ആ ചിത്രം പകർത്തിയത് നിക് ഊട്ടല്ല
text_fieldsകിം ഫുക്കിനൊപ്പം ‘നാപാം ഗേൾ’ ചിത്രവുമായി നിക് ഊട്ട്
ആംസ്റ്റർഡാം: വിയറ്റ്നാം യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ‘നാപാം ഗേൾ’ എന്നറിയപ്പെട്ട ചിത്രത്തിന്റെ ഉടമസ്ഥാവകാശം വേൾഡ് പ്രസ് ഫോട്ടോ നീക്കി. വിയറ്റ്നാം-അമേരിക്കൻ ഫോട്ടോഗ്രാഫറായ നിക് ഊട്ടിന്റെ പേരാണ് ചിത്രമെടുത്ത ഫോട്ടോഗ്രാഫർ എന്ന പദവിയിൽ നിന്ന് നീക്കിയത്.
നിക് ഊട്ടിന്റെ പേരിന് പകരം ‘അറിയില്ല’ എന്നാകും ഇനിയുണ്ടാവുക. 53 വർഷം മുമ്പ് ആരാണ് ആ ദൃശ്യം പകർത്തിയതെന്ന സംശയം വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് വേൾഡ് പ്രസ് ഫോട്ടോയുടെ നടപടി.
ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രം അസോസിയേറ്റഡ് പ്രസ് ഫോട്ടോ എഡിറ്റർ നിക് ഊട്ടിന്റെ പേരിൽ നൽകുകയായിരുന്നെന്ന് ‘ദ സ്ട്രിംഗർ’ എന്ന ഡോക്യുമെന്ററിയിൽ അവകാശപ്പെട്ടിരുന്നു.
ഫ്രീലാൻസർ ഫോട്ടോഗ്രാഫറായ നോയൻ ടാനിനെ ആണ് ചിത്രമെടുത്തതെന്നാണ് ഡോക്യുമെന്ററി വാദം. ആ ചിത്രം 20 ഡോളറിന് അസോസിയേറ്റഡ് പ്രസിന് വിൽക്കുകയായിരുന്നുവെന്നും നോയൻ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഡോക്യുമെന്ററിയുടെ അവകാശവാദങ്ങൾക്കെതിരെ രംഗത്തെത്തിയ നിക് ഊട്ട്, അപകീർത്തിപരമായ നടപടിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ചിത്രമെടുത്തത് നിക് ഊട്ടാണെന്ന് അസോസിയേറ്റഡ് പ്രസും വ്യക്തമാക്കി.
യു.എസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ വിയറ്റ്നാം പെൺകുട്ടി കിം ഫുക്ക്, നഗ്നയായി, കൈകൾ നീട്ടി നിലവിളിക്കുന്ന ചിത്രം ലോകത്തിന്റെ നെഞ്ചുലച്ചിരുന്നു. 1972 ജൂൺ എട്ടിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 1973ൽ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും പുലിറ്റ്സർ സമ്മാനവും ചിത്രത്തെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

