പ്രവാസത്തിലെ പടവുകൾ വിജയത്തിൽ വിരിയുന്ന വഴികൾ
text_fieldsപാരമൗണ്ട് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ കെ.വി ഷംസുദ്ദീൻ
പ്രവാസത്തിന്റെ ആദ്യകാലം
ശംസുദ്ധീന്റെ പിതാവ് മാഹിയിലെ കക്കോട്ട് പുതിയപുരയിൽ തറവാട്ടിലെ അംഗവും, മാതാവ് മലബാറിലെ പ്രമുഖ തറവാടുകളായ വൈദ്യരകം കുടുംബങ്ങളുടെ താവഴിയിൽ വരുന്ന തിക്കോടി പഞ്ചായത്തിലെ പ്രമുഖ കുടുംബാംഗവുമായിരുന്നു. പിതാവ് പ്രവാസത്തിൽ ബിസനസ് രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു. കാർഷിക പശ്ചാത്തലമുള്ള കുടുംബമായതിനാൽ ചെറുപ്പത്തിൽ തന്നെ വീടുമായി ബന്ധപ്പെട്ട് ധാരാളം തൊഴിലാളികളുണ്ടായിരുന്നു.
മാതാവിനൊപ്പം അവരുടെ ജോലി നിയന്ത്രിക്കുന്നതിലും മറ്റും ചെറുപ്പകാലം മുതൽ ഇടപെട്ടു. 1977ലാണ് യു.എ.ഇയിലേക്ക് പ്രവസിയായി കടന്നുവരുന്നത്. സ്വന്തമായി ബിസിനസ് എന്നത് തുടക്കംമുതൽ തന്നെ ഒരു സ്വപ്നമായിരുന്നു. പിതാവിനും മൂത്ത സഹോദരനും യു.എ.ഇയിൽ ബിസിനസ് സംരങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു.
അഡ്വർടൈസ്മെന്റ് കമ്പനിയാണ് ജേഷ്ടനുണ്ടായിരുന്നത്. ഒരിടവേളക്ക് ശേഷം പിതാവ് വീണ്ടും അജ്മാനിൽ തിരിച്ചെത്തി സൂപ്പർമാർക്കറ്റ് ആരംഭിച്ച സമയത്താണ് ശംസുദ്ദീൻ പ്രവാസത്തിലേക്ക് എത്തുന്നത്. പിതാവിന് അജ്മാനിൽ സ്വന്തമായി ഉണ്ടായിരുന്ന സൂപ്പർമാർക്കറ്റിൽ സഹായത്തിന് പിതാവിനൊപ്പം ആരുമുണ്ടായിരുന്നില്ല. അങ്ങനെ പിതാവിനൊപ്പം ജോലിക്ക് ചേർന്നു. എന്നാൽ കൂടുതൽ കാലം അവിടെ തുടർന്നില്ല. സഹോദരന്റെ സുഹൃത്ത് വഴി മറ്റൊരു ഇറ്റാലിയൻ കമ്പനിയിൽ ജോലി ലഭിച്ചു. അങ്ങനെ ദുബൈയിൽ താമസമാക്കി.
കപ്പലുകൾക്ക് സേവനം ചെയ്യുന്ന ഇറ്റാലിയൻ കമ്പിയായതിനാൽ പല രാജ്യക്കാരെ കാണാനും ബന്ധം സ്ഥാപിക്കാനും അവസരം ഈ ജോലിയിലൂടെ ലഭിച്ചു. രണ്ട് വർഷത്തോളം ജോലി ചെയ്ത് കമ്പനിയിൽ നിന്ന് രാജിവെച്ചു. ഇതിനിടയിൽ ജേഷ്ടൻ വഴി അബൂദബിയിൽ ബിസിനസ് തുടക്കമിട്ടിരുന്നു. കിച്ചൺ ആൻഡ് സൂപ്പർമാർക്കറ്റ് എക്വിപ്മെന്റ്സ് കമ്പനിയായിരുന്നു അത്.
ജോലി രാജിവെച്ചശേഷം അബൂദബിയിൽ മറ്റൊരു കിച്ചൺ അക്വിപ്മെന്റ്സ് കമ്പനിയിൽ ചേർന്നു. കമ്പനിയുടെ പുറത്തുള്ള ഓപറേഷൻസ് മുഴുവൻ കൈകാര്യം ചെയ്തിരുന്നത് ശംസുദ്ദീനായിരുന്നു. ഇതിലൂടെ കൂടുതൽ പേരെ പരിചയപ്പെടാനും സാധിച്ചു. അഡ്നോക് പോലുള്ള വലിയ കമ്പനികളുമായാണ് ഡീൽ ചെയ്തിരുന്നത്. ഇവിടെ നിന്ന് ലഭിച്ച പാഠങ്ങളുമായാണ് സ്വന്തമായി പാരമൗണ്ട് എന്ന കമ്പനിക്ക് തുടക്കമിടുന്നത്.
