'ദാഹമകറ്റിയ മണ്ണാണിത്, ഒരിക്കലും മറക്കില്ല'
text_fieldsനാരായണൻ
ബുറൈമി: പള്ളിക്കൽ നാരായണനെ ഓർമയില്ലേ? അര നൂറ്റാണ്ട് പിന്നിട്ട മലയാളി പ്രവാസ ജീവിതത്തിന്റെ വിവിധ ഏടുകളെ അനുഭവിപ്പിച്ച 'പത്തേമാരി'യിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. പതിറ്റാണ്ടുകൾ നീളുന്ന പ്രവാസത്തിന്റെ നോവും വേവുമെല്ലാം നെഞ്ചിലേറ്റിയ പള്ളിക്കൽ നാരായണനെ പോലൊരു നാരായണൻ ബുറൈമിയിലുണ്ട്, മലപ്പുറം വൈലത്തൂരിനടുത്ത് കരിങ്കപ്പാറയിലുള്ള കുണ്ടിൽ നാരായണൻ (63). 42 വർഷം നീണ്ട പ്രവാസം മതിയാക്കി ബുറൈമിയിലെ മലയാളികളുടെ നാരായണേട്ടൻ നാട്ടിലേക്ക് മടങ്ങുകയാണ്.
ബുറൈമി ഫിഷ് മാർക്കറ്റ് തുടങ്ങിയ നാൾ മുതലുള്ള സാന്നിധ്യമാണ് നാരായണൻ. നാല് പതിറ്റാണ്ടുകൊണ്ടുള്ള ബുറൈമിയുടെ വളർച്ച നേരിൽ കണ്ടയാൾ. താൻ വരുമ്പോൾ ഈ പ്രദേശം വിജനമായിരുന്നെന്ന് നാരായണൻ പറയുന്നു. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത കാലം. യു.എ.ഇയിലെ അൽഐനെയാണ് അന്ന് എല്ലാവരും എല്ലാത്തിനും ആശ്രയിച്ചിരുന്നത്. അവിടേക്ക് സിംഗിൾ ലൈൻ റോഡാണ്. വണ്ടിയിൽ ഒരു ദിർഹം കൊടുത്താൽ അൽഐനെത്താം.
അല്ലെങ്കിൽ ആഞ്ഞൊന്ന് നടന്നാൽ മതി. പക്ഷേ, താൻ ആദ്യമായി അൽഐനിൽ പോയത് അന്നത്തെ 500 ദിർഹം കൊടുത്തിട്ടാണെന്ന് നാരായണൻ പറയുന്നു. ഒരു ടാക്സി ഡ്രൈവർ കബളിപ്പിച്ചതാണത്. ഗൾഫിലേക്ക് വരാൻ ബോംബെയിലെത്തിയപ്പോഴാണ് പാസ്പോർട്ടിലെ ഫോട്ടോ ഈർപ്പം കയറി നശിച്ചുപോയെന്ന് അറിയുന്നത്. പിന്നെ പുതിയ പാസ്പോർട്ട് കിട്ടാൻ ഒരുമാസം വർളിയിൽ നിൽക്കേണ്ടി വന്നു. ഒരു കൊടിഞ്ഞിക്കാരന്റെ മുറിയിലാണ് വാടക്കക്ക് താമസിച്ചത്.
അവിടെ നിന്ന് വില കുറഞ്ഞ ഭക്ഷണം തേടി നടന്ന് 60 പൈസക്ക് ചോറ് വാങ്ങി കഴിച്ച ദിവസങ്ങളുണ്ട്. അങ്ങനെ കഷ്ടതകൾ നിറഞ്ഞ ബോംബെക്കാലത്തുനിന്ന് ഗൾഫ് എയറിലാണ് മസ്കത്തിലെത്തുന്നത്. അവിടെ നിന്ന് ടാക്സിയിലാണ് അൽഐനിലുള്ള സഹോദരൻ വേലായുധനെ കാണാൻ പോയത്. ആ യാത്രക്ക് ടാക്സി ഡ്രൈവർ 500 ദിർഹമാണ് വാങ്ങിയത്. എല്ലാ കാര്യത്തിനും അൽഐനെ ആശ്രയിക്കുന്നതിനാൽ അന്ന് ദിർഹമാണ് ബുറൈമിയിൽ പ്രചാരത്തിലുള്ളത്.
ഇന്നും താൻ കടയുടെ വാടക കൊടുക്കുന്നത് ദിർഹത്തിലാണെന്ന് നാരായണൻ പറയുന്നു. ബുറൈമിയിൽ ആദ്യം ഒരു അലൂമിനിയം പാത്രക്കടയിലാണ് ജോലി നോക്കിയത്. പിന്നീട് നാട്ടിലേക്ക് പോയി കല്യാണം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ബുറൈമി മത്സ്യ മാർക്കറ്റിൽ കട തുടങ്ങുന്നത്.
മാർക്കറ്റിൽ ആദ്യം കട തുറന്നത് താനാണെന്ന് നാരായണൻ പറയുന്നു. അന്നൊക്കെ ദുബൈയിൽനിന്ന് മീനെടുത്ത് കൊണ്ടുവന്നാണ് വിൽപന നടത്തിയിരുന്നത്. ഭാര്യ പത്മാവതി, മക്കളായ ബിന്ദു, ബീന, ബിനിസ, ബിപിൻ എന്നിവർ അടങ്ങുന്നതാണ് നാരായണന്റെ കുടുംബം. വീട് വെക്കാൻ കഴിഞ്ഞതും മക്കളുടെ വിവാഹം നടത്തിയതുമെല്ലാം പ്രവാസജീവിതത്തിന്റെ നേട്ടങ്ങളാണെന്ന് നാരായണൻ പറയുന്നു. മകൻ ബിപിൻ ബുറൈമിയിലുണ്ട്.
'ദാഹിച്ചുവലഞ്ഞാണ് ഞാൻ ആദ്യമായി ബുറൈമിയിലേക്ക് എത്തുന്നത്. അന്ന് പച്ചവെള്ളം ചോദിക്കാൻ പോലും ആരുമില്ലാത്തത്ര വിജനമാണ് ഇവിടം. ഒരു തോട്ടിലെ പായൽ നിറഞ്ഞ വെള്ളം കുടിച്ചാണ് ഞാൻ ദാഹമകറ്റിയത്. എനിക്ക് ദാഹജലമേകിയ, എന്റെ കുടുംബത്തിന് ജീവിതമേകിയ മണ്ണാണിത്. ഹൃദയത്തിനുള്ളിലാണ് ഇതുള്ളത്. ഒരിക്കലും മറക്കാൻ കഴിയില്ല' -നാരായണൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

