വൈകല്യങ്ങൾ കരുത്താക്കി പ്രമോദ് കുതിക്കുന്നു, നേപ്പാളിലേക്ക്
text_fieldsപ്രമോദ്
ചെറുതോണി: വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് പൊരുതി തോൽപ്പിച്ച കായിക പ്രതിഭ പ്രമോദിന് ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ നേപ്പാളിൽ നടക്കുന്ന കൊറിയൻ അംബാസഡർ ഇൻറർനാഷനൽ ഓപൺ ചാമ്പ്യൻഷിപ്പിൽ പാര വിഭാഗത്തിൽ തായ്ക്വോണ്ട മത്സരത്തിനു സെലക്ഷൻ.
നാലിനാണ് പ്രമോദിന്റെ മത്സരം. ചെറുതോണി യൂനിവേഴ്സൽ അക്കാദമി മാസ്റ്റർ പോൾ ജോർജാണ് അംഗപരിമിതനായ പ്രമോദിന്റെ പരിശീലകൻ. ഇടുക്കി കഞ്ഞിക്കുഴി പള്ളിക്കുന്ന് സ്വദേശി ദാസിന്റെയും ചിന്നമ്മയുടെയും മൂന്നാമത്തെ മകനായ പ്രമോദിനു ജന്മനാൽ ഇടതു കൈ ഇല്ല. വലതു കൈ ശോഷിച്ചതുമാണ്. ഇതിനെയൊക്കെ അതിജീവിച്ചാണ് കായിക മേഖലയിലെ സമസ്ത രംഗത്തും കൈയൊപ്പ് ചാർത്തുന്നത്.
കാലുകൾ ആയുധമാക്കി ഫുട്ബോളിലും മാരത്തണിലും ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയതു കൂടാതെ ഒമ്പതു ലോക റെക്കോർഡുകളുടെ ഉടമയുമാണ്. കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപിക ഓമനയാണ് പ്രമോദിലെ കായികപ്രതിഭ തിരിച്ചറിഞ്ഞത്. എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ പഠനത്തിന് എത്തിയപ്പോൾ മുതലാണു പ്രമോദിന്റെ കഴിവുകൾ കായിക ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.
യൂനിവേഴ്സിറ്റി നാഷനൽ ഫുട്ബോൾ പ്ലെയറായാണ് തുടക്കം. ഏഷ്യയിലെ ആദ്യ ഫിഫ ലൈസൻസ് സർട്ടിഫിക്കറ്റ് കോച്ച് എന്ന ബഹുമതിക്കും അർഹനായി. ഇപ്പോൾ ഇടുക്കി കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി നോക്കുന്നു. ദേശിയ നേട്ടങ്ങൾക്കുടമകളായ മറ്റു കായിക താരങ്ങൾക്കു ലഭിച്ച പരിഗണന തനിക്ക് ഉദ്യോഗകാര്യത്തിലും മൽസരത്തിനു പോകാനുള്ള സാമ്പത്തിക സഹായത്തിലും അധികൃതർ ചെയ്യുന്നില്ലന്ന് പ്രമോദ് പറയുന്നു. എലിസബത്താണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

