Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഷാലിമാർ ദി മാൻ ഓഫ്...

ഷാലിമാർ ദി മാൻ ഓഫ് അമ്യൂസ്മെന്‍റ്

text_fields
bookmark_border
ഷാലിമാർ ദി മാൻ ഓഫ് അമ്യൂസ്മെന്‍റ്
cancel
ഒരു മും​ബൈ യാത്രയിലാണ് സിൽവർ സ്റ്റോം എന്ന ആശയം പിറവികൊണ്ടത്. ഒരു പുതിയ വിനോദോപാധി എന്നനിലയിൽ അമ്യൂസ്മെന്‍റ് വ്യവസായം കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്ന ദിശാബോധമാണ് ഈ വഴിയിൽ ധൈര്യപൂർവം മുന്നേറാനുള്ള ഊർജമായത്

എ.ഐ. ഷാലിമാർ

ഒപ്പം ഓടുന്നവരുടെ കരുത്തിനെക്കുറിച്ചുള്ള വേവലാതികളല്ല, വേഗവും ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള ഉറച്ച ബോധ്യവുമാണ് ഒന്നാമതെത്താൻ വേണ്ടതെന്ന് എ.ഐ. ഷാലിമാർ എന്ന സ്പോർട്സ്മാന് നല്ല നിശ്ചയമുണ്ടായിരുന്നു. സിരകളിലെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’ തന്‍റെ ബിസിനസ് വഴികളിലും അദ്ദേഹത്തിന് കരുത്തായപ്പോൾ പിറന്നത് മറ്റൊരു ബിസിനസ് വിജയം; ‘സിൽവർ സ്റ്റോം’.

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളികളുടെ ആഘോഷവേളകൾക്ക് ഇടമൊരുക്കിയ പേരാണിത്. കഞ്ചിക്കോട് വിജയകരമായി പ്രവർത്തിച്ച റബർ ഫാക്ടറി വിറ്റൊഴിഞ്ഞപ്പോൾ ആ 27കാരന്‍റെ തലയിലുദിച്ച ആശയമാണ് സിൽവർ സ്റ്റോം എന്ന വാട്ടർ തീം പാർക്കിലും പിന്നീട് ‘സ്നോ സ്റ്റോം’ എന്ന ഗ്ലാമർ പദ്ധതിയിലും എത്തിനിൽക്കുന്നത്. അവിടംകൊണ്ടും തീരുന്നില്ല; കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, ബ്രിട്ടീഷ് ബംഗ്ലാവ്, കൺവെൻഷൻ സെന്‍റർ... സിൽവർ സ്റ്റോമിനെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലതും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികളുടെ പിറകിലാണ് മാനേജിങ് ഡയറക്ടറും ഇന്ത്യൻ അമ്യൂസ്മെന്‍റ് പാർക്ക് അസോസിയേഷന്‍റെ സൗത്ത് ഇന്ത്യ ചെയർമാനുമായ ഷാലിമാർ

മുംബൈ എക്സിബിഷനിൽ ഉദിച്ച ആശയം

വേറിട്ടൊരു ബിസിനസ് സംരംഭം, ഏറെപേർക്ക് തൊഴിൽ ലഭിക്കാവുന്നൊരു സംരംഭം; അങ്ങനെ ഒരാശയത്തിലേക്കായിരുന്നു മനസ്സ് ചലിച്ചതെന്ന് ഷാലിമാർ പറയുന്നു. അറിവും പരിചയവുംവെച്ച് റബർ മേഖലയിൽതന്നെ മറ്റൊരു സംരംഭം തുടങ്ങാമായിരുന്നു. പല സംരംഭങ്ങളെക്കുറിച്ച് കേട്ടും കണ്ടും അറിഞ്ഞു. ഒരു മും​ബൈ യാത്രയിലാണ് സിൽവർ സ്റ്റോം എന്ന ആശയം പിറവികൊണ്ടത്. അന്ന് താമസിച്ച ഹോട്ടലിൽ വന്ന പത്രത്തിൽ ഇന്ത്യൻ അമ്യൂസ്മെന്‍റ് പാർക്കുകളുടെ ഒരു എക്സിബിഷൻ ബോംബെ എക്സിബിഷൻ സെന്‍ററിൽ നടക്കുന്നതായുള്ള പരസ്യം കണ്ണിലുടക്കി.

