ഡൽഹിയിലെ തൽ സൈനിക് ക്യാമ്പിൽ മെഡൽ നേടി ജോർജ് ഹെൻട്രി
text_fieldsജോർജ് ഹെൻട്രി
തൊടുപുഴ: എൻ.സി.സി ദേശീയതലത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാമ്പിൽ താരമായി തൊടുപുഴ ന്യൂമാൻ കോളജിലെ ജോർജ് ഹെൻട്രി. മൂന്നാംവർഷ ബി.കോം ബിരുദ വിദ്യാർഥിയും എൻ.സി.സി അണ്ടർ ഓഫിസറുമാണ്.
എൻ.സി.സി കരസേന വിഭാഗത്തിെൻറ ക്യാമ്പിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ജോർജ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളിൽനിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ജോർജ് ഹെൻട്രി വ്യക്തിഗത ഫയറിങ്, സീനിയർ ഡിവിഷൻ ഫയറിങ് എന്നീ വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി.
കോഴിക്കോട് എൻ.സി.സി ഗ്രൂപ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ഇന്റർഗ്രൂപ് തൽ സൈനിക് ക്യാമ്പിലും കാഡറ്റ് മെഡൽ കരസ്ഥമാക്കിയിരുന്നു. 2665 കാഡറ്റുകളുള്ള 18 കേരള ബറ്റാലിയനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് ജോർജ്.
മികച്ച നേട്ടം കൈവരിച്ച ജോർജിനെ കോളജ് മാനേജർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ വീരേന്ദ്ര ധത്ത്വാലിയ, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, അസോ. എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ എബ്രഹാം നിരവതിനാൽ എന്നിവർ അഭിനന്ദിച്ചു. കലയന്താനി വെള്ളാപ്പള്ളി ഹെൻട്രി ജോർജ്-ശാലിനി ദമ്പതികളുടെ ഇളയ മകനാണ്.