ബഷീർക്കായുടെ ഈ കടലപൊതിയിൽ കടലോളം സ്നേഹം...
text_fieldsബഷീർക്ക കടല കച്ചവടത്തിൽ
പാലക്കാട്: വിക്ടോറിയ കോളജിനടുത്ത് ചുണ്ണാമ്പുതറ റോഡിൽ വാഹനങ്ങളിൽ എത്തി കടലവാങ്ങുന്നവരുടെ തിരക്കാണ്. കാരണം ബഷീർക്കക്ക് കടല കച്ചവടമല്ല നേരിന്റെ അടയാളം കൂടിയാണ്. ബഷീർക്ക പെതിയുന്ന കടല സ്നേഹത്തിന്റെ കടലാസിലാണ്. കഴിഞ്ഞ 52 വർഷമായി ബഷീർക്ക ഇവിടെ റോഡരികിൽ കടല വറുത്ത് നൽകുന്നുണ്ട്. വഴിയേ പോകുന്നവർക്കെല്ലാം ബഷീർക്കയുടെ കടലയുടെ രുചി സൗജന്യമായി നുകരാം.
ഇന്ന് ഒരുപൊതി കടലക്ക് ഈടാക്കുന്നത് പത്തു രൂപയാണ്. മറ്റിടങ്ങളിൽ ഇരുപത് രൂപക്ക് നൽകുന്ന കടലയുടെ അളവ് ബഷീർക്കയുടെ ഒരു പൊതിയിൽ ഉണ്ടാകും. 53 വർഷമായി പി.എം.ജി സ്കൂളിനു മുന്നിൽ പെട്ടിക്കട ഉണ്ടായിരുന്നു. പകൽ പെട്ടിക്കടയും വൈകീട്ട് റോഡരികിലെ കടല കച്ചവടവുമായിരുന്നു പതിവ്. സ്കൂൾ കാലം മുതൽതന്നെ ഇദേഹത്തിന്റെ കടലയുടെ രുചിയറിഞ്ഞ പലരും ഇപ്പോഴും ബഷീർക്കയുടെ കടലക്കായി ഓടിയെത്തും.
ഇപ്പോൾ കുറച്ച് കാലമായി വൈകീട്ടുള്ള കടല വ്യാപാരം മാത്രമേ ഉള്ളൂ. ഒന്നാംതരം കടല മാത്രമേ ബഷീർക്ക വിൽപനക്കായി തിരഞ്ഞെടുക്കൂ. അതിലെ കല്ലും കേടും പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കിയാണ് വറുത്ത് വിൽപനക്കായി കൊണ്ടു വരിക. ഇപ്പോൾ എട്ടു വർഷമായി ഭാര്യാ സഹോദരൻ അബ്ബാസ് ബഷീർക്കക്ക് ഒപ്പം സഹായിയായുണ്ട്. അബ്ബാസിന് പകൽ സമയത്ത് കടലയുടെ മൊത്ത വിതരണവുമുണ്ട്. വിവാഹിതരായ രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ഭാര്യയുയുമുള്ള ബഷീർക്കാക്ക് ശിഷ്ഠജീവിതവും സത്യസന്ധതയോടെ ജീവിച്ചു തീർക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

