യമൻ തെരുവിൽനിന്ന് നീളുന്നു, മലയാളത്തിലേക്ക് ഒരു അക്ഷരപ്പാലം
text_fieldsയമൻ കഥകളുടെ മലയാള പരിഭാഷയായ ‘ഖാത്ത് ചവയ്ക്കുന്ന തെരുവുകൾ’എന്ന പുസ്തകവുമായി വിവർത്തകൻ ഡോ. എ.ഐ. അബ്ദുൽ മജീദ്
നാലുംകൂട്ടി മുറുക്കി നാൽക്കവലയിലിരുന്ന് സൊറ പറയുന്ന മലയാളക്കരയിലെ പതിവ് ദൃശ്യത്തെ കടൽ കടന്നൊരു രാജ്യവുമായി ബന്ധിപ്പിക്കുകയാണ് ഒരു പുസ്തകം. കേരളവുമായി ചരിത്രവും സാംസ്കാരികവുമായ ഒട്ടേറെ സാദൃശ്യങ്ങളുള്ള യമൻ എന്ന രാജ്യത്തെ നാട്ടിൻപുറങ്ങളിലെ വാങ്മയ ചിത്രങ്ങളും ഗ്രാമീണക്കാഴ്ചകളും അക്ഷരങ്ങളിലൂടെ ദൃശ്യവത്കരിക്കുന്ന ഇൗ പുസ്തകം ഒരു മലപ്പുറംകാരെൻറ സൃഷ്ടിയാണ്.
യമനി സാഹിത്യകാരൻ സൈദ് മുതീഹ് ദമാജിെൻറ കഥകളുടെ മലയാള വിവർത്തനമായ 'ഖാത്ത് ചവയ്ക്കുന്ന തെരുവുകൾ'എന്ന കൃതി ഇതിനകം ഷാർജ പുസ്തകമേളയിൽ ഹിറ്റായിക്കഴിഞ്ഞു. മലപ്പുറം വളവന്നൂർ അൻസാർ അറബിക് കോളജിലെ അസി. പ്രഫസറും റിസർച്ച് ഗൈഡുമായ ഡോ. എ.ഐ. അബ്ദുൽ മജീദാണ് യമൻ കാഴ്ചകൾ വരച്ചുവെച്ച് മലയാളത്തിലേക്ക് അക്ഷരപ്പാലം പണിയുന്നത്.
ഖാത്ത് എന്നാൽ തനിമലയാളത്തിൽ വെറ്റില മുറുക്കുന്ന നമ്മുടെ പതിവ് രീതി തന്നെ. എന്നാൽ അക്ഷരങ്ങളിലൂടെ മുന്നേറുമ്പോൾ ജീവിതവും ഭക്ഷണവും സംസ്കാരവും മാത്രമല്ല, മുറുക്കിച്ചുവപ്പിക്കുന്നതുപോലെ ചെറുത്തുനിൽപുകളുടെയും പോരാട്ടങ്ങളുടെയുമെല്ലാം ചരിത്രങ്ങളാണ് കഥകളുടെ താളിലേറി പുസ്തകത്തിൽ നിറയുന്നത്. യമനിൽ നിലനിന്നിരുന്ന യാഥാസ്ഥിതിക ഭരണത്തിനെതിരെ കർഷകരുടെയും തൊഴിലാളികളുടെയും നീരസങ്ങളായിരുന്നു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സൈദ് മുതീഹ് ദമാജ് കഥകളാക്കിയിരുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ കഥകളുടെ മലയാളാവിഷ്കാരമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് 'ഖാത്ത് ചവയ്ക്കുന്ന തെരുവുകൾ'.
മലയാളി ജീവിതവുമായി യമൻ സംസ്കാരം ഏറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും യമൻ സാഹിത്യം മലയാളി വായനക്കാർക്ക് അത്ര സുപരിചിതമല്ല. പ്രത്യേകിച്ച് കഥാസാഹിത്യം തീരെ ഇല്ലെന്നു തന്നെ പറയാം. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ഗവേഷണമാണ് വിവർത്തകനെ യമനിലെ കഥാഭൂമികയിലേക്ക് വഴിതിരിച്ചുവിട്ടത്. തുടർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമാണ് മലയാളത്തിൽ പിറന്ന യമൻ കഥകളുടെ ഇൗ സമാഹാരം. യമനും കേരളവും അല്ലെങ്കിൽ മലബാറുമായി നിലനിൽക്കുന്ന പതിറ്റാണ്ടുകളുടെ ബന്ധങ്ങളും സമാഹാരത്തിൽ അക്ഷരങ്ങളിലൂടെ അനാവരണം ചെയ്യുന്ന ഇതിലെ കഥകൾ, നാം കേട്ടു മറന്നതോ കണ്ടറിഞ്ഞതോ ആയ ജീവിതമുഹൂർത്തങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.
പുസ്തകത്തിെൻറ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകനഗരിയിൽ നടന്നു. ഷാർജ ബുക്ക് അതോറിറ്റി ഡയറക്ടർ ഫൈസൽ അൽ നബൂദ പ്രകാശനം ചെയ്തു. ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് അഫയേഴ്സ് സെക്രട്ടറി മോഹൻകുമാർ ഏറ്റുവാങ്ങി. അക്ബർ, അലാവുദ്ദീൻ ഹുദവി, ഹുസൈൻ, ഡോ. എ.ഐ. അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.