വിടവാങ്ങിയത് സ്നേഹം കൊണ്ട് ജനമനസ്സ് കീഴടക്കിയ പണ്ഡിതശ്രേഷ്ഠൻ
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരോടൊപ്പം കെ.പി. അബൂബക്കർ ഹസ്രത്ത്
കൊട്ടിയം: വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു ഞായറാഴ്ച വിടവാങ്ങിയ കെ.പി. അബൂബക്കർ ഹസ്രത്ത്. എളിമയും ഇസ്ലാമിക വിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യവുമാണ് ഇദ്ദേഹത്തെ എന്നും എല്ലാവർക്കും സ്വീകാര്യനാക്കിയത്. വൈജ്ഞാനിക ലോകത്തെ ഒരു വലിയ നക്ഷത്രമായിരുന്നു കെ.പി. അബൂബക്കർ ഹസ്രത്ത്. കേവലം ഒരു പണ്ഡിതൻ എന്നതിലുപരി, സ്നേഹനിധിയായ പിതാവിനെപ്പോലെ സമുദായത്തെ ചേർത്തുപിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അബൂബക്കർ ഹസ്രത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത പെട്ടെന്നൊന്നും നികത്താനാവില്ല.
വിവാദങ്ങൾക്കപ്പുറം സ്നേഹം കൊണ്ട് ജനമനസ്സുകളെ അദ്ദേഹം കീഴടക്കി. ആയിരക്കണക്കിന് മതപണ്ഡിതർക്ക് ആത്മീയ വെളിച്ചം പകർന്നുനൽകിയ ഗുരുവര്യർ. സംഘടനാ സങ്കുചിതങ്ങൾക്കപ്പുറം സ്നേഹം കൊണ്ട് മനുഷ്യരെ അടുപ്പിച്ച, അഭിപ്രായ ഭിന്നതകൾ നിലനിൽക്കെത്തന്നെ എല്ലാവരുമായി ഒരുമിച്ചുപോകണമെന്ന വലിയ നിലപാട് ഉയർത്തിപ്പിടിച്ച ആളായിരുന്നു ഹസ്രത്ത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാന്തപുരം വിഭാഗത്തിന്റെ നേതാവായ ഹൈദ്രോസ് മൗലവിയുമായി അദ്ദേഹം പുലർത്തിയ സൗഹൃദം സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന്റെ മത, സാംസ്കാരിക രംഗങ്ങളിൽ ഉന്നത രംഗങ്ങളിലുള്ള നിരവധിപേർ ഹസ്രത്തിന്റെ ശിഷ്യരാണ്.
എറണാകുളം ജില്ലയിലെ പടമുകളിലെ പുരാതന ദീനീ കുടുംബമായ കിഴക്കേക്കരയിലായിരുന്നു ജനനമെങ്കിലും കേരളത്തിലെ ദീനി സ്നേഹികൾക്കെല്ലാം പ്രിയങ്കരനായിരുന്നു ഹസ്രത്ത്. വിയോഗവാർത്തയറിഞ്ഞ് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് നെടുമ്പന മുട്ടയ്ക്കാവിലെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചത്. വലിയൊരു ശിഷ്യഗണത്തിന് ഉടമയായിരുന്നതിനാൽ വൻ ജനാവലിയാണ് ഇദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.
മന്ത്രി കെ.എൻ. ബാലഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ. ഹഫീസ്, എം. നൗഷാദ് എം.എൽ.എ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി, പാളയം ഇമാം വി.പി. സുഹെബ് മൗലവി, മുവാറ്റുപുഴ അഷ്റഫ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുത്തുക്കോയ തങ്ങൾ, സി.എ. മൂസാ മൗലവി, എം.പി. അബ്ദുൽ ഖാദർ മൗലവി, എ.കെ. ഉമർ മൗലവി, വി.എം. അബ്ദുല്ല മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, ഒ. അബ്ദുറഹ്മാൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, എ.കെ. ഉമർ മൗലവി, എം.എം. ബാവാ മൗലവി, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, വർക്കല രാജ്, ഡോ.പി. നസീർ, കടയ്ക്കൽ ജുനൈദ്, മുഹമ്മദ് കുഞ്ഞ് ഹസ്രത്ത്, എ.എം. ഇർഷാദ് ബാഖവി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, വിഴിഞ്ഞം സഈദ് മൗലവി, വൈ. സഫീർഖാൻ മന്നാനി, തടിക്കാട് സഈദ് മൗലവി, പുനലൂർ എം.എം. ജലീൽ, പനവൂർ നവാസ് മന്നാനി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, അഹമ്മദ് കബീർ ബാഖവി, ജില്ല പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, ഹൈദ്രോസ് മുസ്ലിയാർ, മുഹമ്മദ് കുഞ്ഞി സഖാഫി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഗനി, സെക്രട്ടറി വൈ. നാസർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അനീഷ് യൂസഫ്, ജമാഅത്തെ ഇസ്ലാമി സൗത്ത് കേരള പി.ആർ സെക്രട്ടറി സക്കീർ നേമം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൽ. നിസാമുദ്ദീൻ, നവാസ് പുത്തൻവീട്, ഇ.കെ. സിറാജ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, ഡി.സി.സി അംഗം ആസാദ്, നാസിമുദ്ദീൻ ലബ്ബ, കണ്ണനല്ലൂർ നിസാം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ഇമാമുമാർ, മതപണ്ഡിതർ തുടങ്ങി സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധി പ്രമുഖരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശിഷ്യനും ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാനുമായ എ.കെ. ഉമർ മൗലവി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

