സുഹൈൽ ഓൺ സ്ട്രൈക്ക്
text_fieldsമുഹമ്മദ് സുഹൈൽ
എതിരാളിയെ സിക്സറിലേക്ക് പറത്തുമ്പോൾ ബാറ്റിൽ നിന്നുയരുന്ന 'ടിക്' ശബ്ദം ക്രിക്കറ്റിന്‍റെ സൗന്ദര്യങ്ങളിലൊന്നാണ്. ബാറ്റും ബോളും ആക്ഷനും തമ്മിലുള്ള ടൈമിങ് ഏറ്റവും കൃത്യമായി വരുമ്പോഴാണ് ഏറ്റവും മികച്ച 'ടിക്' ശബ്ദവും ഷോട്ടും പിറക്കുന്നത്. എന്നാൽ, സിക്സറുകളും ബൗണ്ടറികളും പറത്തുമ്പോഴും ഈ ശബ്ദ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തയാളാണ് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈൽ.
കേൾവി ശക്തിയും സംസാര ശേഷിയുമില്ലെങ്കിലും, ടിക് ശബ്ദം കേൾക്കാൻ കഴിയില്ലെങ്കിലും സുഹൈലിന്‍റെ ബാറ്റിൽ നിന്ന് ഒഴുകുന്ന റൺസിനും എറിഞ്ഞ് വീഴ്ത്തുന്ന വിക്കറ്റുകൾക്കും യാതൊരു കുറവുമില്ല. അജ്മാനിൽ നടക്കുന്ന ബധിര ട്വന്‍റി-20 ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കുമ്പോൾ, ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന ഏക മലയാളിയാണ് ഈ മലപ്പുറംകാരൻ.
മലപ്പുറം ജില്ലാ ടീമ അംഗമായ സഹോദരൻ മുഹമ്മദ് സാജിദിന്‍റെ വഴിയേയാണ് സുഹൈലും ക്രിക്കറ്റിലേക്ക് എത്തിയത്. അല്ലെങ്കിൽ, സുഹൈലിലെ ക്രിക്കറ്ററുടെ താൽപര്യം അടുത്തറിഞ്ഞ സാജിദാണ് സുഹൈലിനെ ക്രിക്കറ്റിൽ സജീവമാക്കിയത് എന്നും പറയാം. ഓൾ ഇടം കൈയൻ ബൗളറായ സുഹൈൽ ഒന്നാന്തരം ബാറ്റ്സ്മാൻ കൂടിയാണ്. ബധിര ടീമിലല്ല, സാധാരണ താരങ്ങൾക്കൊപ്പം ഇന്ത്യക്കായി കളിക്കണമെന്നായിരുന്നു സുഹൈലിന്‍റെ ആഗ്രഹം.
കോഴിക്കോട് റഹ്മാനിയ സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാ ടീമിലും ഫാറൂഖ് കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. മലപ്പുറം,കോഴിക്കോട് ജില്ലകൾക്ക് വേണ്ടിയും ജനറൽ ടീമിന് വേണ്ടി കളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിൽ അണ്ടർ 17, 19, 22, 25 ടീമുകളിലും കളത്തിലിറങ്ങി. കേരള രഞ്ജി ടീമിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ബധിരനായതിനാൽ വഴികളടഞ്ഞു. ഇതോടെയാണ് ഡെഫ് ടീമിന്‍റെ ഭാഗമായത്. ബധിര ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചിരുന്നു.
ബധിര അസോസിയേഷൻ നടത്തുന്ന പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ചത് സുഹൈലാണ്. ഈ ടൂർണമെന്‍റിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. ഈ വർഷം ഹൈദരാബാദിൽ നടന്ന നാഷനൽ ട്വന്‍റി-20യിൽ 25 റൺസും അഞ്ച് വിക്കറ്റും നേടി. കേരള ബധിര ടീം നായകനായിരുന്ന സുഹൈൽ കേരളത്തിനായി സൗത്ത് സോൺ ചാമ്പ്യൻഷിപ്പുകളിലും മിന്നും പ്രകടനം നടത്തി. പരപ്പനങ്ങാടി കോ ഓപറേറ്റീവ് ബാങ്ക് ക്ലർക്കായ സുഹൈലിന് സ്ഥാപനവും മികച്ച പിന്തുണയാണ് നൽകുന്നത്. അണ്ടർ 19 ക്രിക്കറ്റിൽ കാലിക്കറ്റ് സർവകലാശാലക്കായി പാഡണിഞ്ഞു. രണ്ട് വർഷമായി ഇന്ത്യൻ ടീമിൽ അംഗമാണ്.
കളിയിൽ മാത്രമല്ല, പഠനത്തിലും മിടുക്കനാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ബദിര വിഭാഗത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് സുഹൈലായിരുന്നു. ബദിര ക്രിക്കറ്റിന് മുൻ കാലങ്ങളിലേക്കാൾ സ്വീകാര്യത കിട്ടുന്നുണ്ടെന്ന് സുഹൈൽ പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ (ബി.സി.സി.ഐ) പിന്തുണയോടെയാണ് ബധിര ടീമും കളിക്കുന്നത്. അജ്മാനിൽ നടക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യക്ക് പുറമെ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും പങ്കെടുക്കുന്നുണ്ട്. പരപ്പനങ്ങാടി പുത്തരിക്കൽ അബ്ദുൽ റസാഖിന്‍റെയും ആസ്യയുടെയും മകനാണ് സുഹൈൽ. ഭാര്യ: ഫാത്തിമ ഷെറിൻ. മക്കൾ: അലൈഹ സൈനബ്, ഇമാദ് അബ്ദുല്ല.