പ്രവാസത്തിന്റെ സൂക്ഷിപ്പുകളെ നിധിപോലെ കാത്ത് സൂപ്പിഹാജി
text_fieldsതെയ്യതാങ്കണ്ടി സൂപ്പിഹാജി തന്റെ കടയില്‍
പൈങ്ങോട്ടായി: നാലര പതിറ്റാണ്ടുകാലം നീണ്ട പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയിട്ടും പ്രവാസകാലത്തെ സൂക്ഷിപ്പുകളെയും ഓര്‍മകളെയും കൈവിടാതെ പൈങ്ങോട്ടായിയിലെ തെയ്യതാങ്കണ്ടി സൂപ്പിഹാജി. സ്വദേശമായ പൈങ്ങോട്ടായിയില്‍ ആരംഭിച്ച ഇരുമുറിപ്പീടിക വരാന്തയില്‍ പ്രവാസത്തിന്റെ നോവോർമകളെ താലോലിച്ചുകഴിയുകയാണ് ഈ എഴുപതുകാരന്‍. യാത്രാരേഖകൾ മുതല്‍ പ്രവാസകാലത്ത് ആരംഭിച്ച വിവിധ പത്രമാസികകളുടെ സൂക്ഷിപ്പുകളും അതില്‍ പ്രസിദ്ധീകരിച്ച എഴുത്തുകളുമാണ് ഹാജി ഇന്നും നിധിപോലെ സൂക്ഷിച്ചിരിക്കുന്നത്.
മാധ്യമം ദിനപത്രം അച്ചടി തുടങ്ങിയ നാൾമുതല്‍ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളും വാര്‍ത്തകളും പ്രബോധനം വാരികയിലെ പ്രധാനപ്പെട്ട കുറിപ്പുകളും റിപ്പോര്‍ട്ടുകളുമെല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ബാബരി മസ്ജിദ് ധ്വംസനം, രാജീവ് ഗാന്ധി വധം, ഗള്‍ഫ് യുദ്ധം, ഗുജറാത്ത് കലാപം, വിവിധ പ്രകൃതിദുരന്തങ്ങള്‍, ദേശീയ- അന്തര്‍ദേശീയരായ പ്രമുഖരുടെ വിയോഗം, പിടികിട്ടാപ്പുള്ളികള്‍ തുടങ്ങി അപൂർവമായ ഒട്ടനവധി വാര്‍ത്തകളും വാര്‍ത്താ ചിത്രങ്ങളുമാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. കൂടാതെ മാധ്യമം പത്രത്തിലെ നിലപാട് പേജില്‍ വന്നിരുന്ന പ്രധാനപ്പെട്ടവരുടെ വാക്കുകളും പ്രത്യേകമായി ഡയറിയില്‍ കുറിച്ചുവെച്ചിട്ടുണ്ട്.
1973 ജൂണിലായിരുന്നു സൂപ്പിഹാജി പ്രവാസത്തിനായി ബോംബെ തുറമുഖത്തുനിന്നും കപ്പല്‍ കയറുന്നത്. പിന്നീടങ്ങോട്ട് നീണ്ട 45 വര്‍ഷത്തെ പ്രവാസജീവിതം. ഇതിനിടെ ഹോട്ടലിലും പ്രതിരോധസേനയിലും ഉൾപ്പെടെ ജോലി. ഒടുവില്‍ പ്രവാസത്തോട് വിടചൊല്ലി നാട്ടിലെത്തിയപ്പോഴും വിശ്രമത്തിന് ഇടംകൊടുക്കാതെ തന്റെ ഇരുമുറിക്കടയിൽ പ്രവാസം പഠിപ്പിച്ച അനുഭവങ്ങളുടെയും അറിവിന്റെയും പിൻബലത്തിൽ പാട്ടെഴുത്തും ആലാപനവും ആഴത്തിലുള്ള വായനയുമൊക്കെയായി ഹാജി ഇന്നും തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

