Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightശബ്ദ നാടക മാന്ത്രികൻ...

ശബ്ദ നാടക മാന്ത്രികൻ ശരത് ചന്ദ്രൻ ആകാശവാണിയുടെ പടിയിറങ്ങി

text_fields
bookmark_border
ശബ്ദ നാടക മാന്ത്രികൻ ശരത് ചന്ദ്രൻ ആകാശവാണിയുടെ പടിയിറങ്ങി
cancel
camera_alt

ശ​ര​ത്​ ച​ന്ദ്ര​ൻ

കാസർകോട്: ദൃശ്യമാധ്യമലോകം പലവഴികളിൽ അരങ്ങുതകർക്കുന്ന പുതിയകാലത്ത് ആകാശവാണിയെ ശബ്ദനാടകങ്ങൾകൊണ്ട് ജീവസ്സുറ്റതാക്കിയ കെ.വി. ശരത് ചന്ദ്രൻ പടിയിറങ്ങി. ആകാശവാണി കോഴിക്കോട് നിലയത്തിലെ പ്രോഗ്രാം മേധാവി, അസി. സ്റ്റേഷൻ ഡയറക്ടർ എന്നീ പദവികൾ വഹിച്ചുകൊണ്ടാണ് വിരമിച്ചത്. ശബ്ദകല പരാജയപ്പെട്ടുവെന്ന് വിധിയെഴുതിയ കാലത്ത് റേഡിയോ നാടകത്തിന് പുതിയ ഒരു മുഖവും ഭാവലാവണ്യവും നൽകിയ ശരത് ചന്ദ്രൻ ശബ്ദനടനകലയുടെ സൗന്ദര്യത്തെ പുനഃപ്രതിഷ്ഠിച്ചു. ചെറുകഥകളിലൂടെ സാഹിത്യലോകത്തേക്ക് ചുവടുവെച്ച ശരത് പിന്നിട് റോഡിയോ നാടകത്തിലൂടെയും അതിന്റെ സാഹിത്യത്തിലൂടെയും ശ്രോതാവിനെയും അനുവാചകനെയും ഒരേസമയം സൃഷ്ടിച്ചു. റേഡിയോനാടകം എന്ന ശബ്ദകലയിൽ ഉന്നതമായ പരീക്ഷണങ്ങൾ നടത്തിയ നാടകകൃത്തിനെയും സംവിധായകനെയുമാണ് പിന്നീട് കാണാനായത്.

കൊച്ചി, കണ്ണൂർ, കോഴിക്കോട് നിലയങ്ങളിലെല്ലാം ജോലിയിലിരിക്കെ ശരത്ചന്ദ്രന്റെ നാടകങ്ങൾ വേറിട്ടുനിന്നു. ‘ശാന്തസമുദ്രം’, ‘ശത്രു’, ‘പിയാനോ’, ‘ഒറ്റ’, ‘ഹത്യ’, ‘വിതക്കുന്നവന്റെ ഉപമ’, ‘രക്തം സാക്ഷി, ഏറ്റവും ഒടുവിൽ എഴുതിയ ‘കാൺക കടലിനെ കൺതുറക്കാതെ’ എന്നീ നാടകങ്ങൾ ശ്രോതാക്കളെ പിടച്ചുനിർത്തി. റേഡിയോ നാടക മത്സരത്തിൽ ദേശീയപുരസ്കാരം നേടിയ ശരത്ചന്ദ്രന്റെ ‘ശാന്തസമുദ്രം’ നടൻ എൻ.എഫ്. വർഗീസിന്റെ സവിശേഷമായ ശബ്ദത്തിൽ കടലിരമ്പമാകുകയായിരുന്നു. തിലകൻ ശബ്ദം നൽകിയ ‘ഒറ്റ’ എന്ന നാടകം തിലകന്റെ ഒറ്റ ശബ്ദത്തിൽ വിസ്മയം സൃഷ്ടിച്ചു.

‘വിതക്കുന്നതിന്റെ ഉപമ’യിൽ നടൻ സിദ്ദിഖ് നാടകത്തിലെ ആറ് കഥാപാത്രങ്ങൾക്കും ശബ്ദം നൽകി വിസ്മയം സൃഷ്ടിച്ചു. നാടകലോകത്തെ വലിയ പരീക്ഷണമായിരുന്നു വിതക്കുന്നവന്റെ ഉപമ. ശബ്ദങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. റേഡിയോ ജീവിതം മുഴുവൻ ശരത്ചന്ദ്രന് ആ മാധ്യമത്തെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള പോരാട്ടമായിരുന്നു. അപശബ്ദങ്ങൾകൊണ്ട് മുഖരിതമായ ആകാശത്ത് ശബ്ദനടന കലകൊണ്ട് ശുദ്ധീകരിക്കുകയോ നവീകരിക്കുകയോ ചെയ്തിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അവസാന നിമിഷം വരെ ഈ പ്രക്രിയ തുടർന്നു. പടിയിറങ്ങുമ്പോൾ കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തിലൂടെ നാടക ആചാര്യനായ തിക്കോടിയന്റെ ജീവിതം ആവിഷ്കരിച്ചു.

അതിൽ ഉറൂബിന്റെയും കെ. രാഘവൻമാഷിന്റെയുമെല്ലാം ശബ്ദം എ.ഐ സാങ്കേതികവിദ്യയിലൂടെ പുന:സൃഷ്ടിച്ച് വിസ്മയിപ്പിച്ചു. ഇന്ത്യൻ ചലചിത്രപിന്നണി ഗാന ചരിത്രത്തിന്റെ വലിയ പരമ്പര ശരത് ചന്ദ്രന്റെ സൃഷ്ടിയാണ്. 275 എപിസോഡുകളിലായി ഇത് പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോഴും തുടരുന്നു. നമുക്കിയിൽ ഇല്ലാതായികൊണ്ടിരിക്കുന്ന നാട്ടുശബ്ദങ്ങളെ തിരിച്ചുപിടിക്കുന്ന ‘ഓലച്ചൂട്ട്’ ആകാശവാണിയിൽ തുടരുകയാണ്. ദേശീയ പുരസ്‌കാരങ്ങൾക്കു പുറമെ കേരള സർക്കാറിന്റെ മാധ്യമ പുരസ്‌കാരം, വി.ടി. കുമാരൻ അവാർഡ്, ഇടശ്ശേരി അവാർഡ് എന്നിവയും കെ.വി. ശരത്ചന്ദ്രന് ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയായ അദ്ദേഹം നിലവിൽ നീലേശ്വരത്താണ് താമസം. ഭാര്യ: പ്രീത, മക്കൾ: ചാരുദത്തൻ, ശന്തനു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sarath chandranAll India Radioradio jockey
News Summary - Sound drama wizard Sarath Chandran Step down All India Radio
Next Story