പൊരുതി നേടി; ലുഖ്മാൻ ഡോക്ടറായി
text_fieldsഡോ. ലുഖ്മാൻ
ആലപ്പുഴ: പത്രവും പാലും വിറ്റ് നടക്കുമ്പോഴും ലുഖ്മാന്റെ മനസ്സുനിറയെ ആ വലിയ സ്വപ്നമായിരുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും അവൻ അത് വിടാതെ പിന്തുടർന്നു. ഒടുവിൽ ആഗ്രഹിച്ചത് നേടി. കഴിഞ്ഞദിവസം കർണാടകയിലെ ഹുബ്ലിയിലുള്ള കിംസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന എം.ബി.ബി.എസ് ബിരുദദാന ചടങ്ങ് അതിന് തെളിവായി. നാടിനും വീടിനും അഭിമാനകരമായ ആ നേട്ടം പുതുതലമുറക്ക് മാതൃകയുമാണ്.
അമ്പലപ്പുഴ കോമന കിഴക്കേവൈമ്പാല വീട്ടിൽ കൂലിപ്പണിക്കാരനായ നൂറുദ്ദീന്റെ മകൻ ലുഖ്മാൻ ഡോ. ലുഖ്മാൻ ആയത് പ്രേചാദനാത്മകമായ ഒരു കഥ കൂടിയാണ്. പത്രം കൊടുത്തും പാൽ വിറ്റുമായിരുന്നു പഠനത്തിന് പണം കണ്ടെത്തിയത്. ലുഖ്മാന്റെ ചെറുപ്പം മുതൽ ഉമ്മ കണ്ട സ്വപ്നം കൂടിയാണ് ഈ മിടുക്കൻ സാക്ഷാത്കരിച്ചത്. മഹനീയ നിമിഷത്തിന്, കണ്ണുനിറഞ്ഞ് സാക്ഷ്യം വഹിക്കാൻ പിതാവ് നൂറുദ്ദീനും മാതാവ് പാരിസയും അടങ്ങുന്ന കുടുംബവും ഹുബ്ലിയിൽ എത്തിയിരുന്നു.
ഇരുചക്ര വാഹനത്തിൽ ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരക്കുകൾ എത്തിച്ചാണ് പിതാവ് നൂറുദ്ദീൻ കുടുംബം പുലർത്തുന്നത്. മാതാവ് തൊഴിലുറപ്പ് തൊഴിലാളിയാണ്. വർഷങ്ങളായി പശുവളർത്തി, വീടുകളിൽ പാൽ നേരിട്ട് എത്തിക്കുന്ന ജോലിയും ഇവർ ചെയ്യുന്നു. കാക്കാഴത്തും അമ്പലപ്പുഴയിലെ കുഞ്ചുപിള്ള ഹൈസ്കൂളിലുമായിരുന്നു ലുഖ്മാന്റെ പഠനം. പ്ലസ് ടുവിന് 1200ൽ 1200 മാർക്കും നേടി.
വീട്ടിലുള്ളപ്പോഴൊക്കെ മാതാപിതാക്കളെ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകുമായിരുന്നു. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചറിഞ്ഞ് വളർന്ന ലുഖ്മാൻ ഇനി നാടിനും വീടിനും തണലാകും. കുട്ടിക്കാലത്ത് മനസ്സിൽ മുളച്ച ആഗ്രഹമാണ്, വീട്ടിൽ ഇതിനുള്ള സാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ടും നേടിയെടുക്കാനായതെന്ന് ലുഖ്മാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹമാണ് എല്ലാത്തിലും വലുത്- ലുഖ്മാൻ പറയുന്നു. സത്താർ, നൗഫില എന്നിവരാണ് സഹോദരങ്ങൾ.