പാൽക്കാരന്റെ മകൻ, 15-ാം വയസ്സിൽ അധ്യാപകൻ; സൃഷ്ടിച്ചത് 550 ഐഐടിക്കാരെ
text_fieldsആനന്ദ് പ്രകാശ് ചൗക്സി വിദ്യാർഥികൾക്കൊപ്പം
ബുർഹാൻപൂർ: പഴയ കല്ലുകളും ചരിത്രത്തിന്റെ ഓർമകളും കൊണ്ട് അറിയപ്പെടുന്ന മധ്യപ്രദേശിലെ ബുർഹാൻപൂർ എന്ന ചെറിയ പട്ടണത്തിൽ നിന്നാണ് ആനന്ദ് പ്രകാശ് ചൗക്സി എന്ന അധ്യാപകന്റെ കഥ തുടങ്ങുന്നത്.
എൻജിനീയറാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ എല്ലാ ആഗ്രഹങ്ങളും പിന്തുടരാൻ കുടുംബത്തിന്‍റെ സാഹചര്യം അനുവദിച്ചില്ല. പാൽ വിറ്റായിരുന്നു കുടുംബത്തിന്റെ ഉപജീവനം.
എന്നാൽ കയ്യെത്തും ദൂരത്ത് മറ്റൊന്നുണ്ടായിരുന്നു, പഠിപ്പിക്കുക എന്നത്. പതിനഞ്ചാം വയസ്സിലാണ് അദ്ദേഹം ആദ്യമായി പഠിപ്പിക്കാൻ തുടങ്ങിയത്. അത് ഒരു സ്ഥാപനത്തിന്റെ തുടക്കമായിരുന്നില്ല. അറിയാവുന്ന കാര്യങ്ങൾ തന്റെ മുന്നിൽ വന്ന കുട്ടികളെ പഠിപ്പിക്കുക എന്ന ചെറിയ ജോലി മാത്രമായിരുന്നു. പക്ഷെ കാലക്രമേണ അത് വലുതാകുകയായിരുന്നു.
ആദ്യം സോനു കോച്ചിംഗ് ക്ലാസസ് ആയി തുടങ്ങി പിന്നീട് ന്യൂ വിഷൻ ഹയർ സെക്കൻഡറി സ്കൂളായി. 2002-03 കാലഘട്ടത്തിലാണ് അത് മാക്രോ വിഷൻ അക്കാദമിയായി രൂപം കൊള്ളുന്നത്.
ബുർഹാൻപൂരിലെ ആ ചെറിയ തുടക്കത്തിൽ നിന്ന് ഒരു റസിഡൻഷ്യൽ സിബിഎസ്ഇ സ്കൂൾ ഉയർന്നുവരികയും പിന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു വിദ്യാലയമായി അത് മാറുകയായിരുന്നു. പ്രദേശത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ വലിയ മാറ്റം കൊണ്ടുവന്ന സ്ഥാപനം കൂടിയാണിത്.
ഒരു കുട്ടി ജനിക്കുന്ന സ്ഥലം അവന്റെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കരുത് എന്ന ആശയത്തിൽ നിന്നാണ് 1998-ൽ ആനന്ദ് എജ്യുക്കേഷണൽ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ന്യൂ വിഷൻ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസം, പൊതു അവബോധം, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ്, തൊഴിലധിഷ്ഠിത പഠനം എന്നിവ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി രൂപീകരിച്ചത്.
നാലോ അഞ്ചോ പേരെ പഠിപ്പിക്കാൻ തുടങ്ങിയത് പതിയെ ക്ലാസ് മുറികൾ നിറയെ വിദ്യാർഥികളുള്ള ഒരു സ്ഥാപനമായി മാറുകയായിരുന്നു. മാക്രോ വിഷൻ അക്കാദമി(എംവിഎ) യിലെ വിദ്യാർത്ഥികൾ ദേശീയ പരീക്ഷകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 2025 ൽ അക്കാദമിയിലെ വിദ്യാർഥിയായ മാജിദ് മുജാഹിദ് ഹുസൈൻ ജെഇഇ അഡ്വാൻസ്ഡിൽ ഓൾ ഇന്ത്യ തലത്തിൽ മൂന്നാം റാങ്ക് നേടിയതോടെ അക്കാദമി വാർത്തകളിലിടം പിടിച്ചു.
അക്കാദമിയുടെ കണക്കുകൾ പ്രകാരം 550 ലധികം വിദ്യാർഥികൾ ഐഐടി/ജെഇഇ നേടുകയും 1900 പേർ ജെഇഇ മെയിനും 630 പേർ നീറ്റും 80 ലധികം വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പ്രവേശനവും നേടിയിട്ടുണ്ട്. 1200 ലധികം പേർ ഐഐടി, നീറ്റ് പരീക്ഷകളിൽ വിജയിച്ചിട്ടുമുണ്ട്.
തുടക്കം മുതൽ ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ശ്രദ്ധിച്ച മാക്രോ വിഷൻ അക്കാദമിക്ക് 2020 ൽ ആപ്പിൾ ഡിസ്റ്റിംഗ്വിഷ്ഡ് സ്കൂൾ അംഗീകാരം ലഭിച്ചു.
ഭാര്യ മഞ്ജുഷക്കായി താജ്മഹലിന്റെ മാതൃകയിൽ വീട് നിർമ്മിച്ചതിലൂടെ ആനന്ദ് ചൗക്സി നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പണിത ഈ വീടിന്റെ നിർമ്മാണം 2021ലാണ് പൂർത്തിയായത്. എംവിഎയുടെ അക്കാദമിക് ഡയറക്ടർ കൂടിയാണ് ഭാര്യ മഞ്ജുഷ.
ചെറിയ നാട്ടിൽ നിന്നും വലിയ സ്വപ്നങ്ങൾ കാണാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകനും അദ്ദേഹത്തിന്റെ വിദ്യാലയവും.

