സദസ്സ് കീഴടക്കി സുഹ്റയും മജീദും; കഥാപ്രസംഗത്തിൽ ശരൺ തമ്പി
text_fieldsശരൺ തമ്പി
അമ്പലപ്പുഴ: കഥാപ്രസംഗകലയെ ഗൗരവമായി കാണുന്ന ശരൺ തമ്പി ഇത്തവണയും ഒന്നാം സ്ഥാനം വിട്ടുകൊടുത്തില്ല. വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി അതിന്റെ ഉള്ളടക്ക പ്രാധാന്യത്തോടെ കാണികളിലേക്ക് സന്നിവേശിപ്പിച്ചാണ് ശരൺ മികവ് കാട്ടിയത്.
മജീദിന്റെയും സുഹ്റയുടെയും പ്രണയവും അതിലെ സങ്കടങ്ങളും അത്യന്തം നാടകീയമായി ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ സദസ്സ് സാകൂതം കാതോർത്തിരുന്നു. തിരുവനന്തപുരം വർക്കല ചാവർകോട് സി.എച്ച്.എം.എം കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനം ശരണിനായിരുന്നു. എൽ.പി പഠനകാലം മുതലെ കഥാപ്രസംഗത്തിൽ തൽപരനായിരുന്നു.
എട്ട് മുതൽ പ്ലസ് ടുവരെ അഞ്ചു വർഷത്തെ തിരുവനന്തപുരം ജില്ലയിലെ കലോത്സവത്തിൽ ശരണിനെ പിന്തള്ളാൻ ആർക്കും കഴിഞ്ഞിരുന്നില്ല. മത്സരിച്ചപ്പോഴെല്ലാം എ ഗ്രേഡും സ്വന്തമാക്കി. സംസ്ഥാന കേരളോത്സവത്തിലും കഥാപ്രസംഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ്.
നരിക്കൽ രാജീവ് കുമാറാണ് ബാല്യകാലസഖി കഥാപ്രസംഗ രൂപത്തിലേക്ക് മാറ്റി നൽകിയത്. പരിശീലകനും ഇദ്ദേഹമായിരുന്നു. രണ്ടു മണിക്കൂർ നേരം സ്റ്റേജുകളിൽ അവതരിപ്പിക്കുന്ന കഥയാണ് സത്തചോരാതെ 20 മിനിറ്റിനുള്ളിൽ മത്സരത്തിനായി അവതരിപ്പിച്ചത്.
ബിനോയി കൊട്ടാരക്കരയുടെ തബല വായനയും സുഭാഷ് പത്തനംതിട്ടയുടെ ഹാർമോണിയവും അടൂർ ജോണിയുടെ ക്ലാർനെറ്റും കഥക്ക് പശ്ചാത്തല സൗന്ദര്യം നൽകി.
സ്റ്റേജുകളിലും കഥാപ്രസംഗം അവതരിപ്പിക്കുന്ന കലാകാരൻ കൂടിയാണ് ശരൺ. ബാല്യകാലസഖിയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

