മണ്ണെണ്ണ വിലവർധനയെ ഭയക്കേണ്ട, ഔട്ട് ബോർഡ് എൻജിൻ പെട്രോളിലേക്ക് മാറ്റി അമര്‍ രഞ്ചിത്ത്
text_fieldsഅടിക്കടി കുതിച്ചുകയറുന്ന മണ്ണെണ്ണ വിലയിൽ ഇനി മത്സ്യത്തൊഴിലാളികൾക്ക് നെഞ്ചിടിപ്പ് വേണ്ട. മത്സ്യബന്ധന വള്ളങ്ങളിലെ മണ്ണെണ്ണ ഔട്ട് ബോർഡ് എൻജിനുകൾക്ക് പകരം പെട്രോളിൽ കുതിച്ചുപായുന്ന എൻജിനുകളുമായി അമർ രഞ്ചിത്താണ് പരിഹാരമൊരുക്കുന്നത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ് നീർക്കുന്നം അപ്പക്കൽ അമർ രഞ്ചിത്ത്(45) വീടിനോട് ചേർന്ന് എൻജിനീയറിങ് വർക്ക് ഷോപ് നടത്തി വരികയാണ്. 24 വർഷമായി ഔട്ട് ബോർഡ് എൻജിനുകളുടെ പണി ചെയ്യുന്ന അമർ ഏതാനും മാസം മുമ്പാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. സിവിൽ സപ്ലൈസ് ഒരു ലിറ്റർ മണ്ണെണ്ണ 120 രൂപക്കാണ് നൽകുന്നത്.
പൊതു വിപണിയിൽ 160 രൂപ നൽകണം. ഇതോടെയാണ് മണ്ണെണ്ണക്ക് പകരം പെട്രോൾ ഔട്ട് ബോർഡ് എൻജിനിൽ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്ത ഉയർന്നത്. കാർബറേറ്ററിൽ രൂപ മാറ്റം വരുത്തിയാണ് ഇത് സാധ്യമാക്കിയത്. ഒരു മണിക്കൂർ വള്ളം ഓടിക്കാൻ ഏഴുമുതൽ എട്ട് ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമാണ്.
എന്നാൽ, പെട്രോളാണെങ്കിൽ വെറും മൂന്ന് ലിറ്റർ മതിയാകും. പെട്രോൾ ഉപയോഗം മൈലേജ് വർധിക്കാനും സഹായിക്കുമെന്നാണ് അമർ രഞ്ചിത്ത് പറയുന്നത്.