ഇനി അങ്കം വെട്ടാനില്ല; പടനായകൻ യാത്രയായി
text_fieldsശിവദാസൻ ആശാൻ
ഓച്ചിറ: ഓച്ചിറക്കളിയിൽ കിഴക്കേക്കരയെ നയിച്ച പടത്തലവൻ കൊറ്റമ്പള്ളി തോട്ടത്തിൽ തറയിൽ ശിവദാസൻ ആശാൻ (85) യാത്രയായി. 70 വർഷമായി മുടങ്ങാതെ ഓച്ചിറക്കളിയിൽ പങ്കെടുക്കുമായിരുന്നു. ആയിരക്കണക്കിനാളുകളെ കളി അഭ്യസിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓച്ചിറക്കളിയിലും പ്രായത്തിന്‍റെ അവശതകൾ മറന്ന് സഹപടത്തലവനായ ശിവരാമൻ ആശാനൊപ്പം പടനിലത്തെത്തി അങ്കംകുറിച്ചു. എട്ടുകണ്ടത്തിലിറങ്ങി ആശാൻ കൈയും മെയ്യും മറന്നു 18 അടവുകളും ചുവടുകളും കാഴ്ചക്കാർക്ക് സമ്മാനിച്ചു.ഓച്ചിറക്കളിയുടെ കിഴക്കേക്കരയിലെ പടത്തലവനായിരുന്നു. എല്ലാ വർഷവും സഹപടത്തലവൻ ശിവരാമൻ ആശാനുമൊത്ത് അമ്പതോളം യോദ്ധാക്കൾക്കൊപ്പമാണ് ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്.
പരമ്പരാഗത വേഷവും, ആയുധങ്ങളും ഏന്തിയാണ് പട നയിച്ചത്. അകമ്പടിയായി നിരവധി ശിഷ്യരും ഒപ്പമുണ്ടാകും. കോവിഡ് കാലത്ത് ആചാരം മാത്രമായി ഓച്ചിറക്കളി നടത്തിയപ്പോഴും പടത്തലവൻ പോർമുഖത്തുണ്ടായിരുന്നു. പിതാവ്നീലകണ്ഠൻ ആശാനായിരുന്നു ഗുരു. പിതാവിൽനിന്ന് ആയോധന പാടവം സ്വായത്തമാക്കിയ ശിവദാസൻ വളരെ ചെറുപ്രായത്തിൽതന്നെ പിതാവിനൊപ്പം അങ്കംകുറിക്കാൻ പടനിലത്ത് എത്തിയിരുന്നു.
പിതാവിന്റെ മരണശേഷം ശിവദാസൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഓച്ചിറക്കളിയുടെ ധ്വജം ഏറ്റുവാങ്ങി പടനയിക്കുന്നത് ശിവദാസൻ ആശാനും സഹപടത്തലവൻ ശിവരാമൻ ആശാനുമായിരുന്നു. അടവുകളും ചുവടുകളും പിഴക്കാതെ പടനയിച്ച ശിവദാസാൻ ആശാൻ ഇനി ഓർമയിൽ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

