അന്നം വിളമ്പുന്ന കൈകളുടെ പേരാണ് തോമസ്
text_fieldsതോമസ്
കോന്നി: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തോമസിെൻറ വരവ് കാത്തിരിക്കുകയാണ് കോന്നി താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും. ജീവിത പ്രാരാബ്ധങ്ങൾക്ക് ഇടയിലും കോന്നി താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികളുടെ അന്നദാതാവാണ് കോന്നി മരങ്ങാട്ട് മറ്റപ്പള്ളിയിൽ ചരിവുകാലായിൽ തോമസ് എന്ന 75കാരൻ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൃത്യം 12 മണി ആകുമ്പോൾ ഭക്ഷണവുമായി തോമസ് ആശുപത്രിയിൽ എത്തും.
ആശുപത്രിൽ എത്ര കിടപ്പുരോഗികൾ ഉണ്ടെങ്കിലും അവർക്കെല്ലാം ഭക്ഷണം നൽകിയ ശേഷമാണ് തോമസ് മടങ്ങുക. ഈ ദിവസങ്ങളിൽ നിരവധി രോഗികളാണ് ഭക്ഷണത്തിനായി തോമസിനെ കാത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കഞ്ഞിയും പയറും അച്ചാറും ആയിരുന്നു നൽകിയിരുന്നത്.
എന്നാൽ, വിവിധ അസുഖമുള്ള എല്ലാവർക്കും കഞ്ഞിയും പയറും അനുയോജ്യമല്ലാത്തതിനാൽ ഇപ്പോൾ ചോറും കറികളുമാണ് നൽകുന്നത്. അഞ്ച് വർഷമായി തളർന്ന് കിടക്കുന്ന ഭാര്യ റോസമ്മയെ ശുശ്രൂഷിക്കുന്നതും തോമസ് ഒറ്റക്കാണ്. ഇതിനിടയിലാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് വേണ്ട ആഹാരം പാകംചെയ്യുന്നതും.
എട്ടുമാസമായി കോന്നി താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹം കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. മുമ്പ് പല അനാഥാലയങ്ങളിലും ജോലി ചെയ്ത പരിചയവും ഇദ്ദേഹത്തിനുണ്ട്. രോഗികളുടെ മനസ്സ് അറിഞ്ഞ് ഭക്ഷണം നൽകുന്നതാണ് തനിക്ക് ഇഷ്ടമെന്നും തോമസ് പറയുന്നു.