പോപ്പും സെന്റ് ലോറെന്‍സോ ക്ലബും പിന്നെ ഫുട്ബാളും
text_fieldsഅർജന്റീനയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ തന്റെ സ്വപ്നങ്ങളെ കാൽപ്പന്തിനോട് ചേർത്തുവെച്ചയാളായിരുന്നു ഫ്രൻസിസ് മാർപാപ്പ. അർജന്റീനയിലെ ബ്വേനസ് എയ്റിസിന്റെ തെരുവീഥികളിൽ കുട്ടിക്കാലത്ത് ഫുട്ബാളും ബാസ്കറ്റ്ബാളും കളിച്ച് വളർന്നയാൾ. വിജയത്തിന്റെ ലഹരിയും തോൽവിയുടെ വേദനയും കൂട്ടായ്മയുടെ ശക്തിയുമെല്ലാം അദ്ദേഹം കളിക്കളത്തിൽ നിന്നുതന്നെ പഠിച്ചു. സെന്റ് ലോറെന്‍സോ ക്ലബിന്റെ ജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും തോല്‍വിയില്‍ ദുഃഖിക്കുകയും ചെയ്യുന്ന ഒരു സാധാരണ ഫുട്ബാള്‍ പ്രേമിയായിരുന്നു അദ്ദേഹം. ബ്വേനസ് എയ്റിസിലെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ സാൻ ലൊറെൻസോ ക്ലബിന്റെ ആസ്ഥാനത്തിനടുത്താണ് പോപ്പ് താമസിച്ചിരുന്നത്.
1908 ഏപ്രില്‍ ഒന്നിനാണ് സാന്‍ ലോറെന്‍സോ ക്ലബ് രൂപം കൊണ്ടത്. ബ്വേനസ് എയ്റിസിന്റെ തെരുവുകളില്നിന്നെത്തുന്ന കുട്ടികള്‍ ബോയിഡോ തെരുവുകളില്‍ ഫുട്ബാള്‍ കളിക്കാന്‍ എത്തിയിരുന്നു. തെരുവില്‍ കളിക്കുന്നതിനിടെ അപകടം ഉണ്ടായതിനെത്തുടര്‍ന്ന് ഫാദർ ലോറെന്‍സോ തന്റെ ഇടവക പള്ളിയുടെ പിന്നിലുള്ള മൈതാനം കുട്ടികള്‍ക്കു തുറന്നുകൊടുത്തു. പിന്നീട് ഫാദർ ലോറെന്‍സോയുടെ പേരില്‍ അറിയപ്പെട്ട ക്ലബ് അര്‍ജന്റീനയുടെ ഫുട്ബാള്‍ ചരിത്രത്തിലെ പ്രമുഖ ടീമായി. 2008ൽ മാർപാപ്പ ക്ലബിന്റെ ഓണററി അംഗവുമായി.
വ്യക്തിപരമായ തിരക്കുകൾക്കിടയിലും കളിയെ അദ്ദേഹം അടുത്തുനിന്ന് നോക്കിക്കണ്ടു. അർജന്റീന ടീമിന്റെ ആകാശനീലിമക്കൊപ്പം എപ്പോഴും കണ്ണയച്ചു. കളിയെക്കുറിച്ച് പോപ്പിനുള്ള ആഴത്തിലുള്ള ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ‘മാർക’ ദിനപത്രം ഒരിക്കൽ എഴുതി. ജീവിച്ചിരിക്കുന്ന പ്രമുഖ കളിക്കാരൊക്കെയും വത്തിക്കാനിലെത്തി അദ്ദേഹത്തെ കണ്ട് അനുഗൃഹീതരായി.
കളിചരിത്രത്തിൽ തനിക്കിഷ്ടപ്പെട്ട മൂന്നു മഹാരഥന്മാർ ആരൊക്കെയെന്നും ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നാട്ടുകാരായ ഡീഗോ മറഡോണക്കും ലയണൽ മെസ്സിക്കും പുറമെ പെലെയാണ് അദ്ദേഹത്തിന്റെ മനം കവർന്ന മറ്റൊരാൾ. ഫുട്ബാൾ ആളുകളെ തമ്മിൽ ചേർത്തുനിർത്തുന്നുവെന്നത് ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു. മറ്റെല്ലാ രംഗത്തുമെന്ന പോലെ സ്പോർട്സിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ലോകത്തിനുവേണ്ടിയായിരുന്നു. കായിക മഹാമേളകളായ ഒളിമ്പിക്സും ലോക കപ്പ് ഫുട്ബാളും അരങ്ങേറുമ്പോൾ വ്യക്തമായ സന്ദേശങ്ങളിലൂടെ തന്റെ നിലപാടുകൾ മാർപാപ്പ അറിയിച്ചിരുന്നു. അർജന്റീന ലോകചാമ്പ്യന്മാരായ ഖത്തർ ലോകകപ്പിനു മുമ്പും അദ്ദേഹം തന്റെ സന്ദേശം നൽകി. ‘രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിനും ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സമാധാനത്തിനും ഖത്തർ ലോകകപ്പ് അവസരമാകണം’ എന്നായിരുന്നു അത്. കഴിഞ്ഞ വർഷത്തെ പാരിസ് ഒളിമ്പിക്സിന് മുന്നോടിയായും ലോകത്തിന് ആ സന്ദേശമെത്തി. മറ്റെല്ലാ മേഖലകൾക്കുമെന്നതുപോലെ കായിക മേഖലക്കും ഫ്രാൻസിസ് പാപ്പയുടെ വേർപാട് വലിയൊരു നഷ്ടമാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