എക്സിബിഷൻ നടക്കുന്ന തൊട്ടടുത്ത മാസം വീണ്ടും ബോംബെക്ക് വണ്ടികയറി. അന്ന് എക്സിബിഷൻ കണ്ടതോടെ പാർക്കിന്‍റെ സാധ്യത തെളിഞ്ഞുകിട്ടി. മക്കളെയും കൂട്ടി ഇടക്ക് പോകാറുള്ള മറൈൻ ഡ്രൈവിലെ തിരക്കുകളെല്ലാം മനസ്സിലൂടെ ഓടിയിറങ്ങി. പ്രോജക്ടിനെക്കുറിച്ച് ആലോചന നടക്കുമ്പോൾ ഇന്ന് കാണുന്ന പാർക്കുകൾ ഒന്നുമില്ല. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഒത്ത സ്ഥലത്തുതന്നെ നിർമിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനമാണ് ഇന്ന് കാണുന്ന അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, ഡെപ്യൂട്ടി ചെയർമാൻ ടി.കെ. അബ്ദുൽ ഹസീസ്, ഡയറക്ടർമാരായ വി.എ. സിറാജ്, എം.എസ്. ചന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവർ ഷാലിമാറിനൊപ്പം സിൽവർ സ്റ്റോം എന്ന സ്വപ്നസാക്ഷാത്കാരത്തിന് നിലകൊണ്ടു.

സിൽവർ സ്റ്റോം അതിരപ്പിള്ളിയിലേക്ക്

വാട്ടർതീം പാർക്ക് എന്ന സംരംഭത്തെക്കുറിച്ച് തീരുമാനമായപ്പോൾതന്നെ അതിനുള്ള പല സ്ഥലങ്ങളെക്കുറിച്ചും ആലോചനകൾ നടന്നു. ശാന്തവും മനോഹരവുമായ കേരളത്തിൽ വിനോദസഞ്ചാരത്തിന് അനന്ത സാധ്യതയാണുള്ളത്. അമ്യൂസ്മെന്റ് പാർക്കുകളിലേക്ക് അന്ന് ആളുകൾ അത്രമാത്രം ആകർഷിക്കപ്പെട്ടു തുടങ്ങിയിട്ടില്ല. അതിനുള്ള അവസരങ്ങളും കുറവായിരുന്നു. ഒരു പുതിയ വിനോദോപാധി എന്നനിലയിൽ അമ്യൂസ്മെന്‍റ് വ്യവസായം കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്ന ദിശാബോധമാണ് ഈ വഴിയിൽ ധൈര്യപൂർവം മുന്നേറാനുള്ള ഊർജമായത്. ഹൈവേ കേന്ദ്രീകരിച്ച് തുടങ്ങാൻ ആലോചനയുണ്ടായി. എന്നാൽ, കേരളത്തിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന അതേ സർക്യൂട്ടിൽതന്നെ പദ്ധതി തുടങ്ങണമെന്ന ദീർഘവീക്ഷണമാണ് അതിരപ്പിള്ളിയിലെത്തിച്ചത്. അന്ന് മോഹവിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് സിൽവർ സ്റ്റോം നിർമാണം ആരംഭിച്ചത്.

