വനിത കോളജിൽ 'ചോക്ലറ്റ്' നായകനായി ശ്രീക്കുട്ടൻ
text_fieldsസഹപാഠികളോടൊപ്പം ശ്രീക്കുട്ടൻ
കോഴിക്കോട്: ചോക്ലറ്റ് എന്ന സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ശ്യാം ബാലഗോപാൽ എന്ന കഥാപാത്രത്തെ ഓർമയില്ലേ? അതാണ് ശ്രീക്കുട്ടന്‍റെയും അവസ്ഥ. മലബാറിലെ ആദ്യത്തെ വനിത കോളജായ കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിലെ ഏക പുരുഷ വിദ്യാർഥി.
70 വർഷം പാരമ്പര്യമുള്ള വനിത കോളജിൽ പഠിക്കാൻ വേണ്ടി ആദ്യമെത്തിയ ആൺകുട്ടി. കോളജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്‍റിലെ ഗവേഷണ വിദ്യാർഥിയാണ് കൊല്ലം തിരുമുല്ലവാരം സ്വദേശിയായ എസ്. ശ്രീക്കുട്ടൻ. ഏറെ ആശങ്കകളോടെയും അങ്കലാപ്പോടെയുമാണ് ശ്രീക്കുട്ടനും ഇവിടേക്കെത്തിയത്. പക്ഷേ, ശ്യാം ബാലഗോപാലിനെപോലെ ഒരു ബുദ്ധിമുട്ടും തനിക്ക് അനുഭവപ്പെടുന്നില്ലെന്ന് ആണയിട്ടുപറയുന്നു ശ്രീക്കുട്ടൻ.
സമകാലീന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം. വിഷയത്തിന് അനുയോജ്യയായ ഗൈഡിനെ അന്വേഷിച്ച് കണ്ടെത്താൻ കുറെ ശ്രമിച്ചിരുന്നു. അങ്ങനെയാണ് പ്രോവിഡൻസ് കോളജിലെ പ്രഫസറായ ഡോ. ശാന്തി വിജയന്‍റെ കീഴിൽ ഗവേഷണമാരംഭിച്ചത്.
''കൊല്ലത്തെ ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി കാമ്പസിൽ പഠിപ്പിക്കുന്നതിനിടെയാണ് ഇവിടെ ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചത്. മൂന്നുമാസമായി ഇവിടെ പഠിക്കാൻ തുടങ്ങിയിട്ട്. ആദ്യകാലങ്ങളിൽ മറ്റു വിദ്യാർഥിനികൾ തന്നെ സൂക്ഷിച്ചുനോക്കുമായിരുന്നു.
ഇപ്പോൾ എല്ലാവരും പൊരുത്തപ്പെട്ടു. ലൈബ്രറി, റീഡിങ് റൂം, കാന്‍റീൻ എന്നിവിടങ്ങളിലെല്ലാം പെൺകുട്ടികളോടൊത്തു തന്നെയാണ് ചെലവഴിക്കാറുള്ളത്. ഒരിക്കൽപോലും ആൺകുട്ടിയാണെന്ന ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഒപ്പം റിസർച് ചെയ്യുന്ന പെൺകുട്ടികൾ ഉറ്റ ചങ്ങാതിമാരാണ്.
പ്രഫസർമാരായും ജീവനക്കാരായും മറ്റും കോളജിൽ ഒട്ടേറെ പുരുഷ ജീവനക്കാരുണ്ട്. അടുത്ത രണ്ടു മൂന്നു വർഷത്തേക്ക് ഇവിടെത്തന്നെയായിരിക്കും ജീവിതം. ഇവിടെ നിന്നും എങ്ങും പോകാൻ ഉദ്ദേശിക്കുന്നില്ല'' -ശ്രീക്കുട്ടൻ തറപ്പിച്ചുപറയുന്നു.
യു.ജി.സി നിയമപ്രകാരം എല്ലാ ഡിപ്പാർട്മെന്‍റുകളിലും ഗവേഷണത്തിനായി ഒരു സീറ്റ് ആൺകുട്ടികൾക്ക് നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ആരും സമീപിക്കാത്തതിനാൽ നൽകാൻ കഴിഞ്ഞില്ലെന്നേയുള്ളൂ. മറ്റു ഡിപ്പാർട്മെന്‍റിൽ ആൺകുട്ടികൾ വന്നാലും സീറ്റ് നൽകുമെന്ന് കോളജ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

