സലിം മാസ്റ്ററുടെ സ്വപ്നങ്ങളിൽ പൂക്കോട്ടൂരിന് പുതുമാതൃക
text_fieldsപൂക്കോട്ടൂര്‍: നൂറ്റാണ്ടിന്റെ ചരിത്രമുള്ള പൂക്കോട്ടൂര്‍ ഗവ. ഓള്‍ഡ് എല്‍.പി സ്കൂളിന്റെ സാരഥ്യത്തിന് അധ്യാപക ദിനത്തിൽ പ്രത്യേകതകള്‍ ഏറെയാണ്. പോയകാലത്തെ പോരായ്മകള്‍ തരണംചെയ്ത് ഡോക്ടറേറ്റ് നേടി ജില്ലയിലെത്തന്നെ മികച്ച അധ്യാപകനായ പൂർവ വിദ്യാര്‍ഥി വി.പി. സലിം പി.ടി.എ പ്രസിഡന്റായ വിദ്യാലയം. 2003 മുതല്‍ അധ്യാപന രംഗത്ത് സജീവമായ വലിയ പീടിയക്കല്‍ സലിമിന്റെ സ്വപ്നം ആദ്യക്ഷരം പകര്‍ന്നു നല്കിയ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിന്റെ അനിര്‍വചനീയമായ വികസനത്തില്‍ എത്തിനില്‍ക്കുന്നു. 2009ല്‍ അരിമ്പ്ര സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചപ്പോഴും നാട്ടിലെ കുട്ടികളെ പൊതുവിദ്യാലയത്തിലെത്തിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പുനരുദ്ധരിക്കാനും അക്ഷീണം പരിശ്രമിച്ച നാടിന്റെ ജനകീയ അധ്യാപകന് കക്ഷി രാഷ്ട്രീയമില്ലാതെ പിന്തുണയേറി. വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായ നവതലമുറയിലെ അധ്യാപകന് തളര്‍ന്നുപോയ നാട്ടുവിദ്യാലയത്തിന്റെ ഉണർവില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ അതൊരു ഉണർവായി.
2012 -13 കാലഘട്ടം മുതല്‍ പൂക്കോട്ടൂര്‍ ഓള്‍ഡ് ഗവ. എല്‍.പി സ്കൂളിലെ പി.ടി.എ പ്രസിഡന്റായ സലിം ലഭ്യമായ വഴികളെല്ലാം തേടി വിദ്യാലയത്തില്‍ ഡസ്റ്റ് ഫ്രീ കാമ്പസ്, മാതൃക ലൈബ്രറി, ശീതീകരിച്ച എജുറ്റോറിയം, കിഡ്സ് പാര്‍ക്ക്, പരിമിത സൗകര്യങ്ങളില്‍ ടര്‍ഫ് മൈതാനം, ആധുനിക അടുക്കള, ഡൈനിങ് ഹാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കി. പഠന പ്രവര്‍ത്തനത്തില്‍ അരിമ്പ്ര സ്കൂളിലും ഡെപ്യൂട്ടേഷനില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി, പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു പൊതുവിദ്യാഭ്യാസ ശാക്തീകരണം ചേര്‍ത്തുപിടിച്ചത്. ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമാണ്. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷ വി.പി. സുമയ്യയാണ് ഭാര്യ. മക്കള്‍: അജാസ് മുഹമ്മദ്, ഐഷ ഇഷാര.