23 വർഷം ഒരുകോടിയിലേറെ സന്ദർശകർ

പതിനഞ്ച് റൈഡുകളുമായി ആരംഭിച്ചതാണ് സിൽവർ സ്റ്റോം. ആദ്യം കുട്ടികളെ ഉദ്ദേശിച്ചായിരുന്നു റൈഡുകളെങ്കിൽ പിന്നീട് യുവാക്കളെയും മുതിർന്നവരെയും ത്രില്ലടിപ്പിക്കുന്ന നിരവധി റൈഡുകൾ കൊണ്ടുവന്നു. ഒരുകോടിയിലേറെയെത്തി ഇക്കാലത്തിനിടെ സിൽവർ സ്റ്റോമിലെ സന്ദർശകർ. അതിരപ്പിള്ളിയിലേക്കുള്ള യാത്ര മാറ്റി സിൽവർ സ്റ്റോമിലേക്ക് മാത്രമായെത്തുന്നവരും നിരവധി. വന്നവർതന്നെ കുടുംബമായി എത്തുന്നതും ഇവിടത്തെ സവിശേഷതയാണെന്ന അനുഭവം മാനേജ്മെന്‍റ് പങ്കുവെക്കുന്നു.

ഇവിടെ സന്ദർശകർ ആസ്വദിക്കുന്ന ത്രില്ലിങ് റൈഡുകളിൽ പലതും ആദ്യമായി കേരളത്തിന് പരിചയപ്പെടുത്തിയത് സിൽവർ സ്റ്റോം ആണ്. ഇന്ന് വിനോദ സഞ്ചാരികളെ ത്രസിപ്പിക്കുന്ന 50ലേറെ റൈഡുകളുണ്ടിവിടെ. വിദേശയാത്രകളിലുടനീളം അവിടെയുള്ള പാർക്കുകളെക്കുറിച്ചും പുതിയ റൈഡുകളെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് സിൽവർ സ്റ്റോം ടീം. അമ്യൂസ്മെന്റ് വ്യവസായ മേഖലയിൽ വിപുലമായ പരിജ്ഞാനവും അനുഭവ സമ്പത്തും ഇതിനോടകം ടീമിന് സ്വന്തമാണ്. ആസ്വാദനത്തിന്‍റെ വ്യത്യസ്ത തലങ്ങളിലുള്ള പുതുപരീക്ഷണങ്ങൾ നടത്തുന്നതും അവ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും ഈ അനുഭവ സമ്പത്തിന്‍റെ പ്രതിഫലനമാണ്.

സ്നോ സ്റ്റോം എന്ന നാഴികക്കല്ല്

കാലത്തോടൊപ്പം ആളുകളുടെ ഉല്ലാസ അഭിരുചികളും പരിഗണനകളും മാറുന്നുണ്ട്. ഈ മാറ്റം ഉൾക്കൊണ്ട് അനുനിമിഷം നവീകരണത്തിനുള്ള നടപടികൾ സിൽവർ സ്റ്റോമിൽ നടക്കുന്നു. അതിന്‍റെ ഉൽപന്നമായിരുന്നു സന്ദർശകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘സ്നോ സ്റ്റോം’. 2017 മേയിലാണ് സിൽവർ സ്റ്റോമിന്‍റെ അഭിമാനപദ്ധതിയായ സ്നോ സ്റ്റോം ഉല്ലാസപ്രിയർക്കായി തുറക്കുന്നത്. 25,000 സ്ക്വയർഫീറ്റിൽ ഒരുക്കിയ വിസ്മയലോകം കാണാനായി മാത്രം നിരവധി പേർ ഇന്ന് ഇവിടേക്ക് എത്തുന്നുണ്ട്.