പാരമൗണ്ടിന്റെ തുടക്കവും വളർച്ചയും
1988ലാണ് പാരമൗണ്ടിന് തുടക്കമിടുന്നത്. ജേഷ്ടനൊപ്പം ചേർന്ന് അബൂദബിയിലാണ് പാരമൗണ്ടിന് തുടക്കമായത്. പാരമൗണ്ട് എന്ന പേര് ജേഷ്ടനാണ് നിർദേശിക്കുന്നത്. കമ്പനിയുടെ ആദ്യ കാലത്ത് അഞ്ച് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 1998ൽ ഷാർജയിലേക്ക് കമ്പനിയെ മാറ്റി. നല്ല ഒരു സ്ഥലവും മാന്യനായ ഒരു സ്പോൺസറെയും കണ്ടെത്താനായി. സ്പോൺസറുടെ സഹായം വളരെ വലുതായിരുന്നു.
ബന്ധങ്ങൾക്ക് വളരെയധികം വില കൽപിക്കുന്ന വ്യക്തിയായിരുന്നു സ്പോൺസർ. വളരെ സുദൃഡമായ ബന്ധം അദ്ദേഹവുമായി രൂപപ്പെടുകയും അതിപ്പോഴും തുടരുകയും ചെയ്യുന്നു. ആദ്യകാലം മുതൽ ധാരാളം എക്സിബിഷനുകളിലൊക്കെ പങ്കെടുത്തിരുന്നു. അതുവഴി കമ്പനിക്ക് ഉപഭോക്താക്കൾ വർധിച്ചുതുടങ്ങി. സൂപ്പർമാർക്കറ്റ് എക്വിപ്മെന്റ്സായിരുന്നു ആദ്യ കാലത്ത് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. പിന്നീടാണ് കിച്ചൻ ആൻഡ് ബേക്കറി എക്വിപ്മെന്റ്സിലേക്കും തിരിയുന്നത്.
1994ൽ മാനുഫാക്ചറിങ് ലൈസൻസ് എടുത്തു. 2002ൽ ദോഹയിലും 2006ൽ ദുബൈയിലും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു. 2010ൽ മസ്കത്ത്, 2012ൽ ജന്മനാടായ തിരൂർ, 2014ൽ ഉമ്മുൽഖുവൈൻ, 2021ൽ ഫുജൈറ, 2024ൽ മനാമ, ബഹ്റൈൻ എന്നിങ്ങനെ കമ്പനി ഘട്ടംഘട്ടമായി വളർന്നു.
ഇക്കാലയളവിൽ നിരവധി പ്രമുഖ സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കുമെല്ലാം സേവനം ചെയ്യാനായി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു കിച്ചൻ ചെയ്തത് കമ്പനിയുടെ യാത്രയിൽ ഒരു നായികക്കല്ലായിരുന്നു. ഇത് വലിയ മാറ്റത്തിന് കാരണമായി. കമ്പനിയുടെ പ്രൊഫൈൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. പാം ജുമൈറയിൽ 20,000 പേർക്കുള്ള കിച്ചൺ എന്ന അതിസാഹസികമായ ഒരു കരാറും കമ്പനി ഏറ്റെടുത്തു. യു.എ.ഇ ഭരണാധികാരികളുടെ നിർദേശ പ്രകാരമുള്ള ഒരു സംരംഭമായിരുന്നു അത്.
വളരെ വലിയ പരിശ്രമത്തിലൂടെ രാവും പകലും എല്ലാവരും പണിയെടുത്താണ് ആ പദ്ധതി പൂർത്തിയാക്കിയത്. കമ്പനിക്ക് അഭിമാനിക്കാവുന്ന മുന്നേറ്റമായിരുന്നു അത്. അനുജൻ അബ്ദുൽ ശുക്കൂറാണ് കമ്പനിയുടെ ഓപറേഷൻ മേഖല മുഴുവനും ശ്രദ്ധിക്കുന്നത്. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, കാറ്റററിങ് കമ്പനികൾ, സ്കൂളുകൾ, ആശുപത്രികൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഫൈൻഡൈൻ റസ്റ്ററന്റുകൾ അടക്കം ഉപഭോക്താക്കളുടെ എണ്ണം ലക്ഷം പിന്നിട്ടു.
