സ്നേഹനൂലിൽ സൗഹൃദം തുന്നിയവർ
text_fieldsടൈലർ കൂട്ടായ്മയിലെ അംഗങ്ങൾ
വനിതകളടക്കം 218 അംഗങ്ങളുള്ള ഇവരുടെ കൂട്ടായ്മയിൽ പ്രാംരംഭകാലത്ത് 800ൽപരം അംഗങ്ങൾ സജീവമായി ഉണ്ടായിരുന്നു.ആളുകളുടെ വസ്ത്ര സങ്കല്പങ്ങൾ മാറിയതോടെ പുതിയ ആളുകൾ ഈ മേഖലയിലേക്ക് വരാത്തതാണ് ഈ കുറവിന് കാരണം.
കാക്കത്തൊള്ളായിരം കൂട്ടായ്മകളും സംഘടനകളുമുള്ള നാടാണ് യു.എ.ഇ. ചെറുതും വലുതുമായിട്ടുള്ള മിക്ക സംഘടനകളും ആഘോഷവേളകളിലും മറ്റും അവരവരുടെ പരിപാടികളും സംഗമങ്ങളുമായി വാർത്തകളിൽ നിറയാറുണ്ട്. ജോലിയും തിരക്കും കാരണം നേരവും കാലവും എല്ലാവർക്കും ഒത്തുവരാത്തതിനാൽ ഓണം അടുത്ത വിഷു വരെയും വിഷു അടുത്ത ഓണം വരെയും ആഘോഷിച്ചു തീർക്കുന്നത് ഗൾഫ് നാടുകളിൽ പതിവു കാഴ്ചയാണ്.
ഈ കൂട്ടായ്മക്കടലിൽ കേട്ടു കേൾവി ഇല്ലാത്ത ഒന്നാണ് ഏതാനും തയ്യൽക്കാർ ചേർന്ന് രൂപം നൽകിയ ടൈലർ കൂട്ടായ്മ. ഷാർജ സംനാൻ ശഅബാ പ്രദേശത്ത് പതിറ്റാണ്ടുകളായി ജോലി ചെയ്തുവരുന്ന ഏതാനും തയ്യൽക്കാർ ചേർന്നാണ് 2004ൽ ഇതിന് തുടക്കമിടുന്നത്. അക്കാലത്ത് ഇവിടെ ജോലി ചെയ്തിരുന്ന ഒരു ടൈലർ അസുഖബാധിതനാകുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ആ സുഹൃത്തിന്റെ ചികിത്സക്കും മരണാനന്തര ആവശ്യങ്ങൾക്കുമുള്ള സഹായസഹകരണങ്ങൾക്ക് മുൻകൈയെടുത്ത ഏതാനും പേരാണ് ഇങ്ങനെ ഒരു കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
സുലൈമാൻ, വി.പി ദാസ് തുടങ്ങിയവരായിരുന്നു കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. പിന്നീട് അതൊരു സംഘടനയുടെ സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടുകയും കമ്മിറ്റിയും ഭാരവാഹികളും ഒക്കെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തുവെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് വളാഞ്ചേരി സ്വദേശി ബാലകൃഷ്ണൻ വ്യക്തമാക്കി. മൻസൂർ എടപ്പാൾ സെക്രട്ടറിയും രാഘവൻ കാസർകോട് ട്രഷററുമായാണ് ഇപ്പോഴത്തെ കമ്മിറ്റി പ്രവർത്തിക്കുന്നത്.
