രംഗബോധമില്ലാത്ത ജീവിതം; ക്ലാസ് മുറിയിലില്ല രംഗനാഥൻ
text_fieldsഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് രംഗനാഥൻ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നു
ഈരാറ്റുപേട്ട: സ്കൂൾ പരിസരം വൃത്തിയാക്കാൻ വന്ന തമിഴ്നാട് സ്വദേശി രംഗനാഥന്റെ മോട്ടിവേഷൻ ക്ലാസ് കേട്ട് അക്ഷരാർഥത്തിൽ അദ്ഭുതപ്പെട്ടു ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഇംഗ്ലീഷിലും തമിഴിലുമായി ഗംഭീരമായി ക്ലാസ് അവസാനിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി നൽകി രംഗനാഥനെ അവർ യാത്രയാക്കി. തോളിൽ കിടന്ന തോർത്തിൽ കണ്ണു തുടച്ച് രംഗനാഥനും ക്ലാസ് മുറിവിട്ടു.
തമിഴ്നാട് തേനി ജില്ലയിൽ ഉത്തമ പാളയം താലൂക്കിൽ കോംബേ നിവാസിയാണ് രംഗനാഥൻ. മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനായി 1989 ലാണ് ജനനം. സുന്ദരിയാണ് പെങ്ങൾ. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. രണ്ടുവർഷം കഴിഞ്ഞ് പിതാവ് മറ്റൊരു വിവാഹം കഴിച്ചു. തുടർന്ന് അമ്മാവൻ താപസിമാരി മുത്തുവിന്റെ കൂടെയായി താമസം. പഠിക്കാൻ പണം നൽകി സഹായിച്ചത് അദ്ദേഹമാണ്.
കഴിഞ്ഞയാഴ്ച സ്കൂൾ പരിസരം വൃത്തിയാക്കാനാണ് രംഗനാഥനെ അധികൃതർ വിളിച്ചത്. പണിക്കിടയിൽ ക്ലാസ് മുറിയിലേക്ക് ശ്രദ്ധിക്കുന്നത് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽ പെട്ടു. വിവരം തിരക്കിയപ്പോഴാണ് തന്റെ ജീവിത കഥ പറഞ്ഞതും പ്രിൻസിപ്പൽ കുട്ടികൾക്ക് മുന്നിൽ അദ്ദേഹത്തെ അവതരിപ്പിച്ചതും. കോംബെ ആർ.സി സ്കൂളിലാണു രംഗനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം.
ഹൈസ്കൂളും പ്ലസ് ടുവും എസ്.കെ.പി ഹയർ സെക്കൻഡറി സ്കൂളിൽ. തുടർന്ന് കോംബെ മധുര അമേരിക്കൻ കോളജിൽ ബിരുദ പഠനം. മധുര കാമരാജ് യൂനിവേഴ്സിറ്റിയിൽ നിന്ന് കറസ്പോണ്ടൻസായി തമിഴിൽ ബിരുദാനന്തര ബിരുദം. പിന്നെ മാർത്താണ്ഡം സെൻറ് ജോസഫ് ടീച്ചർ എജുക്കേഷൻ കോളജിൽ നിന്ന് ബി.എഡ്, തൃച്ചി ജീവൻ കോളജ് ഓഫ് എജുക്കേഷനിൽനിന്ന് എം.എഡ്. കോംബെ എസ്.കെ.പി സ്കൂളിൽ ഒരു വർഷം താൽക്കാലിക അധ്യാപകനായി ജോലി നോക്കി. അതിനിടയിൽ ടെക്നീഷ്യനായ ആർ. സെൽവിയെ വിവാഹം ചെയ്തു.
ജീവിതച്ചെലവ് ഏറിയപ്പോൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി. തമിഴ്നാട്ടിലേക്കാളും ഒരു ദിവസം 300 രൂപ കൂടുതൽ ലഭിക്കും എന്നതായിരുന്നു കാരണം. കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയും ഒക്കെ ചെയ്യും കലാകാരൻ കൂടിയായ രംഗനാഥൻ. തമിഴ് സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും, പാട്ടുപാടും, നൃത്തം ചെയ്യും.
പരമ്പരാഗത ആയോധന കലയായ സിലമ്പും വശമാണ്. ആറു മാസത്തോളം പെരുമ്പാവൂരിൽ കറിപൗഡർ നിർമാണ കമ്പനിയിൽ ജോലി ചെയ്തു. ഇടക്കാലത്ത് തമിഴ്നാട്ടിൽ വിജിലൻസ് മാസികയിൽ ആറുമാസം ജോലി ചെയ്തു. തമിഴിൽ നന്നായി പ്രസംഗിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