കമ്പനിയുടെ വിജയമന്ത്രം
ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ വിജയമന്ത്രമെന്ന ചോദ്യത്തിന് മാനേജിങ് ഡയറക്ടർ ശംസുദ്ധീന്റെ ഒന്നാമത്തെ മറുപടി ‘പറഞ്ഞ വാക്ക് പാലിക്കുമെന്ന ഉപഭോക്താക്കളുടെ വിശ്വാസം’ എന്നതാണ്. പാലിക്കാൻ പറ്റാത്ത ഒരു വാക്കും നൽകരുതെന്ന് കമ്പനിയിലെ ജീവനക്കാരെയും സഹപ്രവർത്തകരെയും അദ്ദേഹം എപ്പോഴും ഓർമിപ്പിക്കും. ഒരിക്കൽ കമ്മിറ്റ് ചെയ്താൽ പിന്നെ ലാഭം നോക്കാറില്ല. അതോടൊപ്പം തൊഴിലാളികളുമായുള്ള ബന്ധവും പ്രധാനമാണ്. അക്കാര്യത്തിൽ തന്റെ പാഠശാല കുട്ടിക്കാലത്തെ വീട്ടിലെയും പാടത്തെയും അനുഭവങ്ങളാണ്.
ജീവനക്കാരെല്ലാം വളരെ ത്യാഗസന്നദ്ധതയോടെ പ്രവർത്തിക്കുന്നു എന്നത് കമ്പനിയുടെ വിജയമാണ്. ഉപഭോക്താക്കളോടുള്ള വാക്ക് പാലിക്കാനായി രാവും പകലും അവർ എല്ലാ പണികളും ചെയ്യുന്നു. ആ സംസ്കാരം കമ്പനിയുടെ ജീവനാഡിയാണ്. വളരെ ആത്മാർഥമായ ജോലി ചെയ്യുന്ന ഈ ജീവനക്കാരാണ് പാരമൗണ്ടിന്റെ ശക്തി. ഭാര്യ സമിയയും ജീവനക്കാരുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ്.
അതോടൊപ്പം ജീവിതത്തിലായാലും ബിസിനസിലായാലും സത്യസന്ധത മുറുകെ പിടിക്കുന്നയാളാണ് പാരമൗണ്ടിന്റെ എം.ഡി. കമ്പനി വിതരണം ചെയ്യുന്ന ഒരു ഉൽപന്നം ചൈനയുടേതാണെങ്കിൽ അത് അങ്ങനെതന്നെ പറയും. സത്യം വിജയിക്കുമെന്നത് ജീവിതത്തിലൂടെ മനസിലാക്കിയതാണെന്നും അദ്ദേഹം പറയുന്നു.
ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ചാണ് കമ്പനി പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. നാല് പതിറ്റാണ്ടിനടുത്ത അനുഭവസമ്പത്തിലൂടെ പാരാമൗണ്ട് ഗ്രൂപ് ഈ സേവന രംഗത്ത് ഇപ്പോൾ മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, മികവുറ്റ സാങ്കേതികവിദ്യ എന്നിവയാണ് പാരമൗണ്ട് ഗ്രൂപ്പിൻറെ തുടർച്ചയായ വിജയത്തിന്റെ കാരണങ്ങൾ.
ഫുഡ് ഇൻഡസ്ട്രിയുടെ വർധിച്ച ആവശ്യങ്ങളെ കണക്കിലെടുത്ത് പാരമൗണ്ട് പ്രവർത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമായും ആഫ്രിക്കൻ മേഖലയിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്. സൗദിയിലും ഇന്ത്യയിലുമായി വലിയ വിപുലീകരണത്തിനുള്ള ആസൂത്രണമാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുൻകുട്ടി കണ്ടുകൊണ്ടുള്ള പദ്ധതിയാണിപ്പോൾ നടപ്പിലാക്കി വരുന്നത്. കമ്പനിയെ പുതിയതലമുറ വളരെ വേഗത്തിലും സ്മാർടായും വികസിപ്പിച്ചുവരികയാണ്. മക്കളായ ഹിഷാം ഷംസ്, അമർ ശംസുദ്ധീൻ എന്നിവർ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണിപ്പോൾ. മകൾ അഫ്ര ഷംസ് ഡയറക്ടറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

