ഈ കുട്ടികൾ പറയുന്നു,‘സുഹൃത്തേ ഞാനുമുണ്ട് കൂടെ’
text_fieldsസാന്ത്വനം പദ്ധതിയുടെ ഭാഗമായി മൂന്നാർ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളിൽ നിന്ന് സമാഹരിച്ച വസ്തുക്കൾ
തൊടുപുഴ: ക്ലാസ് മുറികൾക്ക് പുറത്ത് നന്മയുടെ കൈത്തിരി തെളിക്കാനും വേദനിക്കുന്നവർക്ക് സാന്ത്വനമേകാനും മൂന്നാർ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതികൾ സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും വേറിട്ട മാതൃകയാകുന്നു. സ്കൂളിൽ നടപ്പാക്കിവരുന്ന സാന്ത്വനം, സുഹൃത്തേ ഞാനുമുണ്ട് കൂടെ എന്നീ പദ്ധതികൾ ഇതിനകം ഒട്ടേറെ പേരുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകർന്നുനൽകി.
വിഷൻ ആൻഡ് മിഷൻ എന്ന പേരിൽ സ്കൂൾ രൂപം നൽകിയ സാമൂഹിക സേവന, ജീവകാരുണ്യ ദൗത്യത്തിന്റെ ഭാഗമായ 24 ഇന പരിപാടികളിൽപെട്ടതാണ് ‘സാന്ത്വന’വും ‘സുഹൃത്തേ ഞാനുമുണ്ട് കൂടെ’യും. സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ബോക്സ് വഴി നിത്യോപയോഗ സാധനങ്ങൾ ശേഖരിക്കുകയാണ് ‘സാന്ത്വനം’ പദ്ധതിയിലൂടെ ചെയ്യുന്നത്. പിന്നീട് കുട്ടികൾ അനാഥമന്ദിരങ്ങൾ സന്ദർശിച്ച് അവിടുത്തെ താമസക്കാർക്ക് ഇവ വിതരണം ചെയ്യും. ഒരു ദിവസം അനാഥമന്ദിരത്തിലുള്ളവർക്കൊപ്പം ചെലവഴിക്കുന്ന കുട്ടികൾ അവർക്കായി വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.
വിദ്യാർഥികളിൽ നിന്ന് ധനം സമാഹരിച്ച് നിർധന രോഗികൾക്ക് സഹായമെത്തിക്കുന്ന പദ്ധതിയാണ് ‘സുഹൃത്തേ ഞാനുമുണ്ട് കൂടെ’. രക്ഷിതാക്കൾക്ക് വാട്സ്ആപ് വഴി സന്ദേശമയച്ചാണ് കുട്ടികളിലൂടെ പണം സമാഹരിക്കുന്നത്. തുടർന്ന് അർഹരായവരെ കണ്ടെത്തി ഇത് കൈമാറും. സഹായം തേടി സ്കൂളിനെ സമീപിക്കുന്നവരുമുണ്ട്. ഒരു അർബുദ രോഗിക്കും ഹൃദ്രോഗിക്കുമാണ് ഏറ്റവും ഒടുവിൽ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകിയത്. ക്ലാസ് മുറിക്ക് പുറത്തെ ലോകവും ജീവിതവും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സമൂഹത്തിന് നന്മ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ലി എം. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

