സോജോ ബേബി കുവൈത്തിലെ കുതിരക്കാരൻ
text_fieldsകുവൈത്ത് സിറ്റി: ആയിരങ്ങൾക്ക് കുതിരസവാരിയിൽ പരിശീലനം നൽകുന്ന ഒരു മലയാളിയുണ്ട് കുവൈത്തിൽ. കൂത്താട്ടുകുളം സ്വദേശി സോജോ ബേബി. കാൽ നൂറ്റാണ്ടോളമായി കുതിരകൾക്കൊപ്പമാണ് സോജോ ബേബിയുടെ യാത്ര. കുതിര സവാരി പരിശീലകനായും മത്സരാർഥിയായുമെല്ലാം തിളങ്ങുന്ന ജീവിതം.
12 വർഷത്തിലേറെയായി കുവൈത്തിൽ സോജോ പരിശീലനം നൽകിയത് 2000ത്തിനു മുകളിൽ പേർക്കാണ്. 23 രാജ്യങ്ങളിൽ സോജോയുടെ ശിഷ്യഗണങ്ങളുണ്ട്. വർഷങ്ങളായി ഹോഴ്സ് റൈഡിങ് മത്സരരംഗത്തും സോജോയുണ്ട്. വാരിക്കൂട്ടിയ സമ്മാനങ്ങളും നിരവധി.
കൂത്താട്ടുകുളം വടക്കൻ പാലക്കുഴ സ്വദേശി സോജോ ബേബി കുതിരകളുടെ ലോകത്തെത്തിയത് തികച്ചും അവിചാരിതമായാണ്. ഡൽഹിയിൽനിന്നാണ് കുതിരകൾക്കൊപ്പമുള്ള യാത്രയുടെ തുടക്കം. മണിപ്പാലിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന സോജോ സഹോദരങ്ങളായ അജിയുടെയും സജിയുടെയും ക്ഷണപ്രകാരം 2000ത്തിൽ ഡൽഹിയിലെത്തി. ഡൽഹി വികസന അതോറിറ്റിയുടെ ഹരിനഗർ സ്പോട്സ് കോംപ്ലക്സിൽ സ്വിമ്മിങ് പൂൾ വിഭാഗത്തിലായിരുന്നു ജോലി. ആറുമാസം ജോലി ചെയ്ത് കരാർ കാലാവധി കഴിഞ്ഞതോടെ അവിടം വിട്ടു.
എന്നാൽ, അവിടെനിന്ന് പരിചയപ്പെട്ട ഗുരീന്ദർ സിങ് പുരവാൾ സോജോ ബേബിയുടെ തലവര മാറ്റി. ഗുരീന്ദർ സിങ്ങിന്റെ ടൂറിസ്റ്റ് ഹോമിൽ സോജോ ജോലിക്കു കയറി. വൈകാതെ ഗുരീന്ദർ സിങ്ങിന്റെ ഹോഴ്സ് റൈഡിങ് ക്ലബിന്റെ ചുമതലയും സോജോക്ക് വന്നുചേർന്നു.
ക്ലബിൽ പതിവായെത്തുന്ന സോജോക്ക് കുതിരകളിൽ കമ്പം കയറി. പരിശീലനം നോക്കിനിൽക്കൽ പതിവായി. ഇതു മനസ്സിലാക്കിയ ഗുരീന്ദർ സിങ് സോജോ ബേബിയെയും പരിശീലിപ്പിച്ചു തുടങ്ങി. എളുപ്പത്തിൽ കുതിരയെ വഴക്കിയെടുത്ത സോജോയെ കുട്ടികളുടെ പരിശീലനവും ഏൽപ്പിച്ചു. പിന്നീട് 11 വർഷം അവിടെ കഴിഞ്ഞു. 2011ൽ കുവൈത്ത് ഇന്റർനാഷനൽ ഹോഴ്സ് കെയർ സെന്ററിൽ കുതിര സവാരി പരിശീലകനായി സോജോ കുവൈത്തിലെത്തി. നിരവധി പ്രാദേശിക അന്തർദേശീയ മത്സരങ്ങളിൽ ഇതിനകം പങ്കാളിയായി. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുക്കുന്നുണ്ട്.
കുവൈത്തിൽ മാത്രമല്ല നാട്ടിലും സോജോ ബേബി പരിശീലന രംഗത്തുണ്ട്. കോലഞ്ചേരി ജേക്കബ്സ് റൈഡിങ് ക്ലബിന്റെ പരിശീലകനാണ് സോജോ. കോവിഡ് കാലത്ത് നാട്ടിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകി. സോജോ ബേബിയുടെ കുതിര സ്നേഹം മക്കൾക്കുമുണ്ട്. മകൻ ജറോൺ എസ്. ബേബി കുവൈത്തിൽ മത്സരത്തിനിറങ്ങി സമ്മാനം നേടിയിരുന്നു. മകൾ ജലയിൻ, ഭാര്യ സ്മിത സ്റ്റീഫൻ എന്നിവരും ഈ ഇഷ്ടത്തിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