ആറ് മണിക്കൂറോളം വാട്ടർതീം പാർക്കിലെ ഉല്ലാസവും ഒരുമണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന സ്നോ സ്റ്റോമിന്‍റെ അത്യപൂർവമായ അനുഭവത്തിന്‍റെയും സങ്കലനം സിൽവർ സ്റ്റോമിനെ മറ്റൊരുതലത്തിലേക്ക് ഉയർത്തി. കാര്യമായ പരസ്യപ്രചാരണങ്ങളൊന്നുമില്ലാതെ തന്നെ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയാണ് സ്നോ സ്റ്റോമിന്‍റെ വളർച്ചയെന്നത് അഭിമാനനേട്ടമാണെന്ന് ഷാലിമാർ പറയുന്നു. പ്രളയവും കോവിഡും വിനോദ സഞ്ചാരമേഖലയിൽ ഉണ്ടാക്കിയ തളർച്ചകളെല്ലാം സിൽവർ സ്റ്റോം അതിവേഗം മറികടന്നു. ഈ കാലഘട്ടത്തിൽ 50 ശതമാനത്തിലേറെ ഉയർന്ന സഞ്ചാരികളുടെ വളർച്ച അത് അടിവരയിടുന്നു.

പശ്ചിമഘട്ടത്തിലേക്ക് മിഴിനീട്ടി

ഉല്ലാസത്തിനെത്തുന്നവർക്ക് ദിവസം മുഴുവൻ ആസ്വദിച്ചാലും തീരാത്തത്രയും വിഭവങ്ങളൊരുക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ‘ദി മാൻ ഓഫ് അമ്യൂസ്മെന്‍റ്’ ഷാലിമാർ. സിൽവർ സ്റ്റോമിൽനിന്ന് പശ്ചിമഘട്ടത്തിലേക്കൊരു ആകാശക്കാഴ്ചയെന്ന അത്യപൂർവ കാഴ്ചവസന്തത്തിലേക്ക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്നതാണ് ഈ പദ്ധതി.

ഇതിന്‍റെ അണിയറ പ്രവർത്തനങ്ങളെല്ലാം സജീവമാണ്. സിൽവർ സ്റ്റോം പാർക്കിന്‍റെ ഒരറ്റത്തുനിന്നും മറ്റേ അറ്റംവരെ ഒന്നേകാൽ കിലോമീറ്റർ അകലേക്ക് കേബിൾ കാർ യാത്ര അനുഭവിക്കാൻ സഞ്ചാരികൾക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. അതിരപ്പിള്ളിയുടെ ദൃശ്യഭംഗി ആകാശക്കാഴ്ചയായി സഞ്ചാരികളെ വിസ്മയിപ്പിക്കും. കേബിൾ കാർ യാത്ര അവസാനിക്കുന്നയിടം കാഴ്ചയുടെ മറ്റൊരു ലോകത്തേക്കുള്ള വാതായനം തുറക്കും. 2024 സെപ്റ്റംബറിൽ ഈ വിസ്മയലോകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഒരുക്കാവുന്ന വിധമാണ് അണിയറപ്രവർത്തനങ്ങളെന്ന് ഷാലിമാർ പറഞ്ഞു.

വനത്തിനുള്ളിൽ ഒരു ഗ്രാമം, ബാക്കി സസ്പെൻസ്

കേബിൾ കാറിനൊപ്പം സിൽവർ സ്റ്റോം ഒരുക്കുന്ന സസ്പെൻസാണ് ഫോറസ്റ്റ് വില്ലേജ്. പ്രതീക്ഷക്കപ്പുറത്തെ കാഴ്ചകളുമായാണ് ഫോറസ്റ്റ് വില്ലേജ് അണിയറയിൽ ഒരുങ്ങുന്നത്. ഒന്നേകാൽ കിലോമീറ്റർ വരുന്ന കേബിൾ കാറിന്‍റെ അവസാനം വിസ്തൃതമായ ഫോറസ്റ്റ് വില്ലേജാണ്. പശ്ചിമഘട്ട വനത്തെപ്പോലെ തിങ്ങിനിറഞ്ഞ വനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെ പാർപ്പിക്കുന്ന വിവിധയിനം പക്ഷികളുമായി സന്ദർശകർക്ക് അടുത്തിടപഴകാം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ഒരു മിനി രൂപം ഇവിടെയും കാണാം.

