ദി മെലഡിയസ്റ്റ് ഡോക്ടർ
text_fieldsഡോ. വിമൽ കുമാർ
കോഴിക്കോടിന്‍റെ കടൽത്തീരത്ത്, തിരമാലകൾ അലയടിച്ചു കൊണ്ടിരിക്കുന്ന ഒരിടത്ത് നിന്നാണ് ഈ കഥ തുടങ്ങുന്നത്. ബാബുരാജിന്‍റെ സ്വന്തം കോഴിക്കോട്..., അന്ന് അലയടിച്ചുയർന്ന തിരമാലകൾക്ക് ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു. ‘സ രി സ രി ഗ… രി ഗ രി ഗ മ… ഗ മ ഗ മ പ… മ പ മ പ ധ എന്ന ആ സ്വര വിന്യാസം അന്തരീക്ഷത്തിൽ അലയടിച്ചു. രാഗഭാവം നിറഞ്ഞ് ഒഴുകിയെത്തിയ ആ ഈണം കേട്ട്, കടലിന്‍റെ ഓളങ്ങൾ പോലും അതിന്‍റെ താളത്തിൽ തലയാട്ടി നൃത്തം വയ്ക്കുന്നതായി തോന്നി. അതെ, ആ തിരമാലകൾ താളമിട്ട് തീരത്തേക്ക് അണയുമ്പോൾ, കൂടെ കേട്ടിരുന്ന ഒരു ദിവ്യസംഗീതമുണ്ട്. അത് ഒരു അനുഗ്രഹം പോലെയായിരുന്നു.
കടലിനോട് ചേർന്ന്, പിതാവിന് അനുവദിച്ച സർക്കാർ വക കെട്ടിടത്തിലായിരുന്നു വിമൽ കുമാർ എന്ന ബാലന്‍റെ വാസം. ചെറിയ ആ വസതിയുടെ പ്രധാന ഇടങ്ങൾ മാതാപിതാക്കളും ജ്യേഷ്ഠനും ഉപയോഗിച്ചിരുന്നതിനാൽ, ആ വീട്ടിലെ ഇടുങ്ങിയ ബാൽക്കണി ആയിരുന്നു അവന്‍റെ ലോകം. ആ ചെറിയ ബാൽക്കണിയുടെ ഒരു മൂലയിൽ, പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് വാങ്ങിയ തന്‍റെ പ്രിയപ്പെട്ട ഹാർമോണിയം സൂക്ഷിച്ചിരുന്നു.
അവൻ എപ്പോഴും ആ ഹാർമണിയും ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുമായിരുന്നു. കടൽക്കാറ്റേറ്റ് തുരുമ്പിച്ച അതിന്‍റെ താക്കോലുകളിൽ വിരലോടിച്ച് അവൻ സ്വന്തമായി ഈണങ്ങൾ മെനയും. കേട്ടിരുന്ന സംഗീതമായിരുന്നില്ല അത്; അവൻ സ്വയം കണ്ട സ്വപ്നങ്ങളുടെ ശബ്ദമായിരുന്നു. ആ മണൽത്തരികളിൽ ഇരുന്നുകൊണ്ട് അവൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ പലപ്പോഴും തിരമാലകളുടെ ശബ്ദത്തെപ്പോലും കവച്ചുവെച്ച് മനസ്സിൽ മായാതെ നിന്നു.
വർഷങ്ങൾ കടന്നുപോയി. കോഴിക്കോടിന്‍റെ മണൽത്തീരത്ത് സ്വപ്നം കണ്ട ആ കണ്ണുകൾ ഇന്ന് ലോകം കണ്ടു. അതെ ഇന്ന് ഡോക്ടർ വിമൽ കുമാർ കാലിപുറയത്ത് ദുബൈയിലെ തിരക്കേറിയ ഒരു പ്രശസ്ത ആശുപത്രിയിൽ രാപകലില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധ ദന്ത ഡോക്ടറാണ്. മനുഷ്യന്‍റെ ആരോഗ്യത്തിനായി, രോഗികളുടെ പുഞ്ചിരിക്ക് വേണ്ടി, വേദനയില്ലാത്ത ചികിത്സകൾക്ക് വേണ്ടി അദ്ദേഹം തന്‍റെ വൈദഗ്ധ്യം സമർപ്പിക്കുന്നു. തന്‍റെ ജോലിയുടെ പകുതി സമയം അദ്ദേഹം ഈ ആരോഗ്യസേവനത്തിനായി മാറ്റിവയ്ക്കുന്നു.
