വ്യത്യസ്ത വഴിയിൽ താരമായി സുഹൈൽ മൂസ
text_fieldsസുഹൈൽ മൂസ
‘നാടോടുമ്പോൾ നടുവെ’ ഓടാതെ പുതുവഴി തേടിയതാണ് സുഹൈൽ മൂസ എന്ന ദുബൈ പ്രവാസിയെ വ്യത്യസ്തനാക്കിയത്. ഇന്നിപ്പോൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘പ്രൈവറ്റ് ബാങ്കർ ഇന്‍റർനാഷണൽ ഗ്ലോബൽ വെൽത്ത് അവാർഡി’ന്‍റെ റൈസിങ് സ്റ്റാർ വിഭാഗത്തിൽ പുരസ്കാരം നേടിയിരിക്കുകയാണിദ്ദേഹം. ഒരു പക്ഷേ ഈ മേഖലയിൽ ഇത്രയും വലിയ നേട്ടത്തിലേക്ക് ഉയരുന്ന അപൂർവം മലയാളികളിൽ ഒരാളാണ്. കുടുംബത്തിൽ പിതാവും സഹോദരങ്ങളുമെല്ലാം ഡോക്ടർമാരാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ പിതാവ് ഡോ. മൂസ സ്ഥാപിച്ച കുടുംബത്തിന്‍റേതായ ആശുപത്രിയുമുണ്ട്. എന്നാൽ മറ്റൊരു വഴി തെരഞ്ഞെടുക്കുക എന്നതായിരുന്നു സുഹൈലിന്‍റെ തീരുമാനം.
എൻജിനീയറിങും തുടർന്ന് എം.ബി.എയും നേടിയ ശേഷം 2007ൽ ഐ.സി.ഐ.സി ബാങ്കിലാണ് കരിയർ തുടക്കമിട്ടത്. തൊഴിൽ ജീവിതത്തിന്‍റെ തുടക്കത്തിൽ തന്നെ മലയാളികൾ ഒരുപക്ഷേ തെരഞ്ഞെടുക്കാൻ മടിക്കുന്ന വ്യത്യസ്തമായ ഒരു പ്രദേശമാണ് തട്ടകമായി മാറ്റിയത്. കെനിയ, യുഗാണ്ട, താൻസാനിയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്ന ഈസ്റ്റ് ആഫ്രിക്കയിലെ വിപണിയിൽ പ്രവർത്തിക്കാനായിരുന്നു അത്. വിജയകരമായി ഈ പ്രദേശത്ത് വളർത്തിയെടുത്ത ബന്ധങ്ങളാണ് പിന്നീട് ഫിനാൻഷ്യൽ അഡ്വൈസർ എന്ന നിലയിൽ വളർച്ചയുടെ പടവുകളിലേക്ക് മുന്നേറാൻ സഹായിച്ചത്.
13വർഷത്തെ അനുഭവ സമ്പത്തുമായി 2020ലാണ് സുഹൈൽ ലോകത്തെ തന്നെ പ്രധാന ഫിനാൻഷ്യൽ ഹബ്ബായ ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെൻററിലെ താരുസ് വെൽത്ത് അഡ്വൈസേർസ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറും ഈസ്റ്റ് ആഫ്രിക്ക വിഭാഗത്തിന്‍റെ തലവനുമായി ചേരുന്നത്. കോവിഡ് മഹാമാരി വലിയ പ്രതിസന്ധി വിതച്ച കാലമായിരുന്നിട്ടും ഈ ചുമതലയിൽ ശോഭിക്കാനായതാണ് ലോകം ശ്രദ്ധിക്കുന്ന നേട്ടത്തിലേക്ക് എത്തിച്ചത്. ഈസ്റ്റ് ആഫ്രിക്കൻ വിപണിയിൽ നിന്ന് മാത്രമായി 10മാസത്തിനിടെ 20ലക്ഷം യു.എസ് ഡോളർ കണ്ടെത്താൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
തൊഴിൽപരമായ വൈദഗ്ധ്യത്തേക്കാൾ ആളുകളുമായി ബന്ധം നിലനിർത്താനും സൂക്ഷിക്കാനും കഴിയുന്നതാണ് നേട്ടത്തിന് സഹായകമായതെന്ന് സുഹൈൽ പറയുന്നു. മലയാളികൾ പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പുറത്തേക്ക് ഇത്തരം മേഖലകളിലേക്ക് കൂടി കടന്നുവരണമെന്നും അനേകം സാധ്യതകൾ ഇവിടെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിദ്യാർഥിയായിരിക്കെ ബാഡ്മിന്‍റൺ, ക്രിക്കറ്റ് മൽസരങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഗോൾഫ്, സ്ക്വാഷ്, ടെന്നിസ് തുടങ്ങിയവയും ജീവതത്തിന്‍റെ ഭാഗമാണ്. ഭാര്യ ഡോ. ഷിംന. മക്കൾ: ആഖിബ്, അജ്വദ്, അഹ്സൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

