നാടകം പ്രാർഥനയാക്കിയ പ്രവാസി ഷിജു കലയപുരത്തിെൻറ കലാസപര്യ തുടരുന്നു
text_fields‘നാലാം നാൾ’ എന്ന നാകം
ദമ്മാം: ലോക നാടക ദിനത്തിെൻറ പശ്ചാത്തലത്തിൽ, പ്രവാസത്തിലിരുന്നും നാടകമെന്ന മഹത്തായ കലയെ നെഞ്ചേറ്റുകയാണ് ഷിജു കലയപുരം എന്ന കലാകാരൻ. ദീർഘമായ 16 വർഷത്തെ പ്രവാസ ജീവിതത്തിനിടയിലും ബാല്യത്തിൽ ഉള്ളിൽക്കയറിയ നാടകത്തോടുള്ള അഭിനിവേശം കൈവിടാതെ കാത്തുസൂക്ഷിക്കുകയാണ് ഈ യുവാവ്. 20-ലധികം അമേച്വർ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളും സ്കിറ്റുകളും രചിച്ച ഷിജുവിന് ഓരോ നാടകവും വെറുമൊരു കലയല്ല, മറിച്ച് ഒരു പ്രാർത്ഥന കൂടിയാണ്. കൊല്ലം കൊട്ടാരക്കര കലയപുരം വള്ളക്കടവ് സ്വദേശിയായ ഷിജുവിെൻറ നാടക മോഹങ്ങൾ മൊട്ടിട്ടത് നാട്ടിലെ സെൻറ് മേരി പള്ളിയിലെ ക്രിസ്മസ് നാടകങ്ങൾ കണ്ടായിരുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇടവക വികാരി ഏൽപിച്ച നാടകം അവതരിപ്പിക്കാൻ മുന്നോട്ടുവന്ന ഏഴ് സുഹൃത്തുക്കളെ ഉൾക്കൊള്ളിക്കാൻ, ആറ് കഥാപാത്രങ്ങൾ മാത്രമുണ്ടായിരുന്ന നാടകത്തിൽ പുതിയൊരു കഥാപാത്രത്തെ കൂടി സൃഷ്ടിച്ചുകൊണ്ടാണ് ഷിജു തെൻറ രചനാപാടവം തെളിയിച്ചത്. ഈ ആത്മവിശ്വാസത്തിൽ തൊട്ടടുത്ത വർഷം സ്വന്തമായി നാടകമെഴുതി അവതരിപ്പിച്ച് അദ്ദേഹം കൈയടി നേടി. ശാലോം മാർത്തോമ യുവജന സഖ്യത്തിെൻറ ആർട്സ് വിഭാഗമായ ‘സ്നേഹഗാഥ’യ്ക്ക് വേണ്ടിയാണ് ആദ്യകാല നാടകങ്ങൾ എഴുതിയത്. ബൈബിൾ കഥകളെ ആസ്പദമാക്കി ഷിജു ഒരുക്കുന്ന നാടകങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ പിന്നാമ്പുറ കഥകൾ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളാണ് നാടകങ്ങൾക്ക് ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നത്.
ഷിജു കലയപുരം
കഴിഞ്ഞ വർഷം അൽ ഖോബാറിലെ ‘കനിവ്’ സാംസ്കാരിക വേദി അവതരിപ്പിച്ച ‘നാലാം നാൾ’ എന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടകം ഇതിന് ഉദാഹരണമാണ്. ലാസറിെൻറ കഥ പറഞ്ഞ ഈ നാടകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ ദുബൈ, അബുദാബി, ജിദ്ദ എന്നിവിടങ്ങളിലും ഷിജുവിെൻറ നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഷാർജ ഓർത്തഡോക്സ് ക്രിസ്തീയ യുവജന പ്രസ്ഥാനം നടത്തിയ മത്സരത്തിൽ ഷിജു രചിച്ച് ബിജു കൊട്ടില സംവിധാനം ചെയ്ത ‘ദിവ്യദർശനം’ എന്ന നാടകം ഒന്നാം സമ്മാനം നേടിയിരുന്നു. അന്ന് ഷാർജയിലെ കലാപ്രവർത്തകർ നാട്ടിലെ വീട്ടിലെത്തി ഉപഹാരം കൈമാറിയത് ജീവിതത്തിലെ സന്തോഷമുള്ള ഓർമ്മയായി ഷിജു ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. നിലവിൽ അൽ ഖോബാറിലെ കലാ-സാംസ്കാരിക രംഗത്ത് സജീവമായ ഷിജു, ‘കനിവ്’ കലാവേദിയുടെ പിന്തുണയോടെ പത്തിലധികം നാടകങ്ങളും നിരവധി തെരുവുനാടകങ്ങളും സൗദിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള ഇവരുടെ തെരുവുനാടകങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചു. ‘എനിക്ക് ഓരോ നാടകവും ഓരോ ഓർമ്മയാണ്. നാട്ടിലെ പള്ളിപ്പെരുന്നാൾ ഓർമകളാണ് നാടകങ്ങൾ എനിക്ക് തിരികെ നൽകുന്നത്. എെൻറ നാടകങ്ങൾ എവിടെ അരങ്ങേറുമ്പോഴും മനസ് കൊണ്ട് ഞാൻ ഇടവക പള്ളിയിലെ അൾത്താരയ്ക്ക് മുന്നിലെത്തും. അതുകൊണ്ടാണ് നാടകം എനിക്ക് പ്രാർഥനയാകുന്നത്,‘ -ഷിജു പറയുന്നു. ഏഴ് നാടകങ്ങൾ ഉൾപ്പെടുത്തിയ ‘തസ്കര പുരാണം’ എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു. ഭാര്യ ജിഷാ മാത്യുവും മക്കളായ ഏഞ്ചലാ മറിയം ഷിജുവും ആരിഷ് ജോൺ ഷിജുവും അടങ്ങുന്ന കുടുംബം ഷിജുവിെൻറ എല്ലാ കലാപ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുമായി സൗദിയിൽ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