എന്നാൽ, ഈ തീവ്രമായ ഔദ്യോഗിക ജീവിതത്തിനപ്പുറം, ബാക്കിയുള്ള സമയം അദ്ദേഹം മലയാള സംഗീത ലോകത്തിനായി സമർപ്പിക്കുന്നു. അങ്ങകലെ മലയാള സിനിമയുടെ ലോകത്ത് നമ്മൾ മൂളിക്കൊണ്ടിരിക്കുന്ന പല മനോഹര ഗാനങ്ങളുടെയും പിന്നിൽ ആ കൈകളാണ്. നിരവധി ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും ഈണം നൽകിയ ശേഷം, മലയാള സിനിമയിലും അദ്ദേഹം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ, അഖിൽ കവുങ്ങാൽ സംവിധാനം ചെയ്ത അമർ പ്രേം നിർമ്മിച്ച ‘ഡിയർ ജോയ്’ എന്ന ചിത്രത്തിന് സംഗീതം നൽകിയതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചലച്ചിത്ര സംഭാവന. ഡോ. വിമൽ കുമാർ, ഒരേ സമയം ആരോഗ്യ വിദഗ്ദ്ധനായും സംഗീത സംവിധായകനായും ജീവിക്കുന്നു.
ഈ രണ്ട് ജീവിതങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ രഹസ്യം അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ട്. അതൊരിക്കലും ഒരു ഭാരമായി അദ്ദേഹം കാണുന്നില്ല. ‘എന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ സമ്മർദ്ദം കുറക്കുന്നു. സംഗീതം എന്‍റെ മനസ്സിന് ശാന്തത നൽകുന്നു, അതെന്‍റെ ജോലിക്ക് കരുത്തു നൽകുന്നു. ഒന്ന് മറ്റൊന്നിന്‍റെ പൂർണ്ണതയാണ്,’ അദ്ദേഹം പറയും.
യേശുദാസിനൊപ്പം ഡോ. വിമൽ കുമാർ
അദ്ദേഹത്തിന്‍റെ ജീവിതം യുവതലമുറയ്ക്കുള്ള ഒരു പാഠമാണ്. അഭിനിവേശത്തെയും തൊഴിലിനെയും സമന്വയിപ്പിക്കുമ്പോൾ, അത് എത്ര മനോഹരമായ ഒരു അസ്‌തിത്വമായി മാറുന്നു എന്ന് ഡോക്ടർ വിമൽ കുമാർ തെളിയിക്കുന്നു. ഇഷ്ടപ്പെട്ട വഴിയിൽ നടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുട്ടിക്കും ഇതൊരു പ്രചോദനമാണ്. അതെ, സ്വന്തം ഇഷ്ടങ്ങളെയും ഉപജീവനമാർഗ്ഗത്തെയും ഉപേക്ഷിക്കാതെ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഈ ഡോക്ടർ നമ്മെ പഠിപ്പിക്കുന്നു.
കോഴിക്കോടിന്‍റെ തീരത്ത് തുടങ്ങിയ ആ ഹാർമോണിയം സംഗീതം, ഇന്ന് ദുബൈയിയുടെ തിരക്കിലും മലയാള സിനിമയുടെ തിരയിലും അലയടിക്കുന്നുണ്ടെങ്കിൽ, അത് തീർച്ചയായും ഒരു വലിയ പ്രചോദനമാണ്. ഒരു ദിവസം നമുക്കെല്ലാവർക്കും ഇരുപതിനാലു മണിക്കൂർ മാത്രമേ ലഭിക്കുന്നുള്ളൂ. ജീവിതവും വിജയത്തിലേക്കുള്ള വഴിയും, ഈ സമയത്തെ നമ്മൾ എത്രത്തോളം മൂല്യവത്തായി ഉപയോഗിക്കുന്നു എന്നതിലാണ് ആശ്രയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