ഇണക്കി വളർത്തുന്ന പക്ഷികളുടെ ലോകവും ഈ വനത്തിന്‍റെ ഭാഗമാണ്. അവയോടൊപ്പം ചെലവഴിക്കാനും ഫോട്ടോയെടുക്കാനും അവസരമൊരുക്കും. പക്ഷികൾ മാത്രമല്ല, മത്സ്യങ്ങളും ഗിനിപ്പന്നികളും ഒട്ടകപ്പക്ഷികളും അനകോണ്ടയുംവരെ ഈ ഫോറസ്റ്റ് വില്ലേജിലെ കാഴ്ചകളാകും. വനവിഭവങ്ങളിൽ ഏറ്റവും സ്വാദൂറുന്ന തേനിന്‍റെ മധുരം ആസ്വദിച്ചാകും ഈ വനത്തിനുള്ളിൽനിന്ന് പുറത്തുകടക്കുക.

അതിരപ്പിള്ളിയിൽ ബ്രിട്ടീഷ് ബംഗ്ലാവ്

അതിരപ്പിള്ളിയിലെത്തുന്നവർക്ക് കാര്യമായ താമസ സൗകര്യങ്ങളില്ലെന്ന യാഥാർഥ്യത്തിൽനിന്നാണ് ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ആശയത്തിന്‍റെ പിറവിയെന്ന് ഷാലിമാർ പറഞ്ഞു. അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് രാജകീയ പ്രൗഢിയിൽ താമസിക്കാനായി സിൽവർ സ്റ്റോം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ബംഗ്ലാവും ഇടംപിടിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള റിസോർട്ടുകൾ 2024ൽ സിൽവർ സ്റ്റോമിന്‍റെ ഭാഗമാകും. 40ഓളം പുതിയ റിസോർട്ടും കൺവെൻഷൻ സെന്‍ററുമാണ് ഈ പദ്ധതിയിൽ. പ്രകൃതിരമണീയവും ശാന്തവുമായ ഒരിടത്ത് പാർട്ടികളും ഈവന്‍റുകളും ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെ നടത്താനുള്ള സൗകര്യം അതിരപ്പിള്ളിയിൽ സിൽവർ സ്റ്റോം ഒരുക്കും.

'വിനോദ സഞ്ചാര ഭൂപടത്തിൽ ഒന്നാമതെത്തും’

വാട്ടർ തീം പാർക്കിന്‍റെ ത്രിൽ, കനത്ത മഞ്ഞുവീഴ്ചയുടെ കുളിരൊരുക്കുന്ന കട്ട ഫൺ, ആകാശക്കാഴ്ചയിലെ പശ്ചിമഘട്ട സൗന്ദര്യം, സ്വച്ഛന്ദതയിലിരുന്നൊരു വനഭംഗിയുടെ ആസ്വാദനം... ഒരു സഞ്ചാരിക്ക് വേണ്ടുന്ന അഭിരുചികളെല്ലാം ഒരുകുടക്കീഴിൽ ഒരുക്കുകയെന്ന ആശയമാണ് മനസ്സിൽ. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ സിൽവർ സ്റ്റോം ഒന്നാമതായി അടയാളമിടും. ഇന്ത്യയിൽതന്നെ ഈ വിനോദോപാധികളെല്ലാം സംഗമിക്കുന്നൊരു അതിമനോഹരമായൊരു ഇടം എന്ന് പറയാൻ മറ്റൊരു സ്ഥലം ഇല്ല. പശ്ചിമഘട്ടത്തിന്‍റെ അരികിൽ പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തി പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാതെയാണ് സഞ്ചാരികൾക്കായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. ഇവിടേക്ക് കടന്നുവരുന്ന ഓരോ സഞ്ചാരിക്കും എന്നും ഓർത്തുവെക്കാവുന്ന നല്ലൊരു നിമിഷം; അതാണ് മനസ്സിൽ വിഭാവനം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver Storm
News Summary - silver storm
Next Story