തേവർതോട്ടമൊരുക്കിയത് കഥാനുഭവങ്ങളുടെ ലോകം
text_fieldsതേവർതോട്ടം സുകുമാരൻ കഥാപ്രസംഗവേദിയിൽ
(ഫയൽ ചിത്രം)
കൊല്ലം: വി. സാംബശിവൻ കഥാപ്രസംഗവേദികളിൽ ജനമനസുകളെ കീഴടക്കിയ മുന്നേറിയകാലത്ത് കഥപറഞ്ഞ് കൈയടി നേടിയവരിൽ മറ്റൊരു പ്രധാനിയായിരുന്നു തേവർതോട്ടം സുകുമാരൻ. കഥാപ്രസംഗത്തോട് കുട്ടിക്കാലം മുതൽ ഏറെ താൽപര്യമുള്ളയാളായിരുന്നു. പിന്നീട് ജീവിതത്തിന്റെ കൂടുതൽ സമയവും കഥാപ്രസംഗത്തിനായി മാറ്റിവച്ചു. കേരളത്തിനകത്തും പുറത്തുമായി അവതരിപ്പിച്ച ക്ലാസിക്കുകളും ലോക സാഹിത്യത്തിലെ വിശ്രുത കൃതികളും കഥാപ്രസംഗ വേദിയിൽ വ്യത്യസ്ഥ അനുഭവമായി.
വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവർക്കൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനൊപ്പം സംഘടനയുടെ സെക്രട്ടറിയായി ദീർഘകാലം മികച്ച രീതിയിൽ സേവനമനുഷ്ടിക്കുകയും ചെയ്തു.
1966 ഒക്ടോബർ 1969 സെപ്റ്റംബർ മാസങ്ങളിൽ കുടുംബാസൂത്രണ പ്രചരണാർഥം കേരള സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച കഥാപ്രസംഗകനായി തെരഞ്ഞെടുത്തിരുന്നു. സ്വന്തമായി കഥയും കവിതയും ചിട്ടപ്പെടുത്തിയ ‘താമസിച്ചു വന്ന ദൈവം’, ‘ഒരു പോസ്റ്റുമാന്റെ കഥ’ എന്നീ കഥകൾ കേരളത്തിലുടനീളം 1500 ലധികം വേദികളിലാണ് അവതരിപ്പിച്ചത്.
കഥാപ്രസംഗ സംബന്ധിയായ ലേഖനങ്ങളും ഫീച്ചറുകളും വിവിധ ആനുകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾ, സർവകലാശാല യുവജനോത്സവം, കേരളോത്സവം എന്നിവയിൽ കഥാപ്രസംഗ മത്സരത്തിൽ ജഡ്ജായും അപ്പീൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു.
കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിർവാഹക സമിതിയംഗം, പുരോഗമന കഥാപ്രസംഗ കലാ സംഘടന രക്ഷാധികാരി, തോന്നയ്ക്കൽ മഹാകവികുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം, സാഹിത്യ പ്രവർത്തക സഹകരണ സംഘം മാനേജിങ് കമ്മിറ്റിയംഗം, എ.ആർ. രാജരാജവർമ്മ സ്മാരക സമിതിയംഗം (മാവേലിക്കര) എന്നീ നിലകളിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

