേഷമേ ഇദ്ദേഹം വായന തുടങ്ങാറുള്ളൂ. എം.ടിയും ബഷീറും തകഴിയും പൊറ്റെക്കാട്ടും മുകുന്ദനും മാധവിക്കുട്ടിയുമെല്ലാം വായിച്ചു തീർന്നു.

നിനച്ചിരിക്കാതെ അപകടം

2000 സെപ്റ്റംബർ 11ന് മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പിടിപ്പുകേടിൽ നഷ്ടമായത് ഒരു ജീവനും ഹനീഫയുടെ പ്രതീക്ഷകളുമായിരുന്നു. നട്ടെല്ലിന് പരിക്കുപറ്റി തുന്നിച്ചേർത്ത ശരീരവുമായി വാട്ടർ ബെഡിനെ ആശ്രയിക്കുമ്പോൾ ഇനിയൊരിക്കലും ചലനശേഷി തിരികെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. നീണ്ട 14 വർഷം ആയുർവേദ ചികിത്സ. ഈ കിടപ്പ് സന്തതസഹചാരിയാകും എന്നു മനസ്സിലാക്കിയ ഹനീഫ ഇച്ഛാശക്തികൊണ്ട് മുന്നേറിയത് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക്.

വായിക്കാൻ പ്രേരിപ്പിച്ചവർ

ഉമ്മ ആഇശാബിയാണ് വായനയുടെ പ്രചോദനം. ബാല്യത്തിൽതന്നെ ഉമ്മയുടെ അടുക്കൽ പുസ്തകശേഖരമുണ്ടായിരുന്നു. പതിയെ എന്നെക്കൊണ്ടും ഉമ്മ വായിപ്പിച്ചു തുടങ്ങി. വായനയുടെ ലോകം തുറന്നുതന്നത് കുടുംബംതന്നെയാണ്. ആലിൻചുവട് സ്കൂളിൽ പഠനമാരംഭിച്ചതോടെ ബഷീർ മാഷിന്റെ കുട്ടിക്കവിതകളും വിജയൻ മാഷ് സമ്മാനിച്ച പുസ്തകങ്ങളും വായനക്ക് ഹരമേകി. ടോൾസ്റ്റോയ് കഥകളും പഞ്ചതന്ത്രം കഥകളും നിരവധി ബാലസാഹിത്യങ്ങളും വായിച്ചു തുടങ്ങി. ഏഴാം ക്ലാസിൽ റെൻഡിങ് ലൈബ്രറി എന്ന പേരിൽ ഹോം ലൈബ്രറി തുടങ്ങി.

അഞ്ച് പുസ്തകങ്ങളോടെയായിരുന്നു തുടക്കം. ഹൈസ്കൂൾ പഠനകാലത്ത് സാദിഖ് മാഷും ജമാൽ മാഷും പ്രചോദനമായി. പഠനകാലത്ത് ചെറുതായി എഴുതാറുണ്ടായിരുന്നു. സമൂഹ മാധ്യമത്തിന്റെ കടന്നുവരവോടെ വായനാനുഭവങ്ങൾ അതിലും കുറിച്ചുതുടങ്ങി. ഹനീഫയെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നോവൽ ആൽക്കമിസ്റ്റാണ്. മറ്റൊന്നാണ് ഷെർലക് ഹോംസ്. 1500 പേജുള്ള കൃതി തുടർച്ചയായി രണ്ടുതവണ വായിച്ചു. എന്നാൽ, ഖുർആൻ അർഥമറിഞ്ഞ് പാരായണം ചെയ്യുന്നത്ര മനഃസംതൃപ്തി മറ്റൊരു വായനയും തന്നിട്ടില്ലെന്ന് ഹനീഫ പറയുന്നു.

പുസ്തകക്കൂട്ടിൽ

അപകടശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു പഠനവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും പൂർത്തിയാക്കി. മദീന ഹോം ലൈബ്രറി എന്ന പേരിൽ സ്വന്തമായി ഒരു ലൈബ്രറിയുണ്ട്. ഇതിലെ 3000 പുസ്തകങ്ങളും ഹനീഫ വായിച്ചുതീർത്തവയാണ്. ആവശ്യക്കാർക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകും. ഏകദേശം ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് ഹനീഫ. ഇതിൽനിന്നും കിട്ടുന്ന വരുമാനംകൊണ്ട് പുതിയ പുസ്തകങ്ങൾ വാങ്ങും. തിരൂരങ്ങാടി പബ്ലിക് ലൈബ്രറിയിൽ കുറച്ചുകാലം അസി. ലൈബ്രേറിയനായി ജോലി ചെയ്തിരുന്നു.

യാത്രയെ സ്നേഹിച്ചവൻ

യാത്രകൾ ഒരുപാടിഷ്ടമായിരുന്നു ഹനീഫക്ക്. വായനക്ക് മുമ്പേ യാത്ര തുടങ്ങിയിരുന്നു. തനിച്ചുള്ള യാത്രകൾക്ക് വിധി തടസ്സമായെങ്കിലും ആഗ്രഹത്തിന് വിരാമമിട്ടില്ല. നാലര വയസ്സിൽ ഉപ്പയോടൊപ്പം ബോംബെയിലേക്ക് പോയാണ് തുടക്കം. 11ാം വയസ്സിൽ സൗദിയിലേക്ക്. ഉംറയും നിർവഹിച്ചു. അപകടത്തിനുശേഷം വടക്കേഇന്ത്യ മുഴുവൻ കറങ്ങി. കുടുംബവും യാത്രകളിൽ ഒപ്പമുണ്ടാകും. അവസാനം പോയത് ഹംപിയിലേക്ക്. മുച്ചക്രവാഹനത്തിൽ സോളാപൂരിലേക്ക്. ഹിമാലയസാനുക്കളിലേക്കാണ് അടുത്ത യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എം.ടിയെ വായിച്ചപ്പോൾ മുതൽ മഞ്ഞുമൂടിയ നൈനിറ്റാളും മനസ്സിൽ മയങ്ങിക്കിടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaneefaTireless reading
News Summary - Tireless reading- Haneefa
Next Story