സാമ്പത്തികമായോ ആരോഗ്യപരമായോ പ്രശ്നമുണ്ടായി നാട്ടിൽ പോകേണ്ടി വന്നാൽ 25,000 രൂപയും മരണം സംഭവിക്കുകയാണെങ്കിൽ ഒരു ലക്ഷം ഇന്ത്യൻ രൂപയും അടിയന്തര സഹായമായി ഇവർ എത്തിച്ചു നൽകാറുണ്ട്. നിശ്ചിത കാലഘട്ടം സംഘടനയിൽ അംഗമായ ഒരാൾ പ്രവാസം നിർത്തി നാടണയുമ്പോൾ 35,000 രൂപ റിട്ടയർമെന്റ് അലവൻസ് നൽകുന്ന ഒരു വേറിട്ട രീതിയും ഇവർ പ്രാവർത്തികമാക്കുന്നുണ്ട്.
മരണപ്പെട്ട ഒരു അംഗത്തിന്റെ സാമ്പത്തിക പശ്ചാത്തലം മോശമായതിനാൽ അദ്ദേഹത്തിന്റെ കുട്ടികളുടെ പഠനാവശ്യത്തിനായി ഒരു ഫിക്സഡ് ഡെപ്പോസിറ്റ് നൽകിയതും മറ്റൊരു വ്യക്തി ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റലില് കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോൾ സംഘടന ഇടപെട്ട് വേണ്ട സഹായങ്ങൾ ചെയ്തു ഡിസ്ചാർജ് ചെയ്യാൻ മുൻകൈയെടുത്തതും ബാലകൃഷ്ണൻ അഭിമാനം തുളുമ്പുന്ന മിഴികളോടെ ഓർത്തെടുത്തു. കോവിഡിലും പ്രളയത്തിലും മറ്റും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തങ്ങളുടേതായ ഇടപെടലുകൾ ഈ സംഘടന നടത്തിയിട്ടുണ്ട്.
വനിതകൾ അടക്കം 218 അംഗങ്ങളുള്ള ഇവരുടെ കൂട്ടായ്മയിൽ പ്രാംരംഭകാലത്ത് 800ൽ പരം ആളുകൾ സജീവമായി ഉണ്ടായിരുന്നു. ആളുകളുടെ വസ്ത്ര സങ്കല്പങ്ങൾ മാറിയതോടെ പുതിയ ആളുകൾ ഈ മേഖലയിലേക്ക് വരാത്തതാണ് ഈ കുറവിന് കാരണം. തയ്യൽ തൊഴിലെടുത്ത് ജീവിക്കുന്നവരും തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നവരും കുടുംബമായി കഴിയുന്നവരും ഒക്കെയുണ്ട് ഇക്കൂട്ടത്തിൽ. ഇടക്ക് സംഘടിപ്പിക്കുന്ന ഒത്തുചേരലുകളും വിനോദ യാത്രകളും ഒക്കെയാണ് ഇവരുടെ കൂട്ടായ്മയെ സജീവമായി നിലനിർത്തുന്നത്.
നിലവിൽ ഷാർജയിൽ ജോലി ചെയ്യുന്ന അംഗങ്ങൾ മാത്രമായതിനാൽ ഷാർജ മലയാളി ടൈലേഴ്സ് അസോസിയേഷൻ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 2024 ൽ ഇരുപതാം വാർഷികം ഗംഭീരമാക്കാനും താൽപര്യമുള്ള പുതിയ തയ്യൽക്കാരെ സ്വാഗതം ചെയ്ത് അംഗബലം ശക്തിപ്പെടുത്താനും ഇവർക്ക് പദ്ധതിയുണ്ട്. മുൻ കമ്മിറ്റി ഭാരവാഹികളും പഴയകാല ടൈലർമാരുമായ പ്രബുദ്ധൻ മഞ്ഞോളിൽ, അച്യുതൻ അത്തിയാമ്പൂർ തുടങ്ങിയവർ സംഘടനക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഗുരുസ്ഥാനീയരായി ഇവരോടൊപ്പം തന്നെയുണ്ട്. സംഘടന രൂപീകൃതമായകാലം മുതൽ, സാംസകാരിക സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ ചന്ദ്രപ്രകാശ് എടമന രക്ഷാധികാരിയായി ഇന്നും സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

