സഞ്ചികളിലാണ് വേറിട്ട ഉപജീവന സഞ്ചാരം
text_fieldsഇരുചക്ര വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഉസ്മാൻ
തിരുവനന്തപുരം: ബൈക്കിന്റെ നാലുവശത്തുമായി നിറയെ സഞ്ചികൾ തൂക്കിയാണ് സുലൈമാന്റെ യാത്ര. ഇരുചക്രവാഹനം സഞ്ചികൾകൊണ്ട് അലങ്കരിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും കാരണം ഉപജീവനമാണ്. തന്റെ ഇരുചക്രവാഹനത്തിൽ മാർക്കറ്റിൽനിന്ന് പച്ചക്കറിയെടുത്ത് വീടുകളിലെത്തിച്ച് വിൽപന നടത്തുന്നതിനാണ് യാത്ര. 23ഓളം സഞ്ചികളാണ് ബൈക്കിന് ചുറ്റിനുമുള്ളത്. ഓരോ സഞ്ചിയിലും ഓരോ പച്ചക്കറിയിനങ്ങൾ.
വെണ്ടയ്ക്ക, കത്തിരിക്ക, പടവലങ്ങ, സവാള, കാരറ്റ് മുതൽ തേങ്ങയും കപ്പയും മധുരക്കിഴങ്ങുംവരെ. മുരുങ്ങക്ക വെക്കാൻ സഞ്ചികൾ തികയാത്തതിനാൽ ഹാൻഡിലിനോട് ചേർത്ത് കെട്ടിയനിലയിലും. കോവിഡ് കാലത്തെ ജോലി നഷ്ടമാണ് വ്യത്യസ്ത അതിജീവന വഴിയിലേക്ക് എറണാകുളം കോതമംഗലം സ്വദേശിയായ സുലൈമാനെ എത്തിച്ചത്.
തുടക്കത്തിൽ ചാലയിൽനിന്ന് ചീരയെടുത്ത് ബൈക്കിൽ വിൽപന നടത്തിയായിരുന്നു കച്ചവടം. മറ്റ് പച്ചക്കറി സാധനങ്ങൾകൂടി ആളുകൾ ആവശ്യപ്പെട്ടതോടെ ഓരോന്നും ഉൾപ്പെടുത്തി തുടങ്ങി. ബൈക്കിന് പിന്നിൽ കെട്ടിവെച്ച ബോക്സിലായിരുന്നു ആദ്യം സാധനങ്ങൾ എത്തിച്ചത്. ഇനങ്ങളുടെ എണ്ണം കൂടിയതോടെ പെട്ടിയിൽ കൊള്ളാതായി. ഇതോടെ സഞ്ചികൾ തൂക്കിയിടാൻ തുടങ്ങി. പിന്നീട് സഞ്ചികളുടെ എണ്ണവും കൂടി.
പുലർച്ച മൂന്നിനാണ് ചെമ്പകനഗറിലെ താമസസസ്ഥലത്തുനിന്ന് സുലൈമാൻ ജോലിക്കായി ഇറങ്ങുക. ചാലയിൽനിന്നാണ് സാധനമെടുക്കൽ. ഓരോന്നും പ്രത്യേകം തയാറാക്കിയ കൂടകളിലാക്കും. ഏതൊക്കെ സഞ്ചികളിൽ ഏതൊക്കെ ഇനങ്ങളെന്നത് മനഃപാഠം. എല്ലാംകൂടി 125 കിലോയുണ്ടാകും.
എല്ലാം ഭദ്രമാക്കി രാവിലെ ഏഴോടെ റൂട്ടിലേക്കിറങ്ങും. ബേക്കറി ജങ്ഷൻ-ചെമ്പകനഗർ-ഗാന്ധാരിയമ്മൻ കോവിൽ- ആയുർവേദ കോളജ്-കൈതമുക്ക് എന്നിങ്ങനെ റൂട്ട്. സ്ഥിരമായി വാങ്ങാനെത്തുന്നവർ നിരവധിയുണ്ട്. ബൈക്കിലെ പച്ചക്കറി വണ്ടി കാത്ത് അവർ സമയത്ത് വീടിന് പുറത്തിറങ്ങി നിൽക്കും. ഉച്ചക്ക് 12.30 ആകുമ്പോഴേക്കും കച്ചവടം നിർത്തും.
ഉച്ചക്കുശേഷം പിന്നെ കച്ചവടത്തിന് നിൽക്കില്ല. ആളുകൾ ഉച്ചഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കുന്ന സമയമാണെന്നതാണ് കാരണം. നാല് വർഷമായി വിജയകരമായി തുടരുകയാണ് കച്ചവടